Thursday, July 1, 2010

അറിവിന്റെ തിരിനാളങ്ങളുമായി പ്ലസ് വണ്‍ പ്രവേശനോത്സവം.




പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ പ്രവേശനോത്സവം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു. പുതുതായി സ്കൂളിലെത്തിയ കൂട്ടുകാരെ വളരെ ആവേശത്തോടെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ വരവേറ്റത്. പരിപാടിയുടെ സംഘാടകരും അവതാരകരുമെല്ലാം വിദ്യാര്‍ഥിനികള്‍ തന്നെയായിരുന്നു.
മെഴുകുതിരിയില്‍ പൂര്‍ണതയുടെ പ്രതീകമായ അഗ്നി തെളിയിച്ചു കൊണ്ട് മുഴുവന്‍ വിദ്യാര്‍ഥിനികളും അറിവിന്റെ തിരിനാളങ്ങള്‍ ഹൃദയത്തിലേക്കാവാഹിച്ചു. വെളിച്ചം വിതറുന്ന മുഖത്തോടെ മെഴുകുതിരികളുമായി വിദ്യാര്‍ഥിനികള്‍ അണിനിരന്നപ്പോള്‍ അത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരു അനുഭവമായി. ഒദ്യോഗികമായ ചടങ്ങുകള്‍ക്ക് ശേഷം വേദിയുടെ പൂര്‍ണ നിയന്ത്രണം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികള്‍ ഏറ്റെടുത്തു. വിദ്യാര്തിനികളുടെ സംഘാടന മികവ് പരിപാടി യിലുടനീളം പ്രകടമായിരുന്നു.
സംഗീതത്തിന്റെയും ഫുഡ് ബോള്‍ ആവേശത്തിന്റെയും പൊട്ടിച്ചിരികളുടെയും അലകളുതിര്‍ന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മധുരം വിതരണം ചെയ്തു. നമ്മുടെ പൈതൃകം വിളിച്ചോതുന്ന നാടന്‍ പാട്ടുകള്‍ മുതല്‍ പാശ്ചാത്യ സംഗീത ലോകത്തിന്റെ ലഹരിയായ 'വക്കാ വക്കാ' വരെ അരങ്ങരിയ പരിപാടികള്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ്‌ അവസാനിച്ചത്‌. ഒരു കാലത്ത് പുതിയ വിദ്യാര്‍ഥികളെ ഒരുപാട് ഭയപ്പെടുത്തിയ റാഗിങ്ങിനെയൊക്കെ കാറ്റില്‍ പറത്തിയ പരിപാടികള്‍ സ്കൂളിന്റെ ഐക്യവും പരസ്പര സഹകരണവുമാണ് വെളിവാക്കിയത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. രാജേഷ്‌ കുമാര്‍. ആര്‍, പ്രധാനാധ്യാപിക ജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2 comments:

ടി പി സക്കറിയ said...

ആശംസകള്‍.....

Anonymous said...

നന്നായിട്ടുണ്ട് മാഷേ....