Thursday, September 30, 2010

കാത്തിരിപ്പിന്റെ പ്രകാശം


കാത്തിരിപ്പിന്റെ പ്രകാശം
ചെറുകഥ - അശ്വതി. ആര്‍.



വളരെ അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയി. ഒരു മിന്നല്‍ പിണര്‍ പോലെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയുമെല്ലാം മുഖം മനസ്സിലൂടെ ഓടിമറഞ്ഞു,
തകഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അയാള്‍ വീണ്ടുമെന്നോട് ചോദിച്ചു, " നീ എന്റെ കൂടെ വരികയല്ലേ".
അല്ലെന്നു പറയാന്‍ എന്തെ മനസ്സ് കൂട്ടാക്കത്തത്. എനിക്ക് എന്ത് പറ്റി....
ഇനിയുള്ള എന്റെ ജീവിതം....? അച്ഛന്‍ ..? അമ്മ ....? ആകെ അങ്കലാപ്പിലായ മനസ്സില്‍ ഒപ്പം ചോദ്യങ്ങളും ഒരുപാട് ഉയരുകയാണ്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതെ അയാളോടൊപ്പം ഞാന്‍ പടിയിറങ്ങി. അയാള്‍ എന്നിലെന്നുമുണ്ടെന്നു അതിശയത്തോടെ പുകഴ്ത്താറുള്ള സ്വത്വത്തിനു വിപരീതമായി, ഒരു നാണം കുണുങ്ങിയെപ്പോലെ ഞാന്‍ തലതാഴ്ത്തി നടന്നു. ചിന്തകള്‍ മനസ്സിനെ ആലോസരപ്പെടുത്തിയെങ്കിലും, അതില്‍ കണ്ണീരൊഴുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എങ്ങോട്ടെന്ന ലക്ഷ്യം നിര്‍ണയിക്കാന്‍ അയാളെ ചുമതലപ്പെടുത്തിയത് മുതല്‍ക്കു ഞാന്‍ എന്തിന് അതിനെക്കുറിച്ച് വേവലാതിപ്പെടണം?

നാളിത്ര കഴിഞ്ഞിട്ടും, ഇന്ന് ഈ വേശ്യാലയത്തിനു മുന്നില്‍ ലജ്ജയില്ലാതെ ഇരയെത്തേടിയിരിക്കുമ്പോഴും കണ്ണുകള്‍ തിരയുന്നത് അയാളെത്തന്നെയല്ലേ? എല്ലാ ആള്‍ക്കൂട്ടത്തിലും താന്‍ അന്ന് മുതല്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാളെ മാത്രമായിരുന്നില്ലേ? അയാളെ അത്രമേല്‍ സ്നേഹിക്കാന്‍ തനിക്കു ഇപ്പോഴും എങ്ങിനെ കഴിയുന്നു എന്ന അതിശയം മാത്രമാണ് ബാക്കി. ഇല്ല .. അയാള്‍ക്ക്‌ വരാതിരിക്കാന്‍ കഴിയില്ല. അന്ന് എന്റെ നേര്‍ക്കുതിര്‍ത്ത ചോദ്യത്തിലൊളിഞ്ഞ് നിന്ന അതേ ആത്മവിശ്വാസത്തോടെ അയാള്‍ ഒന്ന് കൂടി വിളിക്കും. തന്നെ കൊണ്ട് പോകും.
കറുത്ത മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു പ്രകാശത്തിന്റെ കീറല്‍ എത്തിനോക്കിയോ?

Thursday, September 2, 2010

ആവേശവും ആഹ്ലാദവും അലയടിച്ച ഓണാഘോഷം

ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാഘോഷ പരിപാടികള്‍ ഇക്കൊല്ലവും അതിഗംഭീരമായി തന്നെ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു.

ഓണപ്പൂക്കള മത്സരം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ ക്ലാസുകളും ആവേശത്തോടെ ഏറ്റെടുത്ത പൂക്കള മത്സരത്തില്‍, പൂക്കളുടെ വൈവിധ്യം കൊണ്ടും നാടന്‍പൂക്കളുടെ സമൃദ്ധി കൊണ്ടും കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന പ്ലസ് ടു സയന്‍സ് ബി ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്ലസ് ടു സയന്‍സ് എ ബാച്ചിനാണ് രണ്ടാം സ്ഥാനം. ഇരു ക്ലാസ്സുകളും പച്ചക്കറികള്‍ കൊണ്ടും തേങ്ങ കൊണ്ടും ഒരുക്കിയ പൂക്കളങ്ങള്‍ കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

പൂക്കള മത്സരത്തിനു ശേഷം നടന്ന ഓണപ്പാട്ട് മത്സരം പാട്ടുകളുടെ വൈവിധ്യം കൊണ്ടും സംഘാടനം കൊണ്ടും കുറ്റമറ്റതായി. മുഴുവന്‍ ക്ലാസുകളും വാശിയോടെ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് എ ബാച്ച് ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് ബി ബാച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന യു. പി. വിഭാഗം കുട്ടികള്‍ക്കുള്ള ബലൂണ്‍ പൊട്ടിക്കല്‍ ആവേശവും കൌതുകവും വിതറി.
ഒനാഘോഷത്തിലെ അവിസ്മരണീയ ഇനമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ കമ്പവലി മത്സരം. ആവേശം വാരിവിതറിയ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫൈനല്‍ റൌണ്ടില്‍ പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥിനികള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസിനെ 3 : 2 നു കീഴടക്കി ഒന്നാം സ്ഥാനം നേടി.






തുടര്‍ന്ന് നടന്ന യു. പി, ഹൈസ്കൂള്‍ വിഭാഗം കസേരക്കളിയും കുട്ടികളെ ആവേശഭരിതരാക്കി.






ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അധ്യാപകരുടെയും പി. ടി. എ യുടെയും വകയായി പാല്‍പ്പായസം തയ്യാറാക്കി വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Wednesday, September 1, 2010

മഞ്ഞുമലയില്‍ നിന്നൊരു കത്ത്.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് വ സയന്‍സ് എ

ജമ്മു,
28 .02 .2006.
ഉമ്മ,
ഞാന്‍ നാളെ വരും.
ബഷീര്‍.

