Friday, July 16, 2010

ബഷീര്‍ സ്മരണയില്‍ ഒരു ദിനം


അനുഭവങ്ങളെ കടഞ്ഞെടുത്ത് ഉദാത്തമായ കലാശില്പങ്ങളൊരുക്കിയ മലയാളത്തിലെ പ്രിയ കഥാ കാരനെ അനുസ്മരിച്ചു കൊണ്ട് പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കെന്റരി സ്കൂളില്‍ സംഘടിപ്പിച്ച ബഷീര്‍ സ്മരണ പുതിയൊരു അനുഭവമായി.
ബഷീറിന്റെ വ്യക്തിത്വത്തെയും സാഹിത്യത്തെയും സമഗ്രമായി പരിചയപ്പെടുത്തി, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. വി. പി. പി. മുസ്തഫ പ്രഭാഷണം നടത്തി.


ബഷീറിന്റെ കഥാസാഹിത്യം അനുഭവങ്ങളുടെ മൂശയില്‍ നിന്നുമാത്രം വാര്ന്നു വീണതുകൊണ്ട് അവയ്ക്ക് നവോത്ഥാന കാഥികരുടെ രചനാശൈലിയില്‍ നിന്നും ഒട്ടു വളരെ വ്യത്യസ്തതക കാണാമെന്നും അതാണ് ബഷീറിന്റെ പ്രതിഭയുടെ കൈയൊപ്പെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തിഗതമായ പ്രതിഭയെ സാമൂഹിക മുന്നേറ്റത്തിന്റെ ഊര്‍ജമാക്കി മാറ്റിയവരാണ് നമ്മുടെ നവോത്ഥാന എഴുത്തുകാര്‍. അക്കൂട്ടത്തില്‍ സാഹിത്യത്തെ മൌലികമായ പ്രതിഭയുടെയും സാമൂഹിക വീക്ഷണത്തിന്റെയും അരം കൊണ്ട് രാകി മൂര്‍ച്ചയുള്ള രചനകളാക്കി മാറ്റുന്നതില്‍ ബഷീറിനു പ്രത്യേകമൊരു നൈപുണി തന്നെയുണ്ടായിരുന്നു. ബഷീറിന്റെ പ്രധാന കഥാപത്രങ്ങലെല്ലാം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു. കള്ളന്മാര്‍, തെരുവ് തെണ്ടികള്‍, വേശ്യകള്‍, വിരൂപര്‍, അംഗ വൈകല്യം ഉള്ളവര്‍ എന്നിവരക്കെല്ലാം തന്റെ കഥ ലോകത്തില്‍ ബഷീര്‍ ഉന്നതസ്ഥാനമാണ് നല്‍കിയത്. ബഷീര്‍ ഉയര്‍ത്തിപ്പിടിച്ച മതബോധം പോലും പുരോഗമനാത്മകമായിരുന്നു. സങ്കുചിത മതബോധത്തിന്റെ അടരുകളിലാളല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം കെട്ടിപ്പൊക്കപ്പെട്ടത്. അനല്‍ഹഖ് എന്നോ അഹം ബ്രഹ്മാസ്മി എന്നോ നിങ്ങള്‍ പേരിട്ടുവിളിക്കുന്നത് അദ്ദേഹത്തിനു ഒന്ന് തന്നെയായിരുന്നു. ബഷീറിന്റെ ജീവിത കാഴ്ചപ്പാട്, രചനാ ശൈലി, പ്രപഞ്ച ബോധം ഇക്കാര്യങ്ങളെ ക്കുറിച്ചും, ബഷീറിന്റെ സാഹിത്യത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ നിരത്തി വച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു.

തുടര്‍ന്നു ബഷീറിന്റെ ജീവിതത്തെക്കുറിച്ച് സമഗ്രമായ ദര്‍ശനം ലഭിക്കുന്ന എം. ആര്‍. ശശിധരന്റെ 'ശബ്ദങ്ങള്‍ ' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

No comments: