Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, November 25, 2011

സൈബര്‍ കുറ്റകൃത്യങ്ങള്‍ ബോധവത്കരണക്ലാസ്


സൈബര്‍ കുറ്റകൃത്യങ്ങളും മൊബൈല്‍ഫോണ്‍ വഴിയുള്ള ചതികളും ഏറിവരുന്ന വര്‍ത്തമാനകാലത്ത് അവയെ സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്കരുതലുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുനായി പഠന ക്ലാസ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ലയന്‍സ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ ബോധവത്കരണക്ലാസ് പയ്യന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ എ വി ദിനേശ് ഉത്ഘാടനം ചെയ്തു. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍  എന്നിവ വഴി ഏറിവരുന്ന കുറ്റങ്ങള്‍ അവയുടെ അനന്തര ഫലങ്ങള്‍ എന്നിവ അദ്ദേഹം സ്വന്തം അനുഭവം മുന്‍ നിര്‍ത്തി അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് പല തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നതിനു സഹായകകരമായിരുന്നു. എല്‍ . ബി. എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ എഞ്ചിനീയര്‍ കെ. ദിനേശ്‌ കുമാര്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ ക്ലാസ്‌ നല്‍കി.
ഇന്റര്‍നെറ്റ് ഇന്ന് എങ്ങിനെ അറിവിന്റെ അനന്തമായ ആകാശമായി മാറി എന്നും അത് വിദ്യാഭ്യാസത്തിനു എങ്ങിനെ അനുഗുണമായി പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. എന്നാല്‍ അപക്വമായ, കരുതലില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം വരുത്തിവേക്കാവുന്ന അപകടങ്ങള്‍ അദ്ദേഹം സോദാഹരണം വിശദീകരിച്ചു. സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വിരിക്കുന്ന ചതിക്കുഴികള്‍ ഇന്റര്‍നെറ്റ് വഴിയുള്ള സാമ്പത്തിക കൊള്ളകള്‍ എന്നിവയെക്കുറിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദമാക്കി. മൊബൈല്‍ ഫോണുകള്‍ വ്യാപകമായ ഇക്കാലത്ത് അവ വ്യക്തികളുടെ സ്വകാര്യതകല്‍ക്കുമേല്‍ എങ്ങിനെ കടന്നുകയറുന്നു എന്നും അവയില്‍ അടങ്ങിയിട്ടുള്ള കുറ്റങ്ങളുടെ ആഴം എന്തെന്നും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
ചടങ്ങില്‍ ലയണ്സ് ക്ലബ്ബ്‌ പ്രസിഡണ്ട്‌ ടി. ജാഫര്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട്‌ കെ.വി.പവിത്രന്‍ പ്രിന്‍സിപ്പാള്‍ പി. ശ്യാമള, വി. ബാലന്‍ , മദര്‍ പി ടി എ പ്രസിഡണ്ട്‌ എ.കെ. പദ്മജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ്‌ സെക്രട്ടറി ടി.പി. അശോകന്‍ സ്വാഗതവും നാഷിദ നാസര്‍ നന്ദിയും പറഞ്ഞു.

യുവ ശാസ്ത്രജ്ഞന് പയ്യന്നൂര്‍ ഗവ ഗേള്‍സ് സ്‌കൂളിന്റെ ആദരം




പയ്യന്നൂരില്‍ ജനിച്ചു ഭാരതത്തിന്റെ അഭിമാനമായ യുവ ശാസ്ത്രജ്ഞന്‍ ഡോ. കെ എം സുരേശന് പയ്യന്നൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്വീകരണം നല്‍കി. ശാസ്ത്രരംഗത്തെ അസാധാരണ പ്രതിഭകള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ രാമാനുജന്‍ ഫെല്ലോഷിപ്പും ക്ഷയരോഗത്തിനുള്ള ചെലവ് കുറഞ്ഞ മരുന്ന് കണ്ടെത്തിയതിന് അമേരിക്കയിലെ ഇന്നോസെന്റീവ് അവാര്‍ഡും ലഭിച്ച ഡോ.സുരേശന് സ്‌കൂളിന്റെ സ്‌നേഹോപഹാരം പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ സമ്മാനിച്ചു. നവംബര്‍ 16 ന് രാവിലെ നടന്ന ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ എം. വാസന്തി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.ശ്യാമള, കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് 'രസതന്ത്രത്തിന്റെ വിസ്മയ ലോകം' എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ.എം.സുരേശന്‍ സോദാഹരണ ക്ലാസെടുത്തു. രസതന്ത്രത്തിന്റെ ചരിത്രം അത്ഭുതകരമായ കണ്ടെത്തലുകള്‍ തൊഴില്‍ സാധ്യതകള്‍ എന്നിവ അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. രസതന്ത്ര വിഭാഗം അധ്യാപകനായ ഡോ. സുരേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.