"പടച്ചോന്‍ എന്റെ വിളി കേട്ട്." ആമിനുമ്മ കണ്ണ് തുടച്ചു. എവിടെയോ ഏതൊക്കെയോ ചില പട്ടാളക്കാര്‍ കൊല്ലപ്പെട്ടൂന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ മനസ്സിലെ ആധി. അവന്‍ പെട്ടെന്നിങ്ങെത്തിയാല്‍ മതി.

കുട്ടിക്കാലം മുതല്‍ക്കേ തോക്കുകളോടായിരുന്നു അവന് പ്രിയം. അവന്റെ ബാപ്പ മരിച്ചതും അതിര്‍ത്തിയിലെ ഏതോ പൊട്ടിത്തെറിയില്‍ തന്നെ. അതോര്‍ക്കുമ്പോള്‍ ഒരാളലാണ് മനസ്സില്‍. അതുകൊണ്ട് തന്നെയാണ് പട്ടാളത്തില്‍ ചേരാനൊരുങ്ങിയപ്പോള്‍ ബഷീറിനെ തടഞ്ഞതും.
"ഉമ്മാ, ധീരന്മാര്‍ക്കു ഒരിക്കലെ മരണമുള്ളൂ. നാടിനു വേണ്ടി ജീവന്‍ ബലികഴിച്ച ബാപ്പാടെ മോനാ ഞാന്‍". അവന്റെ വാക്കിലെ ഉറപ്പ് തന്റെ സംശയങ്ങളെ അലിയിച്ചു കളഞ്ഞു.

രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ കുറുനരികള്‍ ഓലിയിടാന്‍ തുടങ്ങി. മഴയുടെ താളം തെറ്റിച്ചു കൊണ്ട് വാതിലില്‍ മുട്ടുകേട്ടു.
"ഉമ്മാ..." ബഷീര്‍ വിളിച്ചു.
"ന്റ മോനെ ... നിന്നെയൊന്നു കാണാന്‍ എത്ര നാളായി ഞാന്‍ കാത്തിരിക്ക്ന്ന് "
ഉമ്മ അടുത്തു ചെന്നപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി. "ഞാനൊന്ന് കുളിക്കട്ടെ ഉമ്മാ"
നേരം വെളിത്തപ്പോഴും മഴയുടെ ഇരമ്പല്‍ നിലച്ചിരുന്നില്ല.
" ഉമ്മാ .. ഞാന്‍ പള്ളീപ്പോണ്" ബഷീര്‍ പറയുന്നത് കേട്ടു. ഉമ്മറത്ത് ചെന്ന് നോക്കിയപ്പോള്‍ അവന്‍ മഴയില്‍ മറഞ്ഞു മറഞ്ഞു പോകുന്നു. അകത്തു അവന്‍ കൊണ്ട് വന്ന ബാഗും സാധനങ്ങളുമൊന്നും കാണുന്നില്ല.
ആമിനുമ്മാ.......... ആമിനുമ്മാ.......... " അയല്‍പക്കത്തെ ഖദീജ നനഞ്ഞൊലിച്ചു ഉമ്മറത്ത് നില്‍ക്കുന്നു. കൈയ്യില്‍ ചുരുട്ടി പ്പിടിച്ച പത്രം.
"ഉമ്മാ.." അവള്‍ കരയുന്നുണ്ടായിരുന്നു.
എന്തിനാണ് രാവിലെതന്നെ ഇവള്‍ സങ്കടപ്പെടുന്നത്?
മഴവെള്ളവും കണ്ണീരും ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്താതെ തന്നെ അവള്‍ പത്രം ഉമ്മയുടെ നേരെ നീട്ടി. കറുപ്പിന്റെ കനപ്പില്‍ പൊങ്ങിനിന്ന വാര്‍ത്ത ഉമ്മ ഇങ്ങനെ വായിച്ചു.
കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും.
ജമ്മു: ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച നാല് ജവാന്മാരെയും തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളത്തെ വടക്കേ പറമ്പത്ത് ബഷീറാണ് .......
അലറിക്കരയുന്ന മഴയ്ക്കൊപ്പം ബഷീറിന്റെ വിറയാര്‍ന്ന ശബ്ദം തനിയ്ക്ക് ചുറ്റും മുഴങ്ങി ക്കൊണ്ടിരിക്കുന്നത് ആമിനുമ്മ വ്യക്തമായും കേട്ടു. " ഉമ്മാ ..ഉമ്മാ..."

Tuesday, August 31, 2010

എന്നില്‍ നഷ്ടപ്പെട്ടത്


എന്നില്‍ നഷ്ടപ്പെട്ടത്.
കവിത: ജിജിന. കെ, പ്ലസ് ടു സയന്‍സ് എ ബാച്ച്
എന്താണ് ആദ്യം വറ്റിവരണ്ടത്?
വരണ്ടുണങ്ങിയ ഓര്‍മ്മകളെ ഞാന്‍ ചികഞ്ഞു തുടങ്ങി.
ഞാന്‍ കല്ലെറിഞ്ഞു കളിച്ച കുളമാണോ? അതോ -
എന്റെ ബാല്യത്തിനു തുണയായ പുളിമാവിന്‍ തണലോ?
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വരണ്ട കണ്ണുകളോട്
ചോദിക്കാന്‍ ഭയം തോന്നിയെനിക്ക്.
ലഹരി തുഴഞ്ഞു വരുന്ന
അച്ഛന്റെ വയറുമാത്രം നിറഞ്ഞു നിന്നു.
തെറിവിളികള്‍, വിശപ്പ്‌ ....
മറ്റൊന്നും ഓര്‍മ്മയിലില്ല
വിണ്ട കല്‍ഭിത്തികളിലൂടെ പടര്‍ന്നു
അമ്മയുടെയും എന്റെയും ജീവനുമേല്‍
അവ നിഴലുകളായി

