Friday, June 4, 2010

ഭൂമിരോദനം



കൂട്ടരേ നോക്കുവിന്‍ നമ്മുടെ ഭൂമിതന്‍
ദേഹമിന്നെത്ര മലിനമായ്
നമ്മുടെ കയ്യുകളീനല്ലഭൂമിയെ
കാര്‍ന്നു കാര്‍ന്നങ്ങു ഭുജിക്കയാണ്.
സസ്യങ്ങള്‍ തിങ്ങി നിറഞ്ഞൊരു ഭൂമിയോ
പണ്ടെത്ര സുന്ദരിയായിരുന്നു.
എങ്കിലിന്നാക്കഥയൊക്കെ മാറി
ഭൂമിതന്‍ മൃത്യുവടുത്തുവല്ലോ.
കാശിന്നു പിന്നാലെപായുംമനുജരോ
മാമാരമെല്ലാമറുത്തെടുത്തു
ജീവജലമോ നമുക്ക് തരും പുഴ
പാടേ വരണ്ടങ്ങു നിശ്ചലമായ്‌
മണലിന്നുവേണ്ടിയാ പാവംപുഴകളെ
കുരുതി കൊടുത്തവര്‍ കാശുവാരി
കുന്നുകളൊക്കെയിടിച്ചവര്‍ നമ്മുടെ
പാടങ്ങളൊക്കെ നികത്തി പിന്നെ
ഓര്‍ക്കുകമാനവ നീ ചെയ്തതൊക്കെയും
നല്ലതാണെന്നു ധരിക്കരുതേ
കുന്നുകള്‍ കാവുകള്‍ പാടങ്ങളൊക്കെയും
മണ്‍മറഞ്ഞില്ലേയീ ചെയ്തികളാല്‍
ഇങ്ങനെ പോവുകയാകിലോ വൈകാതെ
ഭൂമി മരുഭൂമിയായിടുമേ !!

"ഭൂമിരോദനം - അര്‍ച്ചന .പി.കെ. എട്ട്. ബി."


സ്കൂളില്‍ ജൂണ്‍ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു രചിക്കപ്പെട്ട കവിതകളില്‍ ഒന്നാണ് മുകളില്‍ നല്‍കിയത്. പാരിസ്ഥികമായ അവബോധം നമ്മുടെ കുട്ടികളില്‍ എത്രമാത്രം ശക്തമാണെന്ന് രചിക്കപ്പെട്ട കവിതകളില്‍ നിന്ന് തൊട്ടറിയാമായിരുന്നു. കവിതകള്‍ ഉള്‍പ്പെടുത്തിയും മറ്റും തയ്യാറാക്കിയ പോസ്റ്റര്‍ രചനയും പ്രദര്‍ശനവും കുട്ടികളില്‍ ആവേശമുണ്ടാക്കിയിരുന്നു. പല ജീവികള്‍, ഒരു ഗ്രഹം, ഒരൊറ്റ ഭാവി എന്ന മുദ്രാവാക്യത്തിന്റെ അന്തസ്സത്ത തിരിച്ചറിഞ്ഞു തയ്യാറാക്കിയ പോസ്റ്ററുകളില്‍ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യവും അത് നശിപ്പിക്കപ്പെടുന്നതിലുള്ള ഉത്കണ്ഠയും പ്രകടമായിരുന്നു. ഓരോ ക്ലാസ്സില്‍ നിന്നും അഞ്ചും ആറും പോസ്റ്ററുകള്‍ കുട്ടികള്‍ തയ്യാറാക്കിയിരുന്നു.

ഒന്‍പതാം തരാം വരെയുള്ള കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. രാവിലെ നടന്ന സ്കൂള്‍ പ്രത്യേക അസ്സംബ്ലിയില്‍ അധ്യാപകര്‍ക്ക് പുറമേ അമ്പിളി, ഷാന എന്നീ വിദ്യാര്‍ഥികളും സംസാരിച്ചു. സ്കൂള്‍ ശുചീകരണം നല്ല രീതിയില്‍ നടന്നു. ഉച്ചയ്ക്ക് ശേഷം ജൈവ വൈവിധ്യത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി അധ്യാപകനായ സുരേന്ദ്രന്‍ മള്‍ട്ടിമീഡിയയുടെ സഹായത്തോടെ ക്ലാസ് നല്‍കി.

1 comment:

പ്രേമന്‍ മാഷ്‌ said...

സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ഈ വര്ഷം ഇങ്ങനെ രേഖപ്പെടുത്താനാണ് വിചാരിക്കുന്നത്.