Sunday, October 30, 2011

കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴന്‍ - പി. കെ. സുരേഷ് കുമാര്‍


പയ്യന്നൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ആധുനികതയുടെ പ്രയോക്താവുമായ കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴനാനെന്നു എതിര്‍ദിശ പത്രാധിപരും നിരൂപകനുമായ പി. കെ. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാക്കനാടന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃസ്ത്യാനിയായ ജോര്‍ജ്ജ് വര്‍ഗീസ്‌ എന്ന കാക്കനാടന്‍ ഹിന്ദു മിത്തോളജിയിലും താന്ത്രികവിദ്യയിലും ശക്തമായ അഭിനിവേശം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുമ്പോഴും അദ്ദേഹം അരാജകവാദത്തെ രചനകളില്‍ പ്രമാണമാക്കി. കാല്‍പ്പനികതയുടെയും നവോത്ഥാനത്തിന്റെയും കാലം കഴിഞ്ഞ് മലയാള സാഹിത്യത്തില്‍ ആഞ്ഞടിച്ച പാശ്ചാത്യ ആധുനികതയുടെ മുന്നണിപ്പോരാളിയായിരുനു കാക്കനാടന്‍. സമൂഹത്തെ ഞെട്ടിപ്പിച്ചുണര്‍ത്താന്‍ തക്ക ശേഷിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും. തനിക്കു പറയാനുള്ള ഒരു ആശയത്തെ തന്നെ ഇത്രമാത്രം വൈവിധ്യപൂര്‍ണമായും വ്യത്യസ്ത ഭാഷാ ശൈലിയാലും അവതരിപ്പിച്ച കാക്കനാടന്റെ കൃതികള്‍ ആ അര്‍ത്ഥത്തില്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പാള്‍ പി. ശ്യാമള, ഹെഡ് മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളം അദ്ധ്യാപകന്‍ പി.പ്രമചന്ദ്രന്‍ സ്വാഗതവും മിഥുനാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Thursday, September 15, 2011

യാഥാര്‍ത്ഥ്യത്തിലെ സ്വപ്‌നങ്ങള്‍

സ്നേഹ. എം.പി.
രണ്ടാം വര്‍ഷ സയന്‍സ് എ ബാച്ച്.






 സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്രമായി പ്രകൃതിയുടെ മടിത്തട്ടില്‍ അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ കഴിഞ്ഞ ആ അനുഭവം ആവേശകരമായിരുന്നു. സസ്യശാസ്ത്രപഠനം പ്രകൃതിയിലൂടെ എന്നാണു ഞാന്‍ ഗമയില്‍ ആ യാത്രയെക്കുറിച്ച് എല്ലാവരോടും പറഞ്ഞിരുന്നത്. ഓ.. അതിനിടയില്‍ യാത്ര എവിടെക്കായിരുന്നു എന്ന് പറഞ്ഞില്ല അല്ലെ..മാടായിപ്പാറ.. പ്രകൃതി നമുക്കായി കരുതിവെച്ച വിസ്മയങ്ങള്‍ നേരിട്ട് കാണാനും അനുഭവിക്കാനും ഇതിലും പറ്റിയ ഒരിടം ഞങ്ങളുടെ അടുത്തൊന്നും ഇല്ല, കേട്ടോ. വെയിലുകൊള്ളാനാണെങ്കില്‍ നല്ല വെയില് ഇവിടെത്തന്നെയുണ്ടല്ലോ.. വെറുതെ എന്തിനാ അവിടം വരെ പോകുന്നത് എന്ന് കളിപറഞ്ഞ കൂട്ടുകാരികളും ഉണ്ടായിരുന്നു കൂടെ.

അളവില്ലാത്ത ജൈവസമ്പത്താണ്‌ മാടായിപ്പാറയുടെ ആത്മാവ് എന്ന് എനിക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. ഇതിനു മുന്പ് എത്ര പ്രാവശ്യം ഞാന്‍ ഇവിടെ വന്നതാണ്. ഞാന്‍ നിസ്സാരമായി കണ്ട ഈ പാറക്കൂട്ടങ്ങള്‍ക്കും പുല്ചെടികള്‍ക്കും എന്തെന്തു പ്രാധാന്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുന്‍പൊരിക്കലും കാണാത്ത, കേള്‍ക്കാത്ത അനുഭവിക്കാത്ത പ്രകൃതിയുടെ തമാശകള്‍ .. രുചികള്‍ .. ഇവയൊന്നും അന്ന് ഉണ്ടായിരുന്നില്ലേ.. ഉണ്ടായിട്ടും ഞാന്‍ കാണാത്തതാണോ? പ്രകൃതിയോടു ഏറെ കൂട്ടുകൂടുന്ന ഒരാള്‍ എന്ന അഭിമാനം വൈകുന്നേരമായപ്പോഴേക്കും ഒലിച്ചുപോവുകയും എന്റെ പ്രകൃതിപഠനത്തിന്റെ  അവസ്ഥയോര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും ചെയ്തു. എങ്കിലും പ്രകൃതിയിലേക്ക് ഇറങ്ങാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഒരാളാണല്ലോ എന്ന് ഞാന്‍ ആശ്വസിക്കുകയും ചെയ്തു. അത്രയെങ്കിലുമില്ലേ....

യാത്രയുടെ തുടക്കത്തില്‍ തന്നെ ഉള്ളില്‍ ഭീതി വിതച്ച ഒരു സംഭവമുണ്ടായി. മാടായിക്കാവിനടുത്തെത്തിയപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ വലിയ ജ്ഞാനനാട്യത്തോടെ പറഞ്ഞു, ഈ വള്ളിക്കെട്ടില്‍ മരത്തിനു മുകളില്‍ പ്പോലും നാഗങ്ങള്‍ വിഹാരിക്കാറുണ്ട്. ഉള്ളില്‍ കരുതിയ ധൈര്യമെല്ലാം ചോര്‍ന്നുപോയെങ്കിലും പിന്നീട് മനസ്സിലായി നുണക്കഥയില്‍ തീര്‍ത്ത ഒരുനാടകം മാത്രമായിരുന്നു അതെന്ന്.

കാട്ടുമുന്തിരിക്കുലകളും വള്ളികളും ഞങ്ങളില്‍ അത്ഭുതമുണര്‍ത്തി. മോതിരവള്ളികള്‍ പ്രകൃതിക്ക് അഭിമാനമേകി. ചൂതിനെക്കാളും കാക്കാപ്പൂ അഹങ്കരിച്ചുവെങ്കിലും എന്നെ ആകര്‍ഷിച്ചത് ചൂതായിരുന്നു. ഇടയില്‍ വ്രതം നിര്‍ത്തി മാംസാഹാരത്തെ പുല്‍കിയ 'ഡ്റൊസീറ'യെക്കണ്ടുമുട്ടി. (ഇവിടെ എന്നെ വ്യക്തിപരമായി വിഷമിപ്പിച്ച ഒരു സംഗതി കൂടി കുറിക്കട്ടെ. എന്താണ് ഡ്റൊസീറ എന്ന് കൂട്ടത്തിലൊരാള്‍ ആരാഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തോടെ പറഞ്ഞുപോയി, ഇരപിടിയന്‍ സസ്യം! അപ്പോള്‍ പരിഷ്കാരിയായ അവള്‍ "വാട്ട്‌, ഇരപിടിയന്‍ സസ്യം? "എന്ന് മൊഴിയുകയണുണ്ടായത്. ഇത്രമാത്രം അധഃപ്പതിച്ചുവോ നമ്മുടെ മലയാള ഭാഷാപരിജ്ഞാനം? മലയാളത്തിന്റെ നാളത്തെ പ്രതീക്ഷയാവേണ്ടവിദ്യാര്‍ത്ഥിനികളാണ് പറയുന്നത്. മലയാളത്തില്‍ പറയാവുന്ന എന്ത് പറയുമ്പോഴും എല്ലാത്തിനും നേരെ നാം നിരന്തരം തൊടുക്കുന്ന ഒരു ചോദ്യമായിത്തീര്‍ന്നിട്ടുണ്ട് ഇപ്പോള്‍ 'വാട്ട്‌ '. നമ്മുടെ സംസ്കാരത്തെ നാം തന്നെ കീറിമുറിച്ചു വില്‍പ്പന നടത്തുന്നതിന് സമമല്ലേ ഇത്. ഞാന്‍ കുറെ നേരം ഇത് തന്നെ ആലോചിച്ചു നിന്ന് പോയി.