ഇന്ന്
താറിട്ട നാട്ടുറോഡിലൂടെ വരുമ്പോള്‍
ഞാന്‍ കണ്ട അശരണയായ വൃദ്ധ,
പിഞ്ചു ശരീരത്തിനുമേല്‍ ആര്‍ത്തിയോടെ ചിറി
നുണഞ്ഞിരിക്കുന്ന പട്ടികള്‍ ....
ഒന്നിനെയും ഞാന്‍ നോക്കിയില്ല.
ഫുട്ബോള്‍ മാച്ച് തുടങ്ങാന്‍ നേരമായി.
വരണ്ടുണങ്ങിയ പാടത്തെത്തിയപ്പോള്‍
ഉത്തരം കിട്ടിയ മനസ്സ് ഉള്ളില്‍ മന്ത്രിച്ചു,
വറ്റി വരണ്ടത് നിന്റെ മനുഷ്യത്വമത്രേ
കരിഞ്ഞുണങ്ങിയത് ലോകത്തിന്റെ മാനവികതയും.

Monday, August 30, 2010

ഹരിത വിസ്മയവുമായി മാടായിപ്പാറയില്‍

നഗരത്തിന്റെ നരച്ച കാഴ്ചകളില്‍ നിന്നും പച്ചപ്പിന്റെ അനുപമസൌന്ദര്യത്തിലേക്കുള്ള ഒരു രക്ഷപ്പെടലിനും പ്രകൃതിയിലെ അറിവിന്റെ ഖനികളില്‍ നിന്നും തിരിച്ചറിവ് സ്വായത്തമാക്കുന്നതിനും വേണ്ടിയാണു പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മാടായിപ്പാറയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ജൈവ വൈവിധ്യക്കലവറയായ മാടയിപ്പാറയിലേക്കുള്ള യാത്ര.

രാവിലെ പതിനൊന്നരയോടെ മാടായിപ്പാറയിലെത്തിയ സംഘത്തെ വരവേറ്റത് പച്ചപുതച്ച പാറപ്പുറങ്ങളും കാക്കപ്പൂക്കളുടെ പുഞ്ചിരിയുമാണ്. വാലിസ് നേരിയ എന്ന ചെറുജല സസ്യത്തില്‍ തുടങ്ങി ഡ്റൊസീറ, ചൂതപ്പൂ, കൃഷ്ണപ്പൂ, ഡെസ്മോഡിയ, പാറമുള്ള് മുതലായ വൈവിദ്യ പൂര്‍ണമായ സസ്യങ്ങള്‍ വഴിയിലുടനീളം കാഴ്ചവിരുന്നൊരുക്കി നിന്നു. മാടായിപ്പാറയില്‍ മാത്രമായി കാണപ്പെടുന്ന ഒരപൂര്‍വ സസ്യവിഭാഗമാണ്‌ പാറമുള്ള്. മാടായിപ്പാറയുടെ ഹൃദയത്തോട് പറ്റിച്ചേര്‍ന്നു ഈ സവിശേഷ സസ്യം പരന്നു കിടക്കുകയാണ്.

മാടായിക്കാവിന്റെ കുളിര്‍മയിലെക്കാണ് തുടര്‍ന്ന് സംഗം ഊളിയിട്ടത്. നിറകുലകളുമായി കാവില്‍ പടര്‍ന്നു നിന്നിരുന്ന മുന്തിരിവള്ളി ഏറെ അത്ഭുതമുണര്‍ത്തി. മുന്തിരിയുടെ നാടന്‍ തരമായിരുന്നു അത്. അതില്‍ നിന്നും ആണ് ഇന്ന് വിപണി യിലെത്തിനില്‍ക്കുന്ന മുന്തിരി വികസിപ്പിച്ചെടുത്തത്. ഹുഗോനിയ, കായാമ്പൂ, ചിറ്റമൃത് ..... കാവിന്റെ ഹരിത സസ്യ സമ്പത്ത് അങ്ങിനെ നീളുന്നു. കാവിന്റെ ഹരിതഛായയില്‍ നിന്നും പാറയുടെ പച്ചപ്പട്ടിലേക്ക് ഞങ്ങള്‍ വീണ്ടും കടന്നു.

പാറകളില്‍ സമൃദ്ധമായി കാണുന്ന ഒരു പ്രത്യേക ചെടിയാണ് ലൈക്കന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സസ്യങ്ങളല്ല. പൂപ്പല്‍ പോലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചു കൊണ്ട് ഇവ പുതിയ വാസസ്ഥലങ്ങള്‍ തേടുന്നു. പൂക്കളുടെ സമൃദ്ധിയാണ്‌ മാടായിപ്പാറയെ ഏറെ ആകര്‍ഷകമാക്കുന്നത്. നാട്ടില്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാക്കപ്പൂവും കൃഷ്ണപ്പൂവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

അക്കേഷ്യാ മരങ്ങളുടെ തണലിലെ ഊണിനു ശേഷം, മാടായിപ്പാറയുടെ വിസ്മയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ചൈനക്ലേ കമ്പനി ഖനം നടത്തുന്ന പ്രദേശങ്ങള്‍ കാണാനാണ് പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ സാക്ഷ്യപത്രമായി മാടായിപ്പാറയുടെ മാറിലെ വിള്ളലുകള്‍ കുട്ടികളുടെ മനസ്സില്‍ ചോരവാര്‍ന്നു നിന്നു. പച്ചപ്പിന്റെ താഴ്വാരത്തില്‍ ചുമപ്പും മഞ്ഞയും നിറങ്ങള്‍ നിറച്ച് ചൈനക്ലേ സ്ഥലം അനൌചിത്യം പോലെ മുന്നില്‍ വൃത്തികേടുകള്‍ കാട്ടി നിന്നു. ചിലപ്പോള്‍ ഈ ജൈവ വൈവിധ്യക്കലവറയെ നാളെ നാമാവശേഷമാക്കുക ഈ കമ്പനിയായിരിക്കും.

