Sunday, August 21, 2011

ഞാന്‍ ഒരു കവിയെ കാണുകയായിരുന്നു.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് ടു സയന്‍സ് എ


ഏതോ കാല്‍പ്പനിക  വസന്തത്തിന്റെ  കുളിരുകോരുന്ന വേദനപോലെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് പതിവാണ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അടുത്തു വരുമ്പോള്‍ . ഇന്നാണ് എന്റെ പ്രിയ കവിയെ ഞാന്‍ കാണാന്‍ പോകുന്നത്.
ഇന്നലെ ഇന്റെര്‍വെല്ലിനു പുറത്തിറങ്ങിയപ്പോഴാണ് ഓഫീസിനു മുന്നിലെ ബോര്‍ഡ് കണ്ടത്. കാവ്യ സദസ്സ് - പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ചൊല്ലുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരുന്മാദം എന്റെ മസ്തിഷ്കത്തിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. കാലുകള്‍ മുന്നോട്ടു തന്നെ ചലിച്ചു. പക്ഷെ മനസ്സ് അതെന്നെ പിന്നെയും പിറകിലോട്ടു വലിച്ചു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ - അമ്മ മലയാളത്തിന്റെ കവിതാകാരന്‍ - എന്റെ സ്കൂളില്‍ .. ഞങ്ങളുടെ മുന്നില്‍ കവിത ചൊല്ലാന്‍ .. എങ്ങിനെയാണ് ക്ലാസിലേക്ക് ഓടിയെത്തിയതെന്നും കൂട്ടുകാരോട് കാര്യം പറഞ്ഞതെന്നും എനിക്ക് ഇപ്പൊഴുമറിയില്ല. ആത്മാവ് സന്തോഷത്താല്‍ വലിഞ്ഞു മുറുകുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കവി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. സംസാരിക്കാന്‍ പോകുന്നു. അമ്മ മലയാളത്തിന്റെ പഞ്ചാരക്കയ്പ് തികട്ടി വന്നു.പാഠം ആവര്‍ത്തിച്ചു വായിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ മനസ്സില്‍ കൊത്തിവച്ച വരികള്‍
രക്ഷിച്ചിടെണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
പിന്നീടെപ്പോഴോ പത്താംതരത്തിലെ ചോദ്യപ്പേപ്പറില്‍ തെളിഞ്ഞതും ആ വരികള്‍ തന്നെയായിരുന്നു.
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ..
എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നര. സ്മാര്‍ട്ട് റൂമില്‍ മുന്‍ വരിയില്‍ തന്നെയിരിക്കാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍ . ഒടുവില്‍ ഒന്നാം വരിയില്‍ ഒന്നാമതായി ഞാന്‍ ഇരുന്നു. മൈക്കിനു നേരെ മുന്നില്‍ .ദൈവഹിതം.
ഒരു നിമിഷം. മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. കവി കടന്നു വന്നു. പ്രേമചന്ദ്രന്‍ മാഷുടെ സ്വാഗത ഭാഷണവും ശ്യാമള ടീച്ചറുടെയും ഭാസ്കരന്‍ മാഷുടെയും ആശംസകളും കഴിഞ്ഞു കവി എഴുന്നേറ്റു.
പിന്നീടുള്ള നിമിഷങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. കവിയും കുട്ടികളും. പ്രശസ്തനായ കവി ഗൌരവക്കാരനായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് തെറ്റി. സാധാരണക്കാരില്‍ സാധാരണക്കാരനായി കവി അനാര്‍ഭാടമായും അനൌപചാരികമായും ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
വളരെ പതുക്കെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു. കവിത വിരിയുന്നത് എവിടെയാണ്? അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് ജനതയുടെ നോവുകളിലാണ്, ദുരിതങ്ങളിലാണ്, സഹാനങ്ങളിലാണ്. രാജസദസ്സില്‍ നില്‍ക്കുന്ന അടിമപ്പെന്കുട്ടിയും അവള്‍ കൈയിടാനൊരുങ്ങുന്ന കുടത്തിലെ തേളും  - തൊഴിലാളികള്‍ അധസ്ഥിതര്‍ എന്നും ഒരുമയുള്ളവരാണ്  - കവി ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ആ കവിത..