മാടായിപ്പാറയുടെ ഹരിതഭംഗി ആസ്വദിച്ചു നടക്കുമ്പോള്‍ തോണി, വ്യത്യസ്തമായ ഭൂവിഭാഗങ്ങളെയും സസ്യലതാതികളെയും പ്രതിനിധാനം ചെയ്യുന്ന മറ്റൊരു പ്രദേശം ഭൂമിയില്‍ വേറെ ഉണ്ടാവില്ലെന്ന്. എല്ലാം കണ്ടും അധ്യാപകരുടെ വിശദീകരണങ്ങള്‍ കെട്ടും നടക്കുമ്പോള്‍ പെട്ടെന്ന് പരിസരമാകെ മാറുന്നത് പോലെ. ചെളിയുടെ, കുന്നോളം ഉയര്‍ന്നു കിടക്കുന്ന ചെളിമലയുടെ മുന്നിലാണോ ഞങ്ങള്‍ ഇപ്പോള്‍ . മാഷ്‌ വിശദീകരിച്ചു തന്നു അതാണ്‌ ചൈനാ ക്ലേ. അവിടെക്കുള്ള യാത്രയില്‍ , ജീവിതത്തില്‍ ഇനി ഒരിക്കലും ഈ യാത്ര മറക്കാന്‍ കഴിയാത്തവണ്ണം കൂട്ടുകാരികളില്‍ ഒരാള്‍ പേസ്റ്റ് രൂപത്തിലുള്ള ഈ ചായക്കൂട്ടില്‍ മുങ്ങിനിവരുകയുണ്ടായി. ആദ്യം എല്ലാവര്‍ക്കും ചിരിയാണ് വന്നത്. ക്ഷേത്രത്തിനടുത്ത് തന്നെയുള്ള കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ച് അവളെ ശുദ്ധീകരിച്ചെടുത്തത് ഞങ്ങള്‍കും മറക്കാത്ത ഒരനുഭവമായി മാറി.

ഞങ്ങള്‍ക്ക് മടങ്ങാറായി. ഈ വിശാലമായ പുല്‍ത്തകിടികളും പൂക്കളും അതിനിടയിലൂടെയുള്ള ചെറുപാതകളും വിസ്തൃതമായ ആകാശത്തിനു കീഴില്‍ നാളെ ഉണ്ടാകണമെന്നില്ല എന്നത് ഞങ്ങളെ സത്യത്തില്‍ അപ്പോഴാണ്‌ അസ്വസ്ഥരാക്കിയത്. തടാകങ്ങളില്‍ തുള്ളിച്ചാടുന്ന ചെറു മത്സ്യങ്ങള്‍ , വെള്ളത്തിനു മുകളില്‍ നിശ്ചലനായി മത്സ്യങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍പ്പക്കഴുത്തോട് കൂടിയ ഒറ്റക്കാലന്‍ യോഗിക്കൊക്ക് .. ഇതെല്ലാം നാളെയൊരുനാള്‍ വരുമ്പോഴും ഇവിടെയുണ്ടാകുമോ?

വിശാലമായ പാറയുടെ തുറസ്സിലൂടെ നീണ്ടുകിടക്കുന്ന താറിട്ട റോഡിനു സമീപത്തായി ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മൊബൈല്‍ ടവര്‍ . പ്രശാന്ത സുന്ദരമായ ഈ പ്രദേശത്തു നാളെ പെറ്റുപെരുകുക ഇവയായിരിക്കുമോ? 'വിലയില്ലാത്ത' നീലനിറക്കാരി കാക്കപ്പൂക്കളെ, സംഹാരം സംസ്കാരമാക്കിയ ആധുനിക മനുഷ്യര്‍ അത്യന്താധുനിക സൌകര്യങ്ങല്‍ക്കുവേണ്ടി ഇനി എത്രകാലം വെച്ചുകൊണ്ടിരിക്കും? അവരോടുള്ള ഈ യാത്ര പറച്ചില്‍ അവസാനത്തേതാകുമോ?



Sunday, August 21, 2011

ഞാന്‍ ഒരു കവിയെ കാണുകയായിരുന്നു.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് ടു സയന്‍സ് എ