ഈ യാത്രയില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സവിശേഷമായ ഒരു 'ഉപഹാരവും' ലഭിച്ചു. നായയുടെതെന്നു തോന്നിക്കുന്ന ഒരസ്ഥികൂടം. ശാസ്ത്ര കൌതുകം തുടിക്കുന്ന കണ്ണുകളുമായി ഞങ്ങള്‍ അതിനു ചുറ്റും കൂടി. ഒടുവില്‍ കൂടുതല്‍ പഠനത്തിനായി അത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു. മാടായിപ്പാറയുടെ അപൂര്‍വ്വ സമ്മാനമായി ആ അസ്ഥികൂടം സ്കൂള്‍ ലാബില്‍ ഇടംപിടിച്ചു.

വേനല്‍ ക്കാലത്തും ജല സമൃദ്ധിയോടെ നില്‍ക്കുന്ന വടുകുന്ദ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ എന്നത് മറന്നു എല്ലാവരും വടുകുന്ദതടാകത്തിന്റെ ഓളങ്ങളില്‍ കാലിട്ടടിച്ച്‌ രസിച്ചു. അപ്പോഴേക്കും സൂര്യന്‍ ദൂരെ എഴിമലക്ക് താഴേക്കു മറയാന്‍ തുടങ്ങിയിരുന്നു. മാടായിപ്പാറ പകര്‍ന്നു നല്‍കിയ പുത്തനറിവുകളുമായി കുട്ടികള്‍ മലമുകളിലെ ആ 'സൌന്ദര്യ തീരത്തോട് ' വിടപറഞ്ഞു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് :അമ്പിളി. കെ.

Sunday, August 22, 2010

ചലച്ചിത്രോത്സവം


ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളുടെ പഠന മേഖലയില്‍ പ്രധാനപ്പെട്ട ഒന്നായ, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആഗസ്ത് 13 , 14 തീയ്യതികളില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ചലച്ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തിരക്കഥകള്‍ പരിചയപ്പെടല്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.ഫീച്ചര്‍ / ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സത്യജിത്ത് റായി യുടെ 'പാഥേര്‍ പാഞ്ചലി', എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍', ചാപ്ലിന്റെ 'ദ കിഡ് ', എം. ആര്‍. ശശിധരന്റെ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ശബ്ദങ്ങള്‍', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ് ', ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' ( രണ്ടും 'കേരള കഫെ' എന്ന സിനിമയിലേത്‌ ) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

Wednesday, August 18, 2010

വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ചിന്തകളില്‍



മാനവ വംശത്തിനു മേല്‍ യുദ്ധം വരുത്തിവെച്ച ഭീകര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിയും യുദ്ധത്തിനെതിരായ മനോഭാവം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും അനുസ്മരിച്ചു.
സ്കൂളിലെ മുഴുവന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കി. പോസ്റ്ററുകളുടെ പ്രദര്‍ശനം ഹിരോഷിമാ ദിനത്തിന് സ്കൂള്‍ ഹാളില്‍ ഒരുക്കി. പോസ്റര്‍ പ്രദര്‍ശനം ശ്രീ അക്ബര്‍ കക്കട്ടില്‍, യു. കെ. കുമാരന്‍. ശത്രുഘ്നന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുദ്ധ വിരുദ്ധ ചലച്ചിത്രമായ നൈറ്റ്‌ & ഫോഗ് ( ഹിറ്റ്ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന, മനുഷ്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൊടും ക്രൂരതകളുടെ മുഖം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ) ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ സമാധാന സന്ദേശമായ സുഡാക്കോ കൊറ്റികള്‍ കുട്ടികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രിസിപ്പാള്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

യുദ്ധവിരുദ്ധ പരിപാടികള്‍ക്ക് അശോകന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Tuesday, August 17, 2010

കഥകളുടെ കൌതുകം നുണഞ്ഞ് ഒരു ദിവസം



കഥയുടെ പുതിയ കാലത്തെ കുലപതികളുമായി സംസാരിച്ചിരിക്കാന്‍ നേരം കിട്ടിയ ത്തിന്റെ ആഹ്ലാദത്തിലാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ സാഹിത്യ തത്പരരായ വിദ്യാര്‍ഥനികള്‍. മലയാളത്തിലെ പേരെടുത്ത മൂന്ന് കഥാകൃത്തുകളാണ് ആഗസ്ത് ആറാം തീയ്യതി സ്കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകകഥകളിലൂടെ അവരുടെ പ്രിയപ്പെട്ട കഥാകൃത്തായ ശ്രീ അക്ബര്‍ കക്കട്ടില്‍, മലയാളത്തിലെ ഒട്ടനവധി മികച്ച കഥ കളുടെ സൃഷ്ടാവായ യു. കെ. കുമാരന്‍, കഥാകൃത്തും മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുമായ ശത്രുഘ്നന്‍ എന്നിവരാണ് ആഗസ്ത് ആറ് വെള്ളിയാഴ്ച സ്കൂളിലെത്തിയത്.

സ്കൂളിലെത്തിയ തനിക്കു മുറ്റത്ത് നിരനിരയായി നിര്‍ത്തിയിട്ട കുട്ടികളുടെ സൈക്കിള്‍ കണ്ട് പുതിയ ഒരു തിരക്കഥയ്ക്കുള്ള പ്ലോട്ട് മനസ്സിലേക്ക് ഓടിയെത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശത്രുഘ്നന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എഴുത്ത് അനുഭവങ്ങളില്‍ നിന്ന് രൂപമെടുക്കുമ്പോള്‍ തന്നെ അത് ഭാവനയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും എന്തെന്തു രൂപമാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഒന്‍പതാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള മടുത്ത കളി എന്ന കഥയുടെ അനുഭവ പശ്ചാത്തലം വിവരിച്ചു കൊണ്ട് അനുഭവങ്ങളുടെ കരുത്ത് എങ്ങിനെ സാഹിത്യത്തിനു ചൂരും ചൂടും നല്‍കുന്നു എന്ന് യു. കെ. കുമാരന്‍ വിശദമാക്കി. തന്റെ രസകരമായ ശൈലിയിലൂടെ കുട്ടികളെ രസിപ്പിച്ചു മുന്നേറിയ അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും വ്യത്യസ്തതയിലാണ് ഊന്നിയത്. ഒരേ വിഷയം തന്നെ കഥയ്ക്കായി സ്വീകരിക്കുമ്പോഴും വരുന്ന ശൈലീപരമായ വ്യത്യസ്തതയുടെ തലങ്ങള്‍ അദ്ദേഹം കഥകള്‍ ഉദാഹരണമാക്കി ത്തന്നെ വിശദീകരിച്ചു.