Sunday, October 30, 2011

കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴന്‍ - പി. കെ. സുരേഷ് കുമാര്‍


പയ്യന്നൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ആധുനികതയുടെ പ്രയോക്താവുമായ കാക്കനാടന്‍ വൈരുദ്ധ്യങ്ങളുടെ തോഴനാനെന്നു എതിര്‍ദിശ പത്രാധിപരും നിരൂപകനുമായ പി. കെ. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കാക്കനാടന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃസ്ത്യാനിയായ ജോര്‍ജ്ജ് വര്‍ഗീസ്‌ എന്ന കാക്കനാടന്‍ ഹിന്ദു മിത്തോളജിയിലും താന്ത്രികവിദ്യയിലും ശക്തമായ അഭിനിവേശം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുമ്പോഴും അദ്ദേഹം അരാജകവാദത്തെ രചനകളില്‍ പ്രമാണമാക്കി. കാല്‍പ്പനികതയുടെയും നവോത്ഥാനത്തിന്റെയും കാലം കഴിഞ്ഞ് മലയാള സാഹിത്യത്തില്‍ ആഞ്ഞടിച്ച പാശ്ചാത്യ ആധുനികതയുടെ മുന്നണിപ്പോരാളിയായിരുനു കാക്കനാടന്‍. സമൂഹത്തെ ഞെട്ടിപ്പിച്ചുണര്‍ത്താന്‍ തക്ക ശേഷിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും. തനിക്കു പറയാനുള്ള ഒരു ആശയത്തെ തന്നെ ഇത്രമാത്രം വൈവിധ്യപൂര്‍ണമായും വ്യത്യസ്ത ഭാഷാ ശൈലിയാലും അവതരിപ്പിച്ച കാക്കനാടന്റെ കൃതികള്‍ ആ അര്‍ത്ഥത്തില്‍ ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പാള്‍ പി. ശ്യാമള, ഹെഡ് മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മലയാളം അദ്ധ്യാപകന്‍ പി.പ്രമചന്ദ്രന്‍ സ്വാഗതവും മിഥുനാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Sunday, August 21, 2011

ഞാന്‍ ഒരു കവിയെ കാണുകയായിരുന്നു.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് ടു സയന്‍സ് എ


ഏതോ കാല്‍പ്പനിക  വസന്തത്തിന്റെ  കുളിരുകോരുന്ന വേദനപോലെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് പതിവാണ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അടുത്തു വരുമ്പോള്‍ . ഇന്നാണ് എന്റെ പ്രിയ കവിയെ ഞാന്‍ കാണാന്‍ പോകുന്നത്.
ഇന്നലെ ഇന്റെര്‍വെല്ലിനു പുറത്തിറങ്ങിയപ്പോഴാണ് ഓഫീസിനു മുന്നിലെ ബോര്‍ഡ് കണ്ടത്. കാവ്യ സദസ്സ് - പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ചൊല്ലുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരുന്മാദം എന്റെ മസ്തിഷ്കത്തിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. കാലുകള്‍ മുന്നോട്ടു തന്നെ ചലിച്ചു. പക്ഷെ മനസ്സ് അതെന്നെ പിന്നെയും പിറകിലോട്ടു വലിച്ചു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ - അമ്മ മലയാളത്തിന്റെ കവിതാകാരന്‍ - എന്റെ സ്കൂളില്‍ .. ഞങ്ങളുടെ മുന്നില്‍ കവിത ചൊല്ലാന്‍ .. എങ്ങിനെയാണ് ക്ലാസിലേക്ക് ഓടിയെത്തിയതെന്നും കൂട്ടുകാരോട് കാര്യം പറഞ്ഞതെന്നും എനിക്ക് ഇപ്പൊഴുമറിയില്ല. ആത്മാവ് സന്തോഷത്താല്‍ വലിഞ്ഞു മുറുകുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കവി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. സംസാരിക്കാന്‍ പോകുന്നു. അമ്മ മലയാളത്തിന്റെ പഞ്ചാരക്കയ്പ് തികട്ടി വന്നു.പാഠം ആവര്‍ത്തിച്ചു വായിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ മനസ്സില്‍ കൊത്തിവച്ച വരികള്‍
രക്ഷിച്ചിടെണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
പിന്നീടെപ്പോഴോ പത്താംതരത്തിലെ ചോദ്യപ്പേപ്പറില്‍ തെളിഞ്ഞതും ആ വരികള്‍ തന്നെയായിരുന്നു.
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ..
എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നര. സ്മാര്‍ട്ട് റൂമില്‍ മുന്‍ വരിയില്‍ തന്നെയിരിക്കാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍ . ഒടുവില്‍ ഒന്നാം വരിയില്‍ ഒന്നാമതായി ഞാന്‍ ഇരുന്നു. മൈക്കിനു നേരെ മുന്നില്‍ .ദൈവഹിതം.
ഒരു നിമിഷം. മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. കവി കടന്നു വന്നു. പ്രേമചന്ദ്രന്‍ മാഷുടെ സ്വാഗത ഭാഷണവും ശ്യാമള ടീച്ചറുടെയും ഭാസ്കരന്‍ മാഷുടെയും ആശംസകളും കഴിഞ്ഞു കവി എഴുന്നേറ്റു.
പിന്നീടുള്ള നിമിഷങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. കവിയും കുട്ടികളും. പ്രശസ്തനായ കവി ഗൌരവക്കാരനായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് തെറ്റി. സാധാരണക്കാരില്‍ സാധാരണക്കാരനായി കവി അനാര്‍ഭാടമായും അനൌപചാരികമായും ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
വളരെ പതുക്കെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു. കവിത വിരിയുന്നത് എവിടെയാണ്? അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് ജനതയുടെ നോവുകളിലാണ്, ദുരിതങ്ങളിലാണ്, സഹാനങ്ങളിലാണ്. രാജസദസ്സില്‍ നില്‍ക്കുന്ന അടിമപ്പെന്കുട്ടിയും അവള്‍ കൈയിടാനൊരുങ്ങുന്ന കുടത്തിലെ തേളും  - തൊഴിലാളികള്‍ അധസ്ഥിതര്‍ എന്നും ഒരുമയുള്ളവരാണ്  - കവി ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ആ കവിത..