ഏതോ കാല്‍പ്പനിക  വസന്തത്തിന്റെ  കുളിരുകോരുന്ന വേദനപോലെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് പതിവാണ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അടുത്തു വരുമ്പോള്‍ . ഇന്നാണ് എന്റെ പ്രിയ കവിയെ ഞാന്‍ കാണാന്‍ പോകുന്നത്.
ഇന്നലെ ഇന്റെര്‍വെല്ലിനു പുറത്തിറങ്ങിയപ്പോഴാണ് ഓഫീസിനു മുന്നിലെ ബോര്‍ഡ് കണ്ടത്. കാവ്യ സദസ്സ് - പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ചൊല്ലുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരുന്മാദം എന്റെ മസ്തിഷ്കത്തിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. കാലുകള്‍ മുന്നോട്ടു തന്നെ ചലിച്ചു. പക്ഷെ മനസ്സ് അതെന്നെ പിന്നെയും പിറകിലോട്ടു വലിച്ചു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ - അമ്മ മലയാളത്തിന്റെ കവിതാകാരന്‍ - എന്റെ സ്കൂളില്‍ .. ഞങ്ങളുടെ മുന്നില്‍ കവിത ചൊല്ലാന്‍ .. എങ്ങിനെയാണ് ക്ലാസിലേക്ക് ഓടിയെത്തിയതെന്നും കൂട്ടുകാരോട് കാര്യം പറഞ്ഞതെന്നും എനിക്ക് ഇപ്പൊഴുമറിയില്ല. ആത്മാവ് സന്തോഷത്താല്‍ വലിഞ്ഞു മുറുകുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കവി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. സംസാരിക്കാന്‍ പോകുന്നു. അമ്മ മലയാളത്തിന്റെ പഞ്ചാരക്കയ്പ് തികട്ടി വന്നു.പാഠം ആവര്‍ത്തിച്ചു വായിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ മനസ്സില്‍ കൊത്തിവച്ച വരികള്‍
രക്ഷിച്ചിടെണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
പിന്നീടെപ്പോഴോ പത്താംതരത്തിലെ ചോദ്യപ്പേപ്പറില്‍ തെളിഞ്ഞതും ആ വരികള്‍ തന്നെയായിരുന്നു.
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ..
എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നര. സ്മാര്‍ട്ട് റൂമില്‍ മുന്‍ വരിയില്‍ തന്നെയിരിക്കാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍ . ഒടുവില്‍ ഒന്നാം വരിയില്‍ ഒന്നാമതായി ഞാന്‍ ഇരുന്നു. മൈക്കിനു നേരെ മുന്നില്‍ .ദൈവഹിതം.
ഒരു നിമിഷം. മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. കവി കടന്നു വന്നു. പ്രേമചന്ദ്രന്‍ മാഷുടെ സ്വാഗത ഭാഷണവും ശ്യാമള ടീച്ചറുടെയും ഭാസ്കരന്‍ മാഷുടെയും ആശംസകളും കഴിഞ്ഞു കവി എഴുന്നേറ്റു.
പിന്നീടുള്ള നിമിഷങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. കവിയും കുട്ടികളും. പ്രശസ്തനായ കവി ഗൌരവക്കാരനായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് തെറ്റി. സാധാരണക്കാരില്‍ സാധാരണക്കാരനായി കവി അനാര്‍ഭാടമായും അനൌപചാരികമായും ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
വളരെ പതുക്കെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു. കവിത വിരിയുന്നത് എവിടെയാണ്? അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് ജനതയുടെ നോവുകളിലാണ്, ദുരിതങ്ങളിലാണ്, സഹാനങ്ങളിലാണ്. രാജസദസ്സില്‍ നില്‍ക്കുന്ന അടിമപ്പെന്കുട്ടിയും അവള്‍ കൈയിടാനൊരുങ്ങുന്ന കുടത്തിലെ തേളും  - തൊഴിലാളികള്‍ അധസ്ഥിതര്‍ എന്നും ഒരുമയുള്ളവരാണ്  - കവി ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ആ കവിത..
മണലാരണ്യത്തില്‍ സ്വപ്നങ്ങളുടെ വരള്‍ച്ചയിലും പച്ചപ്പിനെയും പ്രണയത്തെയും താലോലിക്കുന്ന ഗള്‍ഫ് മലയാളി- അറേബ്യന്‍ രാത്രികള്‍
ഇനിയൊരിക്കല്‍ വിദേശ രാജ്യത്തേക്ക് കടലുകാണുവാന്‍ പോകുന്നു കുട്ടികള്‍ - പഠനയാത്ര
സ്കൂളുകള്‍ കച്ചവടസ്ഥാപനങ്ങളാകുന്ന പുതിയ കാലത്തെ കശക്കിയെറിയുന്ന കവിത - സ്കൂള്‍ ബാര്‍
കവി ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെടൊഴുകിയത് നഗ്നകവിതകളുടെ ചിരിയും ചിന്തയുമാണ്.
സാരിക്കായുള്ള സ്റ്റാഫ് റൂമിലെ യുദ്ധത്തില്‍ ഫിസിക്സും ബയോളജിയും ചത്തുവീഴുന്ന 'അങ്ക'വും, കുഞ്ഞാമിനയുടെ 'പുയ്യാപ്ല'യും 'യുറീക്ക'യും സദസ്സില്‍ ചിരിപടര്‍ത്തി. രാഹുകാലം, ട്യൂഷന്‍ , പശു, സ്കൂള്‍ ഡേ, പെണ്ണെഴുത്ത് ചപ്പാത്തി തുടങ്ങിയ കവിതകള്‍ ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. കവി പറഞ്ഞു. ഈ കവിതകള്‍ കേട്ട് നിങ്ങളെല്ലാം ചിരിച്ചു. നിങ്ങളോടൊപ്പം ഇപ്പോള്‍ ഞാനും. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇവയെല്ലാം എഴുതിയത്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയോ? ഞാന്‍ ആ ഭാവപകര്‍ച്ച കണ്ട് അതിശയിച്ചിരുന്നുപോയി. ഒരു കവിയുടെ ആത്മാര്‍ത്ഥത ഞാന്‍ അറിയുകയായിരുന്നു. ചുറ്റുപാടുകളുടെ കപടതകണ്ട് മനസ്സില്‍ നിന്ന് കവിത ഉറന്നൊഴുകുന്നതു തീര്‍ച്ചയായും സന്തോഷത്തോടു  കൂടിയല്ലായിരിക്കുമെന്നു ഉറപ്പാണല്ലോ.
 ഒടുവില്‍ ഞങ്ങള്‍ക്ക് പഠിയ്ക്കാനുള്ള മനുഷ്യപ്രദര്‍ശനവും അദ്ദേഹം പാടി. ഒരു ശംഖുപുഷ്പം കാണാന്‍ നാളെ നാം എവിടെ പോകേണ്ടിവരും എന്നുചോദിച്ചപ്പോള്‍ പുഷ്പങ്ങള്‍ക്കായി മ്യൂസിയമൊരുങ്ങുന്നത് അറിയാന്‍ ഇടവന്നതിനെക്കുറിച്ച് കവി പറഞ്ഞു. നാളെ മനുഷ്യനെ കാണാനും നാം മ്യൂസിയത്തില്‍ പോകേണ്ടി വരുമോ? ഈ ആലോചനയില്‍ നിന്നാണ് 'മനുഷ്യപ്രദര്‍ശനം' എന്ന കവിത പിറവിയെടുത്തതെന്നു ആമുഖമായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെയെല്ലാം ഉണര്‍ത്താന്‍ രണ്ടു മനോഹരമായ നാടന്‍ പാട്ടുകളും അദ്ദേഹം ആലപിച്ചു. ഞങ്ങളുടെ നാവിന്‍ തുമ്പില്‍ ദ്രുതതാളത്തിലുള്ള വരികള്‍ തെറ്റിപ്പിരിയുന്നത്‌ കണ്ട് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു.
തുടര്‍ന്ന്, താന്‍ ഒരു ജനാധിപത്യവിശ്വാസിയായത്‌ കൊണ്ട് നിങ്ങള്ക്ക് പറയാനുള്ള അവസരമാണെന്ന് പറഞ്ഞ് ഞങ്ങളെ സംവാദത്തിനായി ക്ഷണിച്ചു. അമ്മമലയാളമെന്ന കവിത എനിക്ക് കേള്‍ക്കണമായിരുന്നു. അമ്മമലയാളത്തിന്റെ കുറച്ചു  വരികള്‍ പാടാമോ? ഞാന്‍ മടിച്ചാണ് ചോദിച്ചത്. എനിക്കായി ആ വലിയ കവിത മുഴുവനായും അദ്ദേഹം പാടി, കവിത ചൊല്ലി ക്ഷീണിച്ച ആ അവസരത്തിലും.
മലയാളഭാഷയെക്കുറിച്ച്, കവിയുടെ സാമൂഹികമായ  അംഗീകാരത്തെക്കുറിച്ച്, പുതിയ കാലത്തിന്റെ ആസുരതയെക്കുറിച്ച് കിട്ടിയ സമയം എന്റെ കൂട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓരോന്നിനും അദ്ദേഹത്തിനു തന്റേതു മാത്രമായ ഉത്തരമുണ്ടായിരുന്നു. കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അവര്‍ തനിയെ വിചാരിച്ചാല്‍ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. കലാകാരന് സ്ഥാനമുള്ളത് നിങ്ങളുടെയൊക്കെ മനസ്സുകളില്‍ മാത്രം. പ്രശ്ന പരിഹരണം രാഷ്ട്രീയമായി മാത്രമേ ഉണ്ടാകൂ. മലയാളം വീണ്ടെടുക്കാനും സമരം മാത്രമേ ഇന്ന് വഴിയുള്ളൂ..
അദ്ദേഹം പതുക്കെ വിടവാങ്ങി. ഞാന്‍ ഒരു കവിയെ കാണുകയല്ലായിരുന്നു, അറിയുകയായിരുന്നു.





Friday, August 19, 2011

സംസ്കാരത്തെയും ഭാഷയെയും തിരിച്ചുപിടിക്കല്‍ രാഷ്ട്രീയമായ ലക്ഷ്യമാകണം: കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ സമ്പന്നമായ സംസ്കാരത്തെയും അമ്മയായ മലയാളത്തെയും തിരിച്ചുകൊണ്ടുവരാന്‍ കവികളും കലാകാരന്മാരും മാത്രം വിചാരിച്ചാല്‍ മതിയാകില്ലെന്നും അത് രാഷ്ട്രീയമായ ഇച്ഛാശക്തി കൊണ്ട് മാത്രമേ കഴിയൂ എന്നും പ്രശസ്ത കവിയായ കുരീഎപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇരു മുന്നണികള്‍ക്കും ഇക്കാര്യത്തില്‍ ഉള്ള ആത്മാര്‍ത്ഥത ഒരു പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാവ്യ സദസ്സില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 
കവിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനമാണെന്നുള്ളതിനോട് ഞാന്‍ യോജിക്കില്ലെന്നും കവിയ്ക്ക് ഇത്തിരി സ്ഥാനമുള്ളത് ആസ്വാദകന്റെ മനസ്സില്‍ മാത്രമാണെന്നും  അദ്ദേഹം മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
സ്കൂളുകളും വിദ്യാഭ്യാസവും വില്പനയ്ക്ക് വെയ്ക്കുന്ന പുതിയകാലത്തെ മനുഷ്യര്‍ യന്ത്രവംശത്തില്‍ ജനിച്ചവരാകാനെ തരമുള്ളൂ. വയലും നാടന്‍ പൂക്കളും നാടന്‍പാട്ടിന്റെ ശീലുകളും മറന്നു എത്രയും വേഗം ആധുനികരാകാന്‍ വെറിപൂണ്ടു പായുകയാണ് ഇന്ന് മലയാളി. എല്ലാത്തിനോടും അഡ്ജസ്റ്റ് പോകുന്ന പ്രവണതയാണ് മലയാളിക്ക്. ബസ്സ്‌, സ്റ്റോപ്പില്‍ നിന്നും കുറെ മുന്നോട്ടു നിര്‍ത്തിയാല്‍ കുറച്ചുദൂരം ഓടാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കും നമ്മള്‍ . മലയാളം വേണ്ട ഇംഗ്ലീഷ് മതി എന്ന് പറഞ്ഞാല്‍ അമ്പത്തൊന്നിനുപകരം ഇരുപത്താറ് അക്ഷരം പഠിച്ചാല്‍ മതിയല്ലോ എന്ന് നമ്മള്‍ സന്തോഷം കൂറും. ഇവിടെയാണ്‌ പുതിയ തലമുറയുടെ മനോഭാവം പ്രസക്തമാകുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഇത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ നഗ്ന കവിതകളിലൂടെ അദ്ദേഹം കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അമ്മ മലയാളം, പഠന യാത്ര, അറേബ്യന്‍ രാത്രികള്‍ ,സ്കൂള്‍ ബാര്‍ , മനുഷ്യ പ്രദര്‍ശനം എന്നീ കവിതകള്‍ അദ്ദേഹം കുട്ടികള്‍ക്കായി ചൊല്ലി. കവിതയും സംവാദവുമായി കവിയോടൊപ്പം ഏറെനേരം ചിലവിടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍ .
ചടങ്ങിന് പ്രിന്‍സിപ്പാള്‍ പി. ശ്യാമള ടീച്ചറും ഹെഡ് മാസ്റ്റര്‍ പി. വി. ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഞ്ജലി. എസ്. ആര്‍ . നന്ദിയും പറഞ്ഞു.