മൂന്നു എഴുത്തുകാരുടെയും ആമുഖ ഭാഷണത്തിന് ശേഷം കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായിരുന്നു. എഴുത്ത് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. വളരെ രസകരമായി അതിനു മറുപടി പറഞ്ഞ ശത്രുഘ്നന്‍ തന്റെ വ്യക്തിപരമായ ഒരനുഭവം പങ്കുവെച്ചു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ കുശുകുശുക്കുന്ന ഒരു കാര്യം താന്‍ കഥയാക്കി അഭിമാനത്തോടെ തന്റെ ചെറിയമ്മയെ കാണിച്ചു. അതു വായിച്ച ചെറിയമ്മ പൊട്ടിക്കരയുകയാണുണ്ടായത്. ചെറിയമ്മയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു മോശം സംഭവമാണ് താന്‍ കഥയാക്കി കൊണ്ട് വന്നത്. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും താന്‍ കഥ എഴുതുകയില്ലെന്ന്. പിന്നീട് നന്തനാരാണ് ഗോവിന്ദന്‍കുട്ടി എന്ന പേരില്‍ താന്‍ കഥ എഴുതേണ്ട, 'ശത്രുഘ്നന്‍' എന്നപേര് സ്വീകരിച്ച് എഴുതിക്കോളൂ എന്ന് വിദ്യ പറഞ്ഞു തന്നത്. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള തന്റെ 'മടുത്ത കളി' എന്ന കഥയുടെ പിന്നിലെ അനുഭവത്തെ വിശകലനം ചെയ്തുകൊണ്ടാണ് യു. കെ. കുമാരന്‍ എഴുത്തും അനുഭവവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ശ്രമിച്ചത്‌. വളരെ കാല്പനികമായി മാത്രം കാര്യങ്ങളെ കാണുന്നതില്‍ നിന്ന് പുതിയ എഴുത്തുകാര്‍ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്? ഇന്നത്തെ എഴുത്തുകാരന്‍ സമൂഹത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? ഈ ചോദ്യത്തിന് അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും രചനാപരമായ പ്രത്യേകതകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. അധ്യാപക കഥകളില്‍ എത്രമാത്രം സത്യമുണ്ട് എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് അറിയാനുണ്ടായിരുന്നത്. താന്‍ നിത്യം ഇടപെട്ടു കൊണ്ടിരിക്കുന്ന അദ്ധ്യാപഹയന്‍മാരും പഹച്ചികളും കുട്ടികളും കഥകളുടെ ഭണ്ഡാരമാണ് എന്ന് പറഞ്ഞു കൊണ്ട് അക്ബര്‍ മാഷ്‌ തന്റെ ചില അനുഭവ കഥകള്‍ കൂടി അയവിറക്കുകയുണ്ടായി.

ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന സ്വപ്നസമാനമായ അനുഭവമാണ് തങ്ങള്‍ക്ക് ഇതെന്നാണ് പരിപാടിക്ക് നന്ദി പറഞ്ഞ അമ്പിളി ഈ 'സാഹിത്യ സംവാദത്തെ' വിലയിരുത്തിയത്.

Friday, July 16, 2010

ബഷീര്‍ സ്മരണയില്‍ ഒരു ദിനം


അനുഭവങ്ങളെ കടഞ്ഞെടുത്ത് ഉദാത്തമായ കലാശില്പങ്ങളൊരുക്കിയ മലയാളത്തിലെ പ്രിയ കഥാ കാരനെ അനുസ്മരിച്ചു കൊണ്ട് പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കെന്റരി സ്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ സ്മരണ പുതിയൊരു അനുഭവമായി.
ബഷീറിന്റെ വ്യക്തിത്വത്തെയും സാഹിത്യത്തെയും സമഗ്രമായി പരിചയപ്പെടുത്തി, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. വി. പി. പി. മുസ്തഫ പ്രഭാഷണം നടത്തി.


ബഷീറിന്റെ കഥാസാഹിത്യം അനുഭവങ്ങളുടെ മൂശയില്‍ നിന്നുമാത്രം വാര്ന്നു വീണതുകൊണ്ട് അവയ്ക്ക് നവോത്ഥാന കാഥികരുടെ രചനാശൈലിയില്‍ നിന്നും ഒട്ടു വളരെ വ്യത്യസ്തതക കാണാമെന്നും അതാണ് ബഷീറിന്റെ പ്രതിഭയുടെ കൈയൊപ്പെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തിഗതമായ പ്രതിഭയെ സാമൂഹിക മുന്നേറ്റത്തിന്റെ ഊര്‍ജമാക്കി മാറ്റിയവരാണ് നമ്മുടെ നവോത്ഥാന എഴുത്തുകാര്‍. അക്കൂട്ടത്തില്‍ സാഹിത്യത്തെ മൌലികമായ പ്രതിഭയുടെയും സാമൂഹിക വീക്ഷണത്തിന്റെയും അരം കൊണ്ട് രാകി മൂര്‍ച്ചയുള്ള രചനകളാക്കി മാറ്റുന്നതില്‍ ബഷീറിനു പ്രത്യേകമൊരു നൈപുണി തന്നെയുണ്ടായിരുന്നു. ബഷീറിന്റെ പ്രധാന കഥാപത്രങ്ങലെല്ലാം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു. കള്ളന്മാര്‍, തെരുവ് തെണ്ടികള്‍, വേശ്യകള്‍, വിരൂപര്‍, അംഗ വൈകല്യം ഉള്ളവര്‍ എന്നിവരക്കെല്ലാം തന്റെ കഥ ലോകത്തില്‍ ബഷീര്‍ ഉന്നതസ്ഥാനമാണ് നല്‍കിയത്. ബഷീര്‍ ഉയര്‍ത്തിപ്പിടിച്ച മതബോധം പോലും പുരോഗമനാത്മകമായിരുന്നു. സങ്കുചിത മതബോധത്തിന്റെ അടരുകളിലാളല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം കെട്ടിപ്പൊക്കപ്പെട്ടത്. അനല്‍ഹഖ് എന്നോ അഹം ബ്രഹ്മാസ്മി എന്നോ നിങ്ങള്‍ പേരിട്ടുവിളിക്കുന്നത് അദ്ദേഹത്തിനു ഒന്ന് തന്നെയായിരുന്നു. ബഷീറിന്റെ ജീവിത കാഴ്ചപ്പാട്, രചനാ ശൈലി, പ്രപഞ്ച ബോധം ഇക്കാര്യങ്ങളെ ക്കുറിച്ചും, ബഷീറിന്റെ സാഹിത്യത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തി വച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു.