മണലാരണ്യത്തില്‍ സ്വപ്നങ്ങളുടെ വരള്‍ച്ചയിലും പച്ചപ്പിനെയും പ്രണയത്തെയും താലോലിക്കുന്ന ഗള്‍ഫ് മലയാളി- അറേബ്യന്‍ രാത്രികള്‍
ഇനിയൊരിക്കല്‍ വിദേശ രാജ്യത്തേക്ക് കടലുകാണുവാന്‍ പോകുന്നു കുട്ടികള്‍ - പഠനയാത്ര
സ്കൂളുകള്‍ കച്ചവടസ്ഥാപനങ്ങളാകുന്ന പുതിയ കാലത്തെ കശക്കിയെറിയുന്ന കവിത - സ്കൂള്‍ ബാര്‍
കവി ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെടൊഴുകിയത് നഗ്നകവിതകളുടെ ചിരിയും ചിന്തയുമാണ്.
സാരിക്കായുള്ള സ്റ്റാഫ് റൂമിലെ യുദ്ധത്തില്‍ ഫിസിക്സും ബയോളജിയും ചത്തുവീഴുന്ന 'അങ്ക'വും, കുഞ്ഞാമിനയുടെ 'പുയ്യാപ്ല'യും 'യുറീക്ക'യും സദസ്സില്‍ ചിരിപടര്‍ത്തി. രാഹുകാലം, ട്യൂഷന്‍ , പശു, സ്കൂള്‍ ഡേ, പെണ്ണെഴുത്ത് ചപ്പാത്തി തുടങ്ങിയ കവിതകള്‍ ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. കവി പറഞ്ഞു. ഈ കവിതകള്‍ കേട്ട് നിങ്ങളെല്ലാം ചിരിച്ചു. നിങ്ങളോടൊപ്പം ഇപ്പോള്‍ ഞാനും. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇവയെല്ലാം എഴുതിയത്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയോ? ഞാന്‍ ആ ഭാവപകര്‍ച്ച കണ്ട് അതിശയിച്ചിരുന്നുപോയി. ഒരു കവിയുടെ ആത്മാര്‍ത്ഥത ഞാന്‍ അറിയുകയായിരുന്നു. ചുറ്റുപാടുകളുടെ കപടതകണ്ട് മനസ്സില്‍ നിന്ന് കവിത ഉറന്നൊഴുകുന്നതു തീര്‍ച്ചയായും സന്തോഷത്തോടു  കൂടിയല്ലായിരിക്കുമെന്നു ഉറപ്പാണല്ലോ.
 ഒടുവില്‍ ഞങ്ങള്‍ക്ക് പഠിയ്ക്കാനുള്ള മനുഷ്യപ്രദര്‍ശനവും അദ്ദേഹം പാടി. ഒരു ശംഖുപുഷ്പം കാണാന്‍ നാളെ നാം എവിടെ പോകേണ്ടിവരും എന്നുചോദിച്ചപ്പോള്‍ പുഷ്പങ്ങള്‍ക്കായി മ്യൂസിയമൊരുങ്ങുന്നത് അറിയാന്‍ ഇടവന്നതിനെക്കുറിച്ച് കവി പറഞ്ഞു. നാളെ മനുഷ്യനെ കാണാനും നാം മ്യൂസിയത്തില്‍ പോകേണ്ടി വരുമോ? ഈ ആലോചനയില്‍ നിന്നാണ് 'മനുഷ്യപ്രദര്‍ശനം' എന്ന കവിത പിറവിയെടുത്തതെന്നു ആമുഖമായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെയെല്ലാം ഉണര്‍ത്താന്‍ രണ്ടു മനോഹരമായ നാടന്‍ പാട്ടുകളും അദ്ദേഹം ആലപിച്ചു. ഞങ്ങളുടെ നാവിന്‍ തുമ്പില്‍ ദ്രുതതാളത്തിലുള്ള വരികള്‍ തെറ്റിപ്പിരിയുന്നത്‌ കണ്ട് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു.
തുടര്‍ന്ന്, താന്‍ ഒരു ജനാധിപത്യവിശ്വാസിയായത്‌ കൊണ്ട് നിങ്ങള്ക്ക് പറയാനുള്ള അവസരമാണെന്ന് പറഞ്ഞ് ഞങ്ങളെ സംവാദത്തിനായി ക്ഷണിച്ചു. അമ്മമലയാളമെന്ന കവിത എനിക്ക് കേള്‍ക്കണമായിരുന്നു. അമ്മമലയാളത്തിന്റെ കുറച്ചു  വരികള്‍ പാടാമോ? ഞാന്‍ മടിച്ചാണ് ചോദിച്ചത്. എനിക്കായി ആ വലിയ കവിത മുഴുവനായും അദ്ദേഹം പാടി, കവിത ചൊല്ലി ക്ഷീണിച്ച ആ അവസരത്തിലും.
മലയാളഭാഷയെക്കുറിച്ച്, കവിയുടെ സാമൂഹികമായ  അംഗീകാരത്തെക്കുറിച്ച്, പുതിയ കാലത്തിന്റെ ആസുരതയെക്കുറിച്ച് കിട്ടിയ സമയം എന്റെ കൂട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓരോന്നിനും അദ്ദേഹത്തിനു തന്റേതു മാത്രമായ ഉത്തരമുണ്ടായിരുന്നു. കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അവര്‍ തനിയെ വിചാരിച്ചാല്‍ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. കലാകാരന് സ്ഥാനമുള്ളത് നിങ്ങളുടെയൊക്കെ മനസ്സുകളില്‍ മാത്രം. പ്രശ്ന പരിഹരണം രാഷ്ട്രീയമായി മാത്രമേ ഉണ്ടാകൂ. മലയാളം വീണ്ടെടുക്കാനും സമരം മാത്രമേ ഇന്ന് വഴിയുള്ളൂ..
അദ്ദേഹം പതുക്കെ വിടവാങ്ങി. ഞാന്‍ ഒരു കവിയെ കാണുകയല്ലായിരുന്നു, അറിയുകയായിരുന്നു.