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം - രസതന്ത്ര ക്വിസ്‌

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി രസതന്ത്രം നിത്യ ജീവിതത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ക്വിസ് മത്സരം നടത്തി. മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി നടത്തിയ മത്സരത്തില്‍ ശാസ്ത്രജ്ഞരെ തിരിച്ചറിയുക എന്ന റൌണ്ട് ആയിരുന്നു ആദ്യം. തുടര്‍ന്ന് നിത്യജീവിതത്തിലെ രസതന്ത്രം എന്ന റൌണ്ടില്‍ പത്തു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. സമകാലിക രസതന്ത്രം എന്ന മേഖലയില്‍ നിന്ന് അഞ്ചു ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പരീക്ഷണങ്ങള്‍ എന്ന വീഡിയോ ഉപയോഗിച്ചുള്ള റൌണ്ടും രസകരമായിരുന്നു.
കെമിസ്ട്രി അധ്യാപകരായ പത്മജ. എ. പി, ഡോ. സുരേശന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Wednesday, July 6, 2011

മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്


വായനാവാരത്തോടനുബന്ധിച്ചു  നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി.

രണ്ടു ഘട്ടമാണ് ക്വിസ്സിനു ഉണ്ടായിരുന്നത്. സ്കൂളിലെ സാഹിത്യതത്പരരായ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചു നടത്തിയ ആദ്യ ഘട്ടത്തില്‍ , എഴുത്തുകാരികളെ തിരിച്ചറിയാം, കഥാപാത്രങ്ങള്‍ കൃതികള്‍ , വായനശാല എന്നീ മൂന്നു റൌണ്ടുകളിലായി ഇരുപത്തഞ്ചു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. മികച്ച സ്കൂര്‍ നേടിയ പന്ത്രണ്ടു പേരെ ഇതിലൂടെ തെരഞ്ഞെടുത്തു. ഹൈസ്കൂളില്‍ നിന്ന് നാലുപേരും ഹയര്‍ സെക്കന്ററിയില്‍ നിന്ന് എട്ടുപേരും.
ഇവരെ ആറ് ടീമുകളായി തിരിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ട മത്സരം.
രണ്ടാം ഘട്ടത്തില്‍ അഞ്ചു റൌണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ റൌണ്ട്‌ കള്ളികളില്‍ ഒതുങ്ങാത്തവര്‍ .


ടീം ഒന്നിനാണ് ആദ്യത്തെ സെലെക്ഷന്‍ . അവര്‍ തെരഞ്ഞെടുത്ത നമ്പരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ ചിത്രം ഒന്‍പതു കളങ്ങളാല്‍  മറച്ചിരിക്കുന്നതായി  കാണാം. ടീം പറയുന്ന കളങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ കളങ്ങളായി മാറിപ്പോയ്ക്കൊണ്ടിരിക്കും.


നാലു കളങ്ങള്‍ നീക്കാനുള്ള അവസരമാണ് അവര്‍ക്കുണ്ടാവുക. ഇതിനിടയില്‍ ശരിയായ ഉത്തരം പറഞ്ഞിരിക്കണം. എപ്പോള്‍ തെറ്റായ ഉത്തരം പറയുന്നുവോ അതോടെ അവരുടെ ചാന്‍സ് ഇല്ലാതാവുന്നു.
20 /15 /10 / 5 എന്നിങ്ങനെയാണ് കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ . ഇത്രയുമായിട്ടും ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ചോദ്യം അടുത്ത ടീമിന് നല്‍കും. അവര്‍ക്ക് അഞ്ചു സ്കോര്‍ മാത്രമേ ലഭിക്കൂ. ശരിയായ ഉത്തരം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രധാന സാഹിത്യ സംഭാവനകള്‍ ചുരുക്കി ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കും.


രണ്ടാം റൌണ്ട് തെളിഞ്ഞ് തെളിഞ്ഞ്. ഇവിടെയും മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരെ പരിചയപ്പെടുക തന്നെയാണ്. ആദ്യ ക്ലിക്കില്‍ മങ്ങിയ രൂപം, രണ്ടാം ക്ലിക്കില്‍ കുറച്ചുകൂടെ തെളിയുന്നു, മൂന്നാമത് ശരിയായ ചിത്രം. സ്കോര്‍ 15 /10 / 5 എന്നിങ്ങനെ.





രചനകളില്‍ നിന്ന് രചയിതാക്കളിലേക്ക് എന്നാ മൂന്നാമത്തെ റൌണ്ടില്‍ ഒരെഴുത്തുകാരന്റെ മൂന്നു കൃതികളുടെ പേരും ചിത്രവും ആണ് നല്‍കുക. മൂന്നു ബോക്സുകളാല്‍ പുസ്തകങ്ങളുടെ പേര് മറച്ചുവെച്ചിരിക്കും. ടീം ആവശ്യപ്പെടുന്ന ബോക്സ് മാറ്റും. പുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ചിത്രം കാണിക്കും. പാസ് ചെയ്യുന്നത് നേരത്തെ പറഞ്ഞത് പോലെത്തന്നെ. 20 /15 /10 / 5 എന്നിങ്ങനെയാണ് ഇവിടെയും കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ .





ദൃശ്യലോകമെന്ന നാലാം റൌണ്ടില്‍ പന്ത്രണ്ടു വീഡിയോകളാണ് നല്‍കിയത്. വീഡിയോ കാണിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കും. ടീമുകള്‍ തെരഞ്ഞെടുത്ത നമ്പരുകള്‍ സ്ലൈഡില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോര്‍ . അടുത്തു ടീമിനു കൈമാറിയാല്‍ അവര്‍ക്കും 5 സ്കോര്‍ .


രസകരമായതും അവസാനത്തേതുമായ അഞ്ചാം റൌണ്ടില്‍ ഉള്‍പ്പെടുത്തിയത് ആറ് മേഖലകളിലായി പത്തു ചോദ്യങ്ങള്‍ വീതമുള്ള ഓരോ കൊട്ടയാണ്. കല, സംസ്കാരം, കവിത, നോവല്‍ , സിനിമ, ഗ്രന്ഥശാല എന്നിവയാണ് ആറ് മേഖലകള്‍ . ഓരോന്നിലും ആദ്യത്തെ അഞ്ചു ചോദ്യത്തിന് ഉത്തരം ശരിയായാലും തെറ്റായാലും പ്രശ്നമില്ല. ശരിക്ക് അഞ്ചു സ്കോര്‍ . ഇവിടെ ഉത്തരം പാസ് ചെയ്യില്ല. 'വേഗം കൃത്യം' എന്ന പേരില്‍ തന്നെ ഉത്തരങ്ങള്‍ വേഗത്തില്‍ പറയണമെന്ന സൂചനയുണ്ട്. അഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ ധൈര്യപൂര്‍വ്വം മുന്നോട്ട്? എന്ന ചോദ്യം വരും. ഇനിയുള്ള അഞ്ചു ചോദ്യങ്ങള്‍ക്ക് പത്തു സ്കോര്‍ വീതമാണ്. തെറ്റിയാല്‍ പത്തു സ്കോര്‍ ആകെയുള്ള സ്കോറില്‍ നിന്ന് കുറയും. ധൈര്യശാലികള്‍ക്ക് വലിയ സ്കോര്‍ നേടാവുന്ന റൌണ്ടാണിത്.