തുടര്‍ന്നു ബഷീറിന്റെ ജീവിതത്തെക്കുറിച്ച് സമഗ്രമായ ദര്‍ശനം ലഭിക്കുന്ന എം. ആര്‍. ശശിധരന്റെ 'ശബ്ദങ്ങള്‍ ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

Thursday, July 1, 2010

അറിവിന്റെ തിരിനാളങ്ങളുമായി പ്ലസ് വണ്‍ പ്രവേശനോത്സവം.




പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരെ വളരെ ആവേശത്തോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ വരവേറ്റത്. പരിപാടിയുടെ സംഘാടകരും അവതാരകരുമെല്ലാം വിദ്യാര്‍ഥിനികള്‍ തന്നെയായിരുന്നു.
മെഴുകുതിരിയില്‍ പൂര്‍ണതയുടെ പ്രതീകമായ അഗ്നി തെളിയിച്ചു കൊണ്ട് മുഴുവന്‍ വിദ്യാര്‍ഥിനികളും അറിവിന്റെ തിരിനാളങ്ങള്‍ ഹൃദയത്തിലേക്കാവാഹിച്ചു. വെളിച്ചം വിതറുന്ന മുഖത്തോടെ മെഴുകുതിരികളുമായി വിദ്യാര്‍ഥിനികള്‍ അണിനിരന്നപ്പോള്‍ അത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരു അനുഭവമായി. ഒദ്യോഗികമായ ചടങ്ങുകള്‍ക്ക് ശേഷം വേദിയുടെ പൂര്‍ണ നിയന്ത്രണം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ ഏറ്റെടുത്തു. വിദ്യാര്തിനികളുടെ സംഘാടന മികവ് പരിപാടി യിലുടനീളം പ്രകടമായിരുന്നു.
സംഗീതത്തിന്റെയും ഫുഡ് ബോള്‍ ആവേശത്തിന്റെയും പൊട്ടിച്ചിരികളുടെയും അലകളുതിര്‍ന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. നമ്മുടെ പൈതൃകം വിളിച്ചോതുന്ന നാടന്‍ പാട്ടുകള്‍ മുതല്‍ പാശ്ചാത്യ സംഗീത ലോകത്തിന്റെ ലഹരിയായ 'വക്കാ വക്കാ' വരെ അരങ്ങരിയ പരിപാടികള്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ്‌ അവസാനിച്ചത്‌. ഒരു കാലത്ത് പുതിയ വിദ്യാര്‍ഥികളെ ഒരുപാട് ഭയപ്പെടുത്തിയ റാഗിങ്ങിനെയൊക്കെ കാറ്റില്‍ പറത്തിയ പരിപാടികള്‍ സ്കൂളിന്റെ ഐക്യവും പരസ്പര സഹകരണവുമാണ് വെളിവാക്കിയത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. രാജേഷ്‌ കുമാര്‍. ആര്‍, പ്രധാനാധ്യാപിക ജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Friday, June 4, 2010

ഭൂമിരോദനം



കൂട്ടരേ നോക്കുവിന്‍ നമ്മുടെ ഭൂമിതന്‍
ദേഹമിന്നെത്ര മലിനമായ്
നമ്മുടെ കയ്യുകളീനല്ലഭൂമിയെ
കാര്‍ന്നു കാര്‍ന്നങ്ങു ഭുജിക്കയാണ്.
സസ്യങ്ങള്‍ തിങ്ങി നിറഞ്ഞൊരു ഭൂമിയോ
പണ്ടെത്ര സുന്ദരിയായിരുന്നു.
എങ്കിലിന്നാക്കഥയൊക്കെ മാറി
ഭൂമിതന്‍ മൃത്യുവടുത്തുവല്ലോ.
കാശിന്നു പിന്നാലെപായുംമനുജരോ
മാമാരമെല്ലാമറുത്തെടുത്തു
ജീവജലമോ നമുക്ക് തരും പുഴ
പാടേ വരണ്ടങ്ങു നിശ്ചലമായ്‌
മണലിന്നുവേണ്ടിയാ പാവംപുഴകളെ
കുരുതി കൊടുത്തവര്‍ കാശുവാരി
കുന്നുകളൊക്കെയിടിച്ചവര്‍ നമ്മുടെ
പാടങ്ങളൊക്കെ നികത്തി പിന്നെ
ഓര്‍ക്കുകമാനവ നീ ചെയ്തതൊക്കെയും
നല്ലതാണെന്നു ധരിക്കരുതേ
കുന്നുകള്‍ കാവുകള്‍ പാടങ്ങളൊക്കെയും
മണ്‍മറഞ്ഞില്ലേയീ ചെയ്തികളാല്‍
ഇങ്ങനെ പോവുകയാകിലോ വൈകാതെ
ഭൂമി മരുഭൂമിയായിടുമേ !!

"ഭൂമിരോദനം - അര്‍ച്ചന .പി.കെ. എട്ട്. ബി."


സ്കൂളില്‍ ജൂണ്‍ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു രചിക്കപ്പെട്ട കവിതകളില്‍ ഒന്നാണ് മുകളില്‍ നല്‍കിയത്. പാരിസ്ഥികമായ അവബോധം നമ്മുടെ കുട്ടികളില്‍ എത്രമാത്രം ശക്തമാണെന്ന് രചിക്കപ്പെട്ട കവിതകളില്‍ നിന്ന് തൊട്ടറിയാമായിരുന്നു. കവിതകള്‍ ഉള്‍പ്പെടുത്തിയും മറ്റും തയ്യാറാക്കിയ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും കുട്ടികളില്‍ ആവേശമുണ്ടാക്കിയിരുന്നു. പല ജീവികള്‍, ഒരു ഗ്രഹം, ഒരൊറ്റ ഭാവി എന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്ത തിരിച്ചറിഞ്ഞു തയ്യാറാക്കിയ പോസ്റ്ററുകളില്‍ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അത് നശിപ്പിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠയും പ്രകടമായിരുന്നു. ഓരോ ക്ലാസ്സില്‍ നിന്നും അഞ്ചും ആറും പോസ്റ്ററുകള്‍ കുട്ടികള്‍ തയ്യാറാക്കിയിരുന്നു.

ഒന്‍പതാം തരാം വരെയുള്ള കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. രാവിലെ നടന്ന സ്കൂള്‍ പ്രത്യേക അസ്സംബ്ലിയില്‍ അധ്യാപകര്‍ക്ക് പുറമേ അമ്പിളി, ഷാന എന്നീ വിദ്യാര്‍ഥികളും സംസാരിച്ചു. സ്കൂള്‍ ശുചീകരണം നല്ല രീതിയില്‍ നടന്നു. ഉച്ചയ്ക്ക് ശേഷം ജൈവ വൈവിധ്യത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി അധ്യാപകനായ സുരേന്ദ്രന്‍ മള്‍ട്ടിമീഡിയയുടെ സഹായത്തോടെ ക്ലാസ് നല്‍കി.

Thursday, June 3, 2010

ജീവന്റെ കൈയൊപ്പ്



നാം ആഹരിക്കുന്നവയാണ് നമ്മുടെ ശരീരമായി രൂപപ്പെടുന്നതെന്നും ആഹാരത്തിന്റെ നന്മയും സത്വികതയും ആണ് നമ്മുടെ ശരീരത്തെയും അതിനകത്തെ പ്രാണനെയും രൂപപ്പെടുത്തുന്നതെന്നും പ്രശസ്ത പ്രകൃതിചികിത്സകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡോ. ജേക്കബ് വടക്കുംചേരി അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 -2011 വര്‍ഷത്തെ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം
പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ എത്രമാത്രം അകലുന്നുവോ അത്രമാത്രം മനുഷ്യര്‍ക്ക്‌ ബുദ്ധിമുട്ട് കൂടുകയാണ്. ഇന്ന് സുഖം സൗകര്യം രുചി എന്നൊക്കെ കരുതി നാം കൃത്രിമ ജീവിത രീതിക്ക് പുറകെ പായുകയാണ്. ഇത് മനുഷ്യരെ എത്തിച്ചിരിക്കുന്നത് ഭീകരമായ പതനത്തിലാണ്. പുതിയ പുതിയ പേരുകളോടെ പല രോഗങ്ങളും നമ്മളെ പിടികൂടിയതായി നമ്മള്‍ അറിയുന്നു. രോഗത്തിന് ചികിത്സിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. എന്നാല്‍ അവര്‍ ഒരിക്കിലും രോഗ കാരണങ്ങളെക്കുറിച്ച് പറയുകയില്ല. ഈ കാരണങ്ങളെ അറിയുകയും അതില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി ചികിത്സയുടെ മാര്‍ഗം. അനുദിനം രോഗികളുടെ എണ്ണം പെരുകിയില്ലെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്ന് നമ്മളുടെ ആരോഗ്യ രംഗത്തെ അടിമുടി നിയന്ത്രിക്കുന്നത്‌ വന്‍ കുത്തക മരുന്ന്കമ്പനികളാണ്. ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോള്‍ നാം മറ്റ് ഒരുപാട് രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങിക്കുകയാണ്.
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ എത്രമാത്രം വിഷമയവും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും ആണ് എന്ന് അദ്ദേഹം സോദാഹരണം വിശദീകരിച്ചു. ബേബി ഒയിലുകള്‍, ടൂത്ത് പേസ്റ്റുകള്‍, ബ്രഡ്ഡുകള്‍ എന്നിവ നമ്മുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന്, അത്തരം ഉല്‍പ്പന്നങ്ങളുടെ കണ്ടന്റുകള്‍ വായിച്ചു കൊണ്ട് തന്നെ അദ്ദേഹം വിശദീകരിച്ചു.
പ്രകൃതി ജീവനത്തിന്റെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടി നടത്തിയ പ്രഭാഷണത്തിനു ശേഷം അദ്ദേഹം വിദ്യാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍, ഹെഡ്മിസ്‌സ്ട്രസ് ജയശ്രി ടീച്ചര്‍, പ്രകൃതി ചികിത്സകന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ ആരോഗ്യ നികേതനം ഡയരക്ടര്‍ പി. എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.




