ജമ്മു,
28 .02 .2006.
ഉമ്മ,
ഞാന്‍ നാളെ വരും.
ബഷീര്‍.
"പടച്ചോന്‍ എന്റെ വിളി കേട്ട്." ആമിനുമ്മ കണ്ണ് തുടച്ചു. എവിടെയോ ഏതൊക്കെയോ ചില പട്ടാളക്കാര്‍ കൊല്ലപ്പെട്ടൂന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് മനസ്സിലെ ആധി. അവന്‍ പെട്ടെന്നിങ്ങെത്തിയാല്‍ മതി.കുട്ടിക്കാലം മുതല്‍ക്കേ തോക്കുകളോടായിരുന്നു അവന് പ്രിയം. അവന്റെ ബാപ്പ മരിച്ചതും അതിര്‍ത്തിയിലെ ഏതോ പൊട്ടിത്തെറിയില്‍ തന്നെ. അതോര്‍ക്കുമ്പോള്‍ ഒരാളലാണ് മനസ്സില്‍. അതുകൊണ്ട് തന്നെയാണ് പട്ടാളത്തില്‍ ചേരാനൊരുങ്ങിയപ്പോള്‍ ബഷീറിനെ തടഞ്ഞതും.
"ഉമ്മാ, ധീരന്മാര്‍ക്കു ഒരിക്കലെ മരണമുള്ളൂ. നാടിനു വേണ്ടി ജീവന്‍ ബലികഴിച്ച ബാപ്പാടെ മോനാ ഞാന്‍". അവന്റെ വാക്കിലെ ഉറപ്പ് തന്റെ സംശയങ്ങളെ അലിയിച്ചു കളഞ്ഞു.
രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ കുറുനരികള്‍ ഓലിയിടാന്‍ തുടങ്ങി. മഴയുടെ താളം തെറ്റിച്ചു കൊണ്ട് വാതിലില്‍ മുട്ടുകേട്ടു.
"ഉമ്മാ..." ബഷീര്‍ വിളിച്ചു.
"ന്റ മോനെ ... നിന്നെയൊന്നു കാണാന്‍ എത്ര നാളായി ഞാന്‍ കാത്തിരിക്ക്ന്ന് "
ഉമ്മ അടുത്തു ചെന്നപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി. "ഞാനൊന്ന് കുളിക്കട്ടെ ഉമ്മാ"
നേരം വെളിത്തപ്പോഴും മഴയുടെ ഇരമ്പല്‍ നിലച്ചിരുന്നില്ല.
" ഉമ്മാ .. ഞാന്‍ പള്ളീപ്പോണ്" ബഷീര്‍ പറയുന്നത് കേട്ടു. ഉമ്മറത്ത് ചെന്ന് നോക്കിയപ്പോള്‍ അവന്‍ മഴയില്‍ മറഞ്ഞു മറഞ്ഞു പോകുന്നു. അകത്തു അവന്‍ കൊണ്ട് വന്ന ബാഗും സാധനങ്ങളുമൊന്നും കാണുന്നില്ല.
ആമിനുമ്മാ.......... ആമിനുമ്മാ.......... " അയല്‍പക്കത്തെ ഖദീജ നനഞ്ഞൊലിച്ചു ഉമ്മറത്ത് നില്‍ക്കുന്നു. കൈയ്യില്‍ ചുരുട്ടി പ്പിടിച്ച പത്രം.
"ഉമ്മാ.." അവള്‍ കരയുന്നുണ്ടായിരുന്നു.
എന്തിനാണ് രാവിലെതന്നെ ഇവള്‍ സങ്കടപ്പെടുന്നത്?
മഴവെള്ളവും കണ്ണീരും ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്താതെ തന്നെ അവള്‍ പത്രം ഉമ്മയുടെ നേരെ നീട്ടി. കറുപ്പിന്റെ കനപ്പില്‍ പൊങ്ങിനിന്ന വാര്‍ത്ത ഉമ്മ ഇങ്ങനെ വായിച്ചു.
കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും.
ജമ്മു: ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച നാല് ജവാന്മാരെയും തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളത്തെ വടക്കേ പറമ്പത്ത് ബഷീറാണ് .......
അലറിക്കരയുന്ന മഴയ്ക്കൊപ്പം ബഷീറിന്റെ വിറയാര്‍ന്ന ശബ്ദം തനിയ്ക്ക് ചുറ്റും മുഴങ്ങി ക്കൊണ്ടിരിക്കുന്നത് ആമിനുമ്മ വ്യക്തമായും കേട്ടു. " ഉമ്മാ ..ഉമ്മാ..."
4 comments:
oh So Touching..
nice one
touching!
nannayitundu.kooduthal kadhakal post cheyyoo....
so touching.....................
Post a Comment