കേവലമായ ഒരു ചോദ്യോത്തര പരിപാടി എന്നതിനപ്പുറം രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്ത് മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരെയും കൃതികളെയും കൂടുതല്‍ മള്‍ട്ടി മീഡിയ സഹായത്തോടെ പരിചയപ്പെടുത്താന്‍ ഈ സന്ദര്‍ഭം സഹായകമാകും.
ഒന്ന് രണ്ടു മൂന്ന് സമ്മാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പയ്യന്നൂരിലെ ഡി സി ബുക്സ്‌ ഏജന്‍സിയായ ബുക്ക്‌ ലൈന്‍ അറുനൂറ്റമ്പതോളം രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ഹയര്‍  സെക്കന്ററിയിലെ മലയാളം അദ്ധ്യാപകന്‍ പി. പ്രേമചന്ദ്രനാണ് പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഫോണ്‍ 9446168067

സ്‌കൂളിലെ ഫിസിയോ തെറാപ്പി സെന്റര്‍

ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

സ്കൂളിലും ഫിസിയോ തെറാപ്പി സെന്ററോ!! കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ആശ്ചര്യം തോന്നാം. എന്നാല്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യ സംരംഭമായ സ്‌കൂളിലെ ഫിസിയോ തെറാപ്പി സെന്ററിനു പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പയ്യന്നൂരിലും പരിസരത്തുമുള്ള ശാരീരികമായ  പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെന്റര്‍ ആശ്വാസമാകും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ തന്നെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഫിസിയോതൊറാപ്പിസെന്ററും. പരിശീലനം സിദ്ധിച്ച ഫിസിയോതെറാപ്പിസ്റ്റിനെ നിയമിച്ചതും  തൊറാപ്പിക്കാവശ്യമായ ഉപകരണങ്ങള്‍ നല്കിയതും സംസ്ഥാന ഐ ഇ ഡി സെല്ലാണ്. ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ എം.എല്‍ .എ സി. കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സന്‍ എം. വനജ,  പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ , കൌണ്‍സിലര്‍ മണിയറ ചന്ദ്രന്‍ , പ്രിന്‍സിപ്പാള്‍ പി. ശ്യാമള, പി.ടി.എ പ്രസിഡണ്ട് കെ. വി.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വെച്ച് സംസ്ഥാന വായനാ മത്സരത്തില്‍ സമ്മാനം നേടിയ കെ.അര്‍ച്ചനയ്ക്കും സ്‌കൂള്‍തലമത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിനു മുന്പായി സ്‌കൂളില്‍ ആദ്യമായെത്തിയ എം എല്‍ എ ക്ക് സ്‌കൂള്‍ പി ടി എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.   

ഫിസിയോതെറാപ്പി സെന്റര്‍ ഉദ്ഘാടനവും എം എല്‍ എ ക്ക് സ്വീകരണവും.


Tuesday, July 5, 2011

ബഷീര്‍ സ്മരണ

ബഷീര്‍ അനുസ്മരണ പ്രഭാഷണം ശ്രീ.എ.വി.പവിത്രന്‍ നിര്‍വ്വഹിക്കുന്നു.

നവോത്ഥാനത്തിന്റെ ഊര്‍ജ്ജം ആദ്യകൃതിമുതല്‍ അവസാനരചനവരെ അണയാതെ സൂക്ഷിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറെന്ന്  പ്രശസ്ത നിരൂപകനായ എ വി പവിത്രന്‍ അഭിപ്രായപ്പെട്ടു. പ്രേമലേഖനം മുതല്‍ സമൂഹത്തിന്റെ സാമ്പ്രദായികമായ ചിന്താധാരകളെ വെല്ലുവിളിക്കാനും ആധുനികമായ ഒരു ജീവിതബോധം മുന്നോട്ടു വെക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്തെ മലയാളത്തിലെ മറ്റെഴുത്തുകാരെപ്പോലെ സാഹിത്യത്തിനുള്ള സവിശേഷമായ ഭാഷയോ പാണ്ഡിത്യമോ അല്ല ബഷീറിനെ എഴുത്തുകാരനാക്കിയത്. അനുഭവങ്ങളുടെ തീപ്പരപ്പിലൂടെ ധീരമായി നടന്നുപോയ ഓര്‍മ്മകളാണ് അദ്ദേഹം പില്‍ക്കാലത്ത് അയവെട്ടിയെടുത്ത് ലോകോത്തര സാഹിത്യ രചനകളായി നമുക്ക് മുന്നില്‍ പകര്‍ന്നു തന്നത്. ഗവ ഗേള്‍സ്‌ സ്കൂളില്‍ നടന്ന ബഷീര്‍ സ്മരണയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിനു പ്രിന്‍സിപ്പാള്‍ പി ശ്യാമള  ടീച്ചറും ഹെഡ് മാസ്റ്റര്‍ പി വി ഭാസ്കരന്‍ മാസ്റ്ററും ആശംസകള്‍ നേര്‍ന്നു. പി പ്രേമചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. അന്തരിച്ച എഴുത്തുകാരന്‍ രവീന്ദ്രന്റെ മരണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ' എന്നാ നോവലിനെക്കുറിച്ചുള്ള പഠനം മിഥുനാ ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ശ്രീ എം. ആര്‍ . ശശിധരന്‍ ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ശബ്ദങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Friday, July 1, 2011

പരിസ്ഥിതി ദിനാഘോഷവും അനുമോദനവും.




മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ പി. പ്രേമചന്ദ്രന്‍ മാസ്റ്ററെ പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ അനുമോദിച്ചു. സ്കൂള്‍ പി ടി എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ അനുമോദന സമ്മേളനം പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങളുടെ വകയായുള്ള ഉപഹാരം അദ്ദേഹം പ്രേമചന്ദ്രന്‍ മാസ്റ്റര്‍ക്ക് നല്‍കി. ചടങ്ങില്‍ വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൌണ്‍സിലര്‍ മണിയറ  ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി ടി എ പ്രസിഡണ്ട്‌ കെ വി ശശി സ്വാഗതവും പ്രിന്‍സിപ്പാള്‍ പി ശ്യാമള നന്ദിയും പറഞ്ഞു.

സ്കൂള്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികളും നഗര സഭാ വൈസ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ നാന്ദി കുറിച്ചുകൊണ്ട് അഞ്ചാം തരത്തിലെ ശ്രീഷ്മ സ്കൂള്‍ മുറ്റത്ത് കണിക്കൊന്നയുടെ തൈനട്ടു.