Tuesday, January 26, 2010

മാധ്യമ സെമിനാര്‍

പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജനുവരി 26 നു നടന്ന മാധ്യമ സെമിനാര്‍ ശ്രദ്ദേയമായി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് മലയാള പാഠപുസ്തകത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു.
മാധ്യമങ്ങള്‍ വെച്ച് പുലര്‍ത്തുന്ന പക്ഷപാതപരമായ സമീപനങ്ങളെ ഉദാഹരണ സഹിതം അദ്ദേഹം തുറന്നുകാട്ടി. യഥാര്‍ഥ മാധ്യമ ധര്‍മത്തിന്റെ അഭാവം കേരളത്തിലെ പൊതു ജീവിതത്തില്‍ വരുത്തുന്ന അപകടകരമായ പ്രവണതകളെ തിരിച്ചറിയാനും മാധ്യമങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താനും സെമിനാര്‍ സഹായകമായി. വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജിനേഷ് കുമാര്‍ മറുപടി നല്‍കി. സെമിനാര്‍ വിലയിരുത്തിയും അതിഥിക്ക് നന്ദി രേഖപ്പെടുത്തിയും അമ്പിളി സംസാരിച്ചു.

Friday, January 22, 2010

പ്രതിഭകള്‍ക്ക് അനുമോദനം

സര്‍ഗാത്മകതയുടെ മാമ്പഴക്കാലം



സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ദിവ്യ, സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ത്രെഡ് പാറ്റേണില്‍ എ ഗ്രേഡ് ലഭിച്ച സൂര്യ എന്നീ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, അവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം, മുഖ്യാഥിതിയായെത്തിയ പ്രശസ്ത എഴുത്തുകാരന്‍ സി. വി ബാലകൃഷ്ണന്‍ തന്റെ സ്കൂള്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഓര്‍മ്മകളെ അതിന്റെ സൂക്ഷ്മാംശത്തില്‍ നുള്ളിപ്പെറുക്കാന്‍ കഴിവുള്ള ഈ എഴുത്തുകാരന്‍ പക്ഷെ പഴയകാല സ്കൂള്‍ അനുഭവങ്ങളെ ഒട്ടും ആഹ്ലദത്തോടുകൂടിയല്ല അവവിറക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ഇങ്ങനെയായിരുന്നു.


"ഇന്നത്തെ കുട്ടികള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് ഞാന്‍ പഠിച്ച സ്കൂളാണ്.(പയ്യന്നൂര്‍ ഗവ. ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്, പിന്നീടത് ബോയ്സ്, ഗേള്‍സ്‌ എന്ന് രണ്ടായി വിഭജിക്കുകയുണ്ടായി.) ഇവിടെ നിന്നും നോക്കിയാല്‍ ഞാന്‍ അന്ന് പത്താം തരത്തില്‍ ഇരുന്ന ക്ലാസ് റൂം കാണാം. ഇത്രയും വൃത്തിയോ സൌകര്യങ്ങളോ അന്ന് ഞങ്ങളുടെ ക്ലാസ് മുറികള്‍ക്ക് ഇല്ലായിരുന്നു. പൊതുവേ സാമ്പത്തികമായി ദരിദ്രരായ, ആധുനികമായ ഒന്നിനെക്കുറിച്ചും, ധാരണയില്ലാത്ത, വിനോദങ്ങല്‍ക്കായി യാതൊരു സൌകര്യങ്ങളും ഇല്ലാത്ത ഒരു കാലമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം. മാത്രമല്ല സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തങ്ങള്‍ക്കും യാതൊരു പ്രോത്സാഹനവും അന്നത്തെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. ആരും അത് പ്രധാനമാണെന്ന് അന്ന് കരുതിയിരുന്നില്ല. ഞാന്‍ ആലോചിച്ചത് ആ കാലത്ത് ആരെങ്കിലും അന്ന് ഒരു നല്ല വാക്കുമായി എന്റെ തോളില്‍ തട്ടിയിരുന്നോ എന്നാണ്. സത്യത്തില്‍ അന്ന് അങ്ങിനെയൊരു സ്നേഹസ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ അത് എത്രമാത്രം എന്നെ സന്തോഷിപ്പിച്ചേനെ.

അന്ന് കോളേജുകളായിരുന്നു, സര്‍ഗാത്മകമായി ഉള്ളില്‍ എന്തെങ്കിലും കൊണ്ട് നടന്നിരുന്നവര്‍ക്ക് അത് പുറത്തെടുക്കുന്നതില്‍ കാര്യമായ അന്തരീക്ഷം ഒരുക്കിയത്. സഗാത്മകതയുടെ വസന്തകാലമായിരുന്നു അന്ന് കാമ്പസ്സുകളില്‍. എന്നാല്‍ എന്ന് ഈ അവസ്ഥ നേരെ തിരിച്ചിടപ്പെട്ടിരിക്കയാണ്. നമ്മുടെ കോളേജുകള്‍ സഗാത്മകതയുടെ എല്ലാ കണികകളും വറ്റിപ്പോയി ഊഷരമായി ത്തീര്‍ന്നിരിക്കുന്നു എന്ന്, അന്നത്തെ വിദ്യാര്‍ത്ഥികളും പിന്നീട് അവിടുത്തെ അധ്യാപകരുമായ ആളുകള്‍ തന്നെ പറയുന്നു. മറിച്ച് നമ്മുടെ സ്കൂളുകള്‍ സര്‍ഗാത്മകതയുടെ പുതിയ കുളമ്പടിയൊച്ചകള്‍ കേള്‍പ്പിച്ചുകൊണ്ടിക്കുന്നു എന്ന് കുട്ടികള്‍ എഴുതുന്ന രചനകളും അവര്‍ ഇറക്കുന്ന പുസ്തകങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ പഠനാന്തരീക്ഷത്തിനു ഇതില്‍ പ്രധാനമായ ഒരു പങ്കുണ്ട്. അവര്‍ എത്രയോ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ക്ക് പുതിയ അവബോധമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എഴുത്തിനെ ഗൌരവമായി എടുക്കുന്നവര്‍ക്ക് (അത് വളരെ നിസ്സാരമായ ഒന്നല്ല; കഠിനമായി പ്രയത്നം ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ആ വഴിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ ) അതിനു രക്ഷകര്‍ത്താക്കള്‍, പഠനഭാരം തുടങ്ങിയ മറ്റെന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, സ്കൂള്‍ അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."