Friday, August 19, 2011

സംസ്കാരത്തെയും ഭാഷയെയും തിരിച്ചുപിടിക്കല്‍ രാഷ്ട്രീയമായ ലക്ഷ്യമാകണം: കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും അമ്മയായ മലയാളത്തെയും തിരിച്ചുകൊണ്ടുവരാന്‍ കവികളും കലാകാരന്മാരും മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അത് രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് മാത്രമേ കഴിയൂ എന്നും പ്രശസ്ത കവിയായ കുരീഎപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇരു മുന്നണികള്‍ക്കും ഇക്കാര്യത്തില്‍ ഉള്ള ആത്മാര്‍ത്ഥത ഒരു പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാവ്യ സദസ്സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 
കവിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനമാണെന്നുള്ളതിനോട് ഞാന്‍ യോജിക്കില്ലെന്നും കവിയ്ക്ക് ഇത്തിരി സ്ഥാനമുള്ളത് ആസ്വാദകന്റെ മനസ്സില്‍ മാത്രമാണെന്നും  അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സ്കൂളുകളും വിദ്യാഭ്യാസവും വില്പനയ്ക്ക് വെയ്ക്കുന്ന പുതിയകാലത്തെ മനുഷ്യര്‍ യന്ത്രവംശത്തില്‍ ജനിച്ചവരാകാനെ തരമുള്ളൂ. വയലും നാടന്‍ പൂക്കളും നാടന്‍പാട്ടിന്റെ ശീലുകളും മറന്നു എത്രയും വേഗം ആധുനികരാകാന്‍ വെറിപൂണ്ടു പായുകയാണ് ഇന്ന് മലയാളി. എല്ലാത്തിനോടും അഡ്ജസ്റ്റ് പോകുന്ന പ്രവണതയാണ് മലയാളിക്ക്. ബസ്സ്‌, സ്റ്റോപ്പില്‍ നിന്നും കുറെ മുന്നോട്ടു നിര്‍ത്തിയാല്‍ കുറച്ചുദൂരം ഓടാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കും നമ്മള്‍ . മലയാളം വേണ്ട ഇംഗ്ലീഷ് മതി എന്ന് പറഞ്ഞാല്‍ അമ്പത്തൊന്നിനുപകരം ഇരുപത്താറ് അക്ഷരം പഠിച്ചാല്‍ മതിയല്ലോ എന്ന് നമ്മള്‍ സന്തോഷം കൂറും. ഇവിടെയാണ്‌ പുതിയ തലമുറയുടെ മനോഭാവം പ്രസക്തമാകുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ നഗ്ന കവിതകളിലൂടെ അദ്ദേഹം കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അമ്മ മലയാളം, പഠന യാത്ര, അറേബ്യന്‍ രാത്രികള്‍ ,സ്കൂള്‍ ബാര്‍ , മനുഷ്യ പ്രദര്‍ശനം എന്നീ കവിതകള്‍ അദ്ദേഹം കുട്ടികള്‍ക്കായി ചൊല്ലി. കവിതയും സംവാദവുമായി കവിയോടൊപ്പം ഏറെനേരം ചിലവിടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍ .
ചടങ്ങിന് പ്രിന്‍സിപ്പാള്‍ പി. ശ്യാമള ടീച്ചറും ഹെഡ് മാസ്റ്റര്‍ പി. വി. ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഞ്ജലി. എസ്. ആര്‍ . നന്ദിയും പറഞ്ഞു.

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം - രസതന്ത്ര ക്വിസ്‌

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി രസതന്ത്രം നിത്യ ജീവിതത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ക്വിസ് മത്സരം നടത്തി. മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി നടത്തിയ മത്സരത്തില്‍ ശാസ്ത്രജ്ഞരെ തിരിച്ചറിയുക എന്ന റൌണ്ട് ആയിരുന്നു ആദ്യം. തുടര്‍ന്ന് നിത്യജീവിതത്തിലെ രസതന്ത്രം എന്ന റൌണ്ടില്‍ പത്തു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. സമകാലിക രസതന്ത്രം എന്ന മേഖലയില്‍ നിന്ന് അഞ്ചു ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷണങ്ങള്‍ എന്ന വീഡിയോ ഉപയോഗിച്ചുള്ള റൌണ്ടും രസകരമായിരുന്നു.
കെമിസ്ട്രി അധ്യാപകരായ പത്മജ. എ. പി, ഡോ. സുരേശന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.