Tuesday, May 31, 2011

ചലച്ചിത്രത്തിന്റെ സാധ്യതകള്‍


ചലച്ചിത്രോത്സവം മധു കൈതപ്രം ഉദ്ഘാടനം ചെയ്യുന്നു.
ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ തിരിച്ചറിവുണ്ടാക്കുന്നതിനായി പയ്യന്നൂര്‍ ഗവ. ഗേള്‍സ്് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ചലച്ചിത്രോത്സവം ശ്രദ്ധേയമായി. സിനിമയെന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ കേവലം ഒരു കച്ചവട ഉത്പന്നമായി മാത്രം കാണുന്ന ശീലത്തില്‍ നിന്നും മാറിനടക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിലെ ക്ലാസുകളും പ്രദര്‍ശിപ്പിച്ച സിനിമകളും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടനം പ്രശസ്ത സംവിധായകന്‍ മധു കൈതപ്രം നിര്‍വഹിച്ചു. സ്‌കൂളുകളില്‍ വച്ചേ സിനിമയെ സൂക്ഷ്മമായി പഠിക്കുന്നതിന്റെ മെച്ചങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. മനുഷ്യന്റെ ഉള്ളിലെ നന്മയും കരുണയും വളര്‍ത്തകയും മറ്റേതൊരു കലാരൂപത്തെയും പോലെ നാളെയുടെ നന്മയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുക തന്നെയാണ് സിനിമയുടെയും ലക്ഷ്യം. നല്ല സിനിമകളെ പിന്തുണയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അങ്ങിനെ മാത്രമേ ദുഷിച്ചുനാറിയ ഒരു ചലച്ചിത്രസംസ്‌കാരത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്ക് കഴിയൂ എന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഉത്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി. ശ്യാമള അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പി. ശ്യാമള (പ്രിന്‍സിപ്പാള്‍ )
ഭാസ്‌കരന്‍ മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ )
അഞ്ജലി എസ് ആര്‍
ചൈനീസ് സിനിമയായ ഗെറ്റിംഗ് ഹോം, ചാര്‍ളി ചാപ്ലിന്റെ കിഡ്, സ്പാനിഷ് സിനിമയായ പാന്‍സ് ലാബരിന്ത്, കൊറിയന്‍ സിനിമ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, പഥേര്‍ പാഞ്ചാലി, ബഷീര്‍ ദ മാന്‍, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നില്ലേ, സിനിമാ ടിക്കറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം ചലച്ചിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ എടുത്തുകാട്ടി എം. കെ. അജയകുമാര്‍ പരിചയപ്പെടുത്തി. ലൂമിയര്‍ സിനിമകള്‍, ഗ്രേറ്റ് ട്രെയിന്‍ റോബറി, ബര്‍ത്ത് ഓഫ് എ നാഷന്‍, ഫ്‌ളവേര്‍സ് ആന്ഡ് ട്രീസ് എന്നിവ ക്ലാസിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. കച്ചവട സിനിമകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകളെ സംബന്ധിച്ചും നല്ല സിനിമകള്‍ എങ്ങിനെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ചും ജിനേഷ് കുമാര്‍ എരമം ക്ലാസെടുത്തു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന പ്രവണത എന്നിവയ്ക്ക് കച്ചവടം മാത്രം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന സിനികള്‍ എങ്ങിനെ കാരണമാകുന്നു എന്ന് സോദാഹരണം അദ്ദേഹം വ്യക്തമാക്കി. കുട്ടികളുമായുള്ള സംവാദവും ഈ വിഷയത്തില്‍ കൂടുതല്‍ തെളിച്ചം നല്കി.
ജിനേഷ് കുമാര്‍ എരമം

എം. കെ അജയകുമാര്‍

സിനിമയെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും ക്ലാസുകളും ഉപകാരപ്രദമായി എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സ്‌കൂളിലെ മലയാളം അധ്യാപകന്‍ പ്രേമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.


Thursday, September 30, 2010

കാത്തിരിപ്പിന്റെ പ്രകാശം


കാത്തിരിപ്പിന്റെ പ്രകാശം
ചെറുകഥ - അശ്വതി. ആര്‍.



വളരെ അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയി. ഒരു മിന്നല്‍ പിണര്‍ പോലെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയുമെല്ലാം മുഖം മനസ്സിലൂടെ ഓടിമറഞ്ഞു,
തകഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അയാള്‍ വീണ്ടുമെന്നോട് ചോദിച്ചു, " നീ എന്റെ കൂടെ വരികയല്ലേ".
അല്ലെന്നു പറയാന്‍ എന്തെ മനസ്സ് കൂട്ടാക്കത്തത്. എനിക്ക് എന്ത് പറ്റി....
ഇനിയുള്ള എന്റെ ജീവിതം....? അച്ഛന്‍ ..? അമ്മ ....? ആകെ അങ്കലാപ്പിലായ മനസ്സില്‍ ഒപ്പം ചോദ്യങ്ങളും ഒരുപാട് ഉയരുകയാണ്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതെ അയാളോടൊപ്പം ഞാന്‍ പടിയിറങ്ങി. അയാള്‍ എന്നിലെന്നുമുണ്ടെന്നു അതിശയത്തോടെ പുകഴ്ത്താറുള്ള സ്വത്വത്തിനു വിപരീതമായി, ഒരു നാണം കുണുങ്ങിയെപ്പോലെ ഞാന്‍ തലതാഴ്ത്തി നടന്നു. ചിന്തകള്‍ മനസ്സിനെ ആലോസരപ്പെടുത്തിയെങ്കിലും, അതില്‍ കണ്ണീരൊഴുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എങ്ങോട്ടെന്ന ലക്ഷ്യം നിര്‍ണയിക്കാന്‍ അയാളെ ചുമതലപ്പെടുത്തിയത് മുതല്‍ക്കു ഞാന്‍ എന്തിന് അതിനെക്കുറിച്ച് വേവലാതിപ്പെടണം?

നാളിത്ര കഴിഞ്ഞിട്ടും, ഇന്ന് ഈ വേശ്യാലയത്തിനു മുന്നില്‍ ലജ്ജയില്ലാതെ ഇരയെത്തേടിയിരിക്കുമ്പോഴും കണ്ണുകള്‍ തിരയുന്നത് അയാളെത്തന്നെയല്ലേ? എല്ലാ ആള്‍ക്കൂട്ടത്തിലും താന്‍ അന്ന് മുതല്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാളെ മാത്രമായിരുന്നില്ലേ? അയാളെ അത്രമേല്‍ സ്നേഹിക്കാന്‍ തനിക്കു ഇപ്പോഴും എങ്ങിനെ കഴിയുന്നു എന്ന അതിശയം മാത്രമാണ് ബാക്കി. ഇല്ല .. അയാള്‍ക്ക്‌ വരാതിരിക്കാന്‍ കഴിയില്ല. അന്ന് എന്റെ നേര്‍ക്കുതിര്‍ത്ത ചോദ്യത്തിലൊളിഞ്ഞ് നിന്ന അതേ ആത്മവിശ്വാസത്തോടെ അയാള്‍ ഒന്ന് കൂടി വിളിക്കും. തന്നെ കൊണ്ട് പോകും.
കറുത്ത മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു പ്രകാശത്തിന്റെ കീറല്‍ എത്തിനോക്കിയോ?

Thursday, September 2, 2010

ആവേശവും ആഹ്ലാദവും അലയടിച്ച ഓണാഘോഷം

ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാഘോഷ പരിപാടികള്‍ ഇക്കൊല്ലവും അതിഗംഭീരമായി തന്നെ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു.

ഓണപ്പൂക്കള മത്സരം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ ക്ലാസുകളും ആവേശത്തോടെ ഏറ്റെടുത്ത പൂക്കള മത്സരത്തില്‍, പൂക്കളുടെ വൈവിധ്യം കൊണ്ടും നാടന്‍പൂക്കളുടെ സമൃദ്ധി കൊണ്ടും കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന പ്ലസ് ടു സയന്‍സ് ബി ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്ലസ് ടു സയന്‍സ് എ ബാച്ചിനാണ് രണ്ടാം സ്ഥാനം. ഇരു ക്ലാസ്സുകളും പച്ചക്കറികള്‍ കൊണ്ടും തേങ്ങ കൊണ്ടും ഒരുക്കിയ പൂക്കളങ്ങള്‍ കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

പൂക്കള മത്സരത്തിനു ശേഷം നടന്ന ഓണപ്പാട്ട് മത്സരം പാട്ടുകളുടെ വൈവിധ്യം കൊണ്ടും സംഘാടനം കൊണ്ടും കുറ്റമറ്റതായി. മുഴുവന്‍ ക്ലാസുകളും വാശിയോടെ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് എ ബാച്ച് ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് ബി ബാച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന യു. പി. വിഭാഗം കുട്ടികള്‍ക്കുള്ള ബലൂണ്‍ പൊട്ടിക്കല്‍ ആവേശവും കൌതുകവും വിതറി.
ഒനാഘോഷത്തിലെ അവിസ്മരണീയ ഇനമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ കമ്പവലി മത്സരം. ആവേശം വാരിവിതറിയ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫൈനല്‍ റൌണ്ടില്‍ പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥിനികള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസിനെ 3 : 2 നു കീഴടക്കി ഒന്നാം സ്ഥാനം നേടി.






തുടര്‍ന്ന് നടന്ന യു. പി, ഹൈസ്കൂള്‍ വിഭാഗം കസേരക്കളിയും കുട്ടികളെ ആവേശഭരിതരാക്കി.






ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അധ്യാപകരുടെയും പി. ടി. എ യുടെയും വകയായി പാല്‍പ്പായസം തയ്യാറാക്കി വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Wednesday, September 1, 2010

മഞ്ഞുമലയില്‍ നിന്നൊരു കത്ത്.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് വ സയന്‍സ് എ

ജമ്മു,
28 .02 .2006.
ഉമ്മ,
ഞാന്‍ നാളെ വരും.
ബഷീര്‍.

"പടച്ചോന്‍ എന്റെ വിളി കേട്ട്." ആമിനുമ്മ കണ്ണ് തുടച്ചു. എവിടെയോ ഏതൊക്കെയോ ചില പട്ടാളക്കാര്‍ കൊല്ലപ്പെട്ടൂന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ മനസ്സിലെ ആധി. അവന്‍ പെട്ടെന്നിങ്ങെത്തിയാല്‍ മതി.

കുട്ടിക്കാലം മുതല്‍ക്കേ തോക്കുകളോടായിരുന്നു അവന് പ്രിയം. അവന്റെ ബാപ്പ മരിച്ചതും അതിര്‍ത്തിയിലെ ഏതോ പൊട്ടിത്തെറിയില്‍ തന്നെ. അതോര്‍ക്കുമ്പോള്‍ ഒരാളലാണ് മനസ്സില്‍. അതുകൊണ്ട് തന്നെയാണ് പട്ടാളത്തില്‍ ചേരാനൊരുങ്ങിയപ്പോള്‍ ബഷീറിനെ തടഞ്ഞതും.
"ഉമ്മാ, ധീരന്മാര്‍ക്കു ഒരിക്കലെ മരണമുള്ളൂ. നാടിനു വേണ്ടി ജീവന്‍ ബലികഴിച്ച ബാപ്പാടെ മോനാ ഞാന്‍". അവന്റെ വാക്കിലെ ഉറപ്പ് തന്റെ സംശയങ്ങളെ അലിയിച്ചു കളഞ്ഞു.

രാത്രിയുടെ കറുത്ത പുതപ്പിനുള്ളില്‍ കുറുനരികള്‍ ഓലിയിടാന്‍ തുടങ്ങി. മഴയുടെ താളം തെറ്റിച്ചു കൊണ്ട് വാതിലില്‍ മുട്ടുകേട്ടു.
"ഉമ്മാ..." ബഷീര്‍ വിളിച്ചു.
"ന്റ മോനെ ... നിന്നെയൊന്നു കാണാന്‍ എത്ര നാളായി ഞാന്‍ കാത്തിരിക്ക്ന്ന് "
ഉമ്മ അടുത്തു ചെന്നപ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി. "ഞാനൊന്ന് കുളിക്കട്ടെ ഉമ്മാ"
നേരം വെളിത്തപ്പോഴും മഴയുടെ ഇരമ്പല്‍ നിലച്ചിരുന്നില്ല.
" ഉമ്മാ .. ഞാന്‍ പള്ളീപ്പോണ്" ബഷീര്‍ പറയുന്നത് കേട്ടു. ഉമ്മറത്ത് ചെന്ന് നോക്കിയപ്പോള്‍ അവന്‍ മഴയില്‍ മറഞ്ഞു മറഞ്ഞു പോകുന്നു. അകത്തു അവന്‍ കൊണ്ട് വന്ന ബാഗും സാധനങ്ങളുമൊന്നും കാണുന്നില്ല.
ആമിനുമ്മാ.......... ആമിനുമ്മാ.......... " അയല്‍പക്കത്തെ ഖദീജ നനഞ്ഞൊലിച്ചു ഉമ്മറത്ത് നില്‍ക്കുന്നു. കൈയ്യില്‍ ചുരുട്ടി പ്പിടിച്ച പത്രം.
"ഉമ്മാ.." അവള്‍ കരയുന്നുണ്ടായിരുന്നു.
എന്തിനാണ് രാവിലെതന്നെ ഇവള്‍ സങ്കടപ്പെടുന്നത്?
മഴവെള്ളവും കണ്ണീരും ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്താതെ തന്നെ അവള്‍ പത്രം ഉമ്മയുടെ നേരെ നീട്ടി. കറുപ്പിന്റെ കനപ്പില്‍ പൊങ്ങിനിന്ന വാര്‍ത്ത ഉമ്മ ഇങ്ങനെ വായിച്ചു.
കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും.
ജമ്മു: ഇന്നലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച നാല് ജവാന്മാരെയും തിരിച്ചറിഞ്ഞു. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളത്തെ വടക്കേ പറമ്പത്ത് ബഷീറാണ് .......
അലറിക്കരയുന്ന മഴയ്ക്കൊപ്പം ബഷീറിന്റെ വിറയാര്‍ന്ന ശബ്ദം തനിയ്ക്ക് ചുറ്റും മുഴങ്ങി ക്കൊണ്ടിരിക്കുന്നത് ആമിനുമ്മ വ്യക്തമായും കേട്ടു. " ഉമ്മാ ..ഉമ്മാ..."

Tuesday, August 31, 2010

എന്നില്‍ നഷ്ടപ്പെട്ടത്


എന്നില്‍ നഷ്ടപ്പെട്ടത്.
കവിത: ജിജിന. കെ, പ്ലസ് ടു സയന്‍സ് എ ബാച്ച്
എന്താണ് ആദ്യം വറ്റിവരണ്ടത്?
വരണ്ടുണങ്ങിയ ഓര്‍മ്മകളെ ഞാന്‍ ചികഞ്ഞു തുടങ്ങി.
ഞാന്‍ കല്ലെറിഞ്ഞു കളിച്ച കുളമാണോ? അതോ -
എന്റെ ബാല്യത്തിനു തുണയായ പുളിമാവിന്‍ തണലോ?
കണ്ണുനീര്‍ വറ്റിയ അമ്മയുടെ വരണ്ട കണ്ണുകളോട്
ചോദിക്കാന്‍ ഭയം തോന്നിയെനിക്ക്.
ലഹരി തുഴഞ്ഞു വരുന്ന
അച്ഛന്റെ വയറുമാത്രം നിറഞ്ഞു നിന്നു.
തെറിവിളികള്‍, വിശപ്പ്‌ ....
മറ്റൊന്നും ഓര്‍മ്മയിലില്ല
വിണ്ട കല്‍ഭിത്തികളിലൂടെ പടര്‍ന്നു
അമ്മയുടെയും എന്റെയും ജീവനുമേല്‍
അവ നിഴലുകളായി

ഇന്ന്
താറിട്ട നാട്ടുറോഡിലൂടെ വരുമ്പോള്‍
ഞാന്‍ കണ്ട അശരണയായ വൃദ്ധ,
പിഞ്ചു ശരീരത്തിനുമേല്‍ ആര്‍ത്തിയോടെ ചിറി
നുണഞ്ഞിരിക്കുന്ന പട്ടികള്‍ ....
ഒന്നിനെയും ഞാന്‍ നോക്കിയില്ല.
ഫുട്ബോള്‍ മാച്ച് തുടങ്ങാന്‍ നേരമായി.
വരണ്ടുണങ്ങിയ പാടത്തെത്തിയപ്പോള്‍
ഉത്തരം കിട്ടിയ മനസ്സ് ഉള്ളില്‍ മന്ത്രിച്ചു,
വറ്റി വരണ്ടത് നിന്റെ മനുഷ്യത്വമത്രേ
കരിഞ്ഞുണങ്ങിയത് ലോകത്തിന്റെ മാനവികതയും.

Monday, August 30, 2010

ഹരിത വിസ്മയവുമായി മാടായിപ്പാറയില്‍

നഗരത്തിന്റെ നരച്ച കാഴ്ചകളില്‍ നിന്നും പച്ചപ്പിന്റെ അനുപമസൌന്ദര്യത്തിലേക്കുള്ള ഒരു രക്ഷപ്പെടലിനും പ്രകൃതിയിലെ അറിവിന്റെ ഖനികളില്‍ നിന്നും തിരിച്ചറിവ് സ്വായത്തമാക്കുന്നതിനും വേണ്ടിയാണു പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മാടായിപ്പാറയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ജൈവ വൈവിധ്യക്കലവറയായ മാടയിപ്പാറയിലേക്കുള്ള യാത്ര.

രാവിലെ പതിനൊന്നരയോടെ മാടായിപ്പാറയിലെത്തിയ സംഘത്തെ വരവേറ്റത് പച്ചപുതച്ച പാറപ്പുറങ്ങളും കാക്കപ്പൂക്കളുടെ പുഞ്ചിരിയുമാണ്. വാലിസ് നേരിയ എന്ന ചെറുജല സസ്യത്തില്‍ തുടങ്ങി ഡ്റൊസീറ, ചൂതപ്പൂ, കൃഷ്ണപ്പൂ, ഡെസ്മോഡിയ, പാറമുള്ള് മുതലായ വൈവിദ്യ പൂര്‍ണമായ സസ്യങ്ങള്‍ വഴിയിലുടനീളം കാഴ്ചവിരുന്നൊരുക്കി നിന്നു. മാടായിപ്പാറയില്‍ മാത്രമായി കാണപ്പെടുന്ന ഒരപൂര്‍വ സസ്യവിഭാഗമാണ്‌ പാറമുള്ള്. മാടായിപ്പാറയുടെ ഹൃദയത്തോട് പറ്റിച്ചേര്‍ന്നു ഈ സവിശേഷ സസ്യം പരന്നു കിടക്കുകയാണ്.

മാടായിക്കാവിന്റെ കുളിര്‍മയിലെക്കാണ് തുടര്‍ന്ന് സംഗം ഊളിയിട്ടത്. നിറകുലകളുമായി കാവില്‍ പടര്‍ന്നു നിന്നിരുന്ന മുന്തിരിവള്ളി ഏറെ അത്ഭുതമുണര്‍ത്തി. മുന്തിരിയുടെ നാടന്‍ തരമായിരുന്നു അത്. അതില്‍ നിന്നും ആണ് ഇന്ന് വിപണി യിലെത്തിനില്‍ക്കുന്ന മുന്തിരി വികസിപ്പിച്ചെടുത്തത്. ഹുഗോനിയ, കായാമ്പൂ, ചിറ്റമൃത് ..... കാവിന്റെ ഹരിത സസ്യ സമ്പത്ത് അങ്ങിനെ നീളുന്നു. കാവിന്റെ ഹരിതഛായയില്‍ നിന്നും പാറയുടെ പച്ചപ്പട്ടിലേക്ക് ഞങ്ങള്‍ വീണ്ടും കടന്നു.

പാറകളില്‍ സമൃദ്ധമായി കാണുന്ന ഒരു പ്രത്യേക ചെടിയാണ് ലൈക്കന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സസ്യങ്ങളല്ല. പൂപ്പല്‍ പോലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചു കൊണ്ട് ഇവ പുതിയ വാസസ്ഥലങ്ങള്‍ തേടുന്നു. പൂക്കളുടെ സമൃദ്ധിയാണ്‌ മാടായിപ്പാറയെ ഏറെ ആകര്‍ഷകമാക്കുന്നത്. നാട്ടില്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാക്കപ്പൂവും കൃഷ്ണപ്പൂവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

അക്കേഷ്യാ മരങ്ങളുടെ തണലിലെ ഊണിനു ശേഷം, മാടായിപ്പാറയുടെ വിസ്മയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ചൈനക്ലേ കമ്പനി ഖനം നടത്തുന്ന പ്രദേശങ്ങള്‍ കാണാനാണ് പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ സാക്ഷ്യപത്രമായി മാടായിപ്പാറയുടെ മാറിലെ വിള്ളലുകള്‍ കുട്ടികളുടെ മനസ്സില്‍ ചോരവാര്‍ന്നു നിന്നു. പച്ചപ്പിന്റെ താഴ്വാരത്തില്‍ ചുമപ്പും മഞ്ഞയും നിറങ്ങള്‍ നിറച്ച് ചൈനക്ലേ സ്ഥലം അനൌചിത്യം പോലെ മുന്നില്‍ വൃത്തികേടുകള്‍ കാട്ടി നിന്നു. ചിലപ്പോള്‍ ഈ ജൈവ വൈവിധ്യക്കലവറയെ നാളെ നാമാവശേഷമാക്കുക ഈ കമ്പനിയായിരിക്കും.

ഈ യാത്രയില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സവിശേഷമായ ഒരു 'ഉപഹാരവും' ലഭിച്ചു. നായയുടെതെന്നു തോന്നിക്കുന്ന ഒരസ്ഥികൂടം. ശാസ്ത്ര കൌതുകം തുടിക്കുന്ന കണ്ണുകളുമായി ഞങ്ങള്‍ അതിനു ചുറ്റും കൂടി. ഒടുവില്‍ കൂടുതല്‍ പഠനത്തിനായി അത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു. മാടായിപ്പാറയുടെ അപൂര്‍വ്വ സമ്മാനമായി ആ അസ്ഥികൂടം സ്കൂള്‍ ലാബില്‍ ഇടംപിടിച്ചു.

വേനല്‍ ക്കാലത്തും ജല സമൃദ്ധിയോടെ നില്‍ക്കുന്ന വടുകുന്ദ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ എന്നത് മറന്നു എല്ലാവരും വടുകുന്ദതടാകത്തിന്റെ ഓളങ്ങളില്‍ കാലിട്ടടിച്ച്‌ രസിച്ചു. അപ്പോഴേക്കും സൂര്യന്‍ ദൂരെ എഴിമലക്ക് താഴേക്കു മറയാന്‍ തുടങ്ങിയിരുന്നു. മാടായിപ്പാറ പകര്‍ന്നു നല്‍കിയ പുത്തനറിവുകളുമായി കുട്ടികള്‍ മലമുകളിലെ ആ 'സൌന്ദര്യ തീരത്തോട് ' വിടപറഞ്ഞു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് :അമ്പിളി. കെ.

Sunday, August 22, 2010

ചലച്ചിത്രോത്സവം


ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളുടെ പഠന മേഖലയില്‍ പ്രധാനപ്പെട്ട ഒന്നായ, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആഗസ്ത് 13 , 14 തീയ്യതികളില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ചലച്ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തിരക്കഥകള്‍ പരിചയപ്പെടല്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.ഫീച്ചര്‍ / ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സത്യജിത്ത് റായി യുടെ 'പാഥേര്‍ പാഞ്ചലി', എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍', ചാപ്ലിന്റെ 'ദ കിഡ് ', എം. ആര്‍. ശശിധരന്റെ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ശബ്ദങ്ങള്‍', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ് ', ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' ( രണ്ടും 'കേരള കഫെ' എന്ന സിനിമയിലേത്‌ ) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

Wednesday, August 18, 2010

വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ചിന്തകളില്‍



മാനവ വംശത്തിനു മേല്‍ യുദ്ധം വരുത്തിവെച്ച ഭീകര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിയും യുദ്ധത്തിനെതിരായ മനോഭാവം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും അനുസ്മരിച്ചു.
സ്കൂളിലെ മുഴുവന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കി. പോസ്റ്ററുകളുടെ പ്രദര്‍ശനം ഹിരോഷിമാ ദിനത്തിന് സ്കൂള്‍ ഹാളില്‍ ഒരുക്കി. പോസ്റര്‍ പ്രദര്‍ശനം ശ്രീ അക്ബര്‍ കക്കട്ടില്‍, യു. കെ. കുമാരന്‍. ശത്രുഘ്നന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുദ്ധ വിരുദ്ധ ചലച്ചിത്രമായ നൈറ്റ്‌ & ഫോഗ് ( ഹിറ്റ്ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന, മനുഷ്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൊടും ക്രൂരതകളുടെ മുഖം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ) ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ സമാധാന സന്ദേശമായ സുഡാക്കോ കൊറ്റികള്‍ കുട്ടികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സമര്‍പ്പിച്ചു.

ചടങ്ങില്‍ പ്രിസിപ്പാള്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

യുദ്ധവിരുദ്ധ പരിപാടികള്‍ക്ക് അശോകന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.