മണലാരണ്യത്തില്‍ സ്വപ്നങ്ങളുടെ വരള്‍ച്ചയിലും പച്ചപ്പിനെയും പ്രണയത്തെയും താലോലിക്കുന്ന ഗള്‍ഫ് മലയാളി- അറേബ്യന്‍ രാത്രികള്‍
ഇനിയൊരിക്കല്‍ വിദേശ രാജ്യത്തേക്ക് കടലുകാണുവാന്‍ പോകുന്നു കുട്ടികള്‍ - പഠനയാത്ര
സ്കൂളുകള്‍ കച്ചവടസ്ഥാപനങ്ങളാകുന്ന പുതിയ കാലത്തെ കശക്കിയെറിയുന്ന കവിത - സ്കൂള്‍ ബാര്‍
കവി ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെടൊഴുകിയത് നഗ്നകവിതകളുടെ ചിരിയും ചിന്തയുമാണ്.
സാരിക്കായുള്ള സ്റ്റാഫ് റൂമിലെ യുദ്ധത്തില്‍ ഫിസിക്സും ബയോളജിയും ചത്തുവീഴുന്ന 'അങ്ക'വും, കുഞ്ഞാമിനയുടെ 'പുയ്യാപ്ല'യും 'യുറീക്ക'യും സദസ്സില്‍ ചിരിപടര്‍ത്തി. രാഹുകാലം, ട്യൂഷന്‍ , പശു, സ്കൂള്‍ ഡേ, പെണ്ണെഴുത്ത് ചപ്പാത്തി തുടങ്ങിയ കവിതകള്‍ ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. കവി പറഞ്ഞു. ഈ കവിതകള്‍ കേട്ട് നിങ്ങളെല്ലാം ചിരിച്ചു. നിങ്ങളോടൊപ്പം ഇപ്പോള്‍ ഞാനും. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇവയെല്ലാം എഴുതിയത്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയോ? ഞാന്‍ ആ ഭാവപകര്‍ച്ച കണ്ട് അതിശയിച്ചിരുന്നുപോയി. ഒരു കവിയുടെ ആത്മാര്‍ത്ഥത ഞാന്‍ അറിയുകയായിരുന്നു. ചുറ്റുപാടുകളുടെ കപടതകണ്ട് മനസ്സില്‍ നിന്ന് കവിത ഉറന്നൊഴുകുന്നതു തീര്‍ച്ചയായും സന്തോഷത്തോടു  കൂടിയല്ലായിരിക്കുമെന്നു ഉറപ്പാണല്ലോ.
 ഒടുവില്‍ ഞങ്ങള്‍ക്ക് പഠിയ്ക്കാനുള്ള മനുഷ്യപ്രദര്‍ശനവും അദ്ദേഹം പാടി. ഒരു ശംഖുപുഷ്പം കാണാന്‍ നാളെ നാം എവിടെ പോകേണ്ടിവരും എന്നുചോദിച്ചപ്പോള്‍ പുഷ്പങ്ങള്‍ക്കായി മ്യൂസിയമൊരുങ്ങുന്നത് അറിയാന്‍ ഇടവന്നതിനെക്കുറിച്ച് കവി പറഞ്ഞു. നാളെ മനുഷ്യനെ കാണാനും നാം മ്യൂസിയത്തില്‍ പോകേണ്ടി വരുമോ? ഈ ആലോചനയില്‍ നിന്നാണ് 'മനുഷ്യപ്രദര്‍ശനം' എന്ന കവിത പിറവിയെടുത്തതെന്നു ആമുഖമായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെയെല്ലാം ഉണര്‍ത്താന്‍ രണ്ടു മനോഹരമായ നാടന്‍ പാട്ടുകളും അദ്ദേഹം ആലപിച്ചു. ഞങ്ങളുടെ നാവിന്‍ തുമ്പില്‍ ദ്രുതതാളത്തിലുള്ള വരികള്‍ തെറ്റിപ്പിരിയുന്നത്‌ കണ്ട് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു.
തുടര്‍ന്ന്, താന്‍ ഒരു ജനാധിപത്യവിശ്വാസിയായത്‌ കൊണ്ട് നിങ്ങള്ക്ക് പറയാനുള്ള അവസരമാണെന്ന് പറഞ്ഞ് ഞങ്ങളെ സംവാദത്തിനായി ക്ഷണിച്ചു. അമ്മമലയാളമെന്ന കവിത എനിക്ക് കേള്‍ക്കണമായിരുന്നു. അമ്മമലയാളത്തിന്റെ കുറച്ചു  വരികള്‍ പാടാമോ? ഞാന്‍ മടിച്ചാണ് ചോദിച്ചത്. എനിക്കായി ആ വലിയ കവിത മുഴുവനായും അദ്ദേഹം പാടി, കവിത ചൊല്ലി ക്ഷീണിച്ച ആ അവസരത്തിലും.
മലയാളഭാഷയെക്കുറിച്ച്, കവിയുടെ സാമൂഹികമായ  അംഗീകാരത്തെക്കുറിച്ച്, പുതിയ കാലത്തിന്റെ ആസുരതയെക്കുറിച്ച് കിട്ടിയ സമയം എന്റെ കൂട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓരോന്നിനും അദ്ദേഹത്തിനു തന്റേതു മാത്രമായ ഉത്തരമുണ്ടായിരുന്നു. കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അവര്‍ തനിയെ വിചാരിച്ചാല്‍ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. കലാകാരന് സ്ഥാനമുള്ളത് നിങ്ങളുടെയൊക്കെ മനസ്സുകളില്‍ മാത്രം. പ്രശ്ന പരിഹരണം രാഷ്ട്രീയമായി മാത്രമേ ഉണ്ടാകൂ. മലയാളം വീണ്ടെടുക്കാനും സമരം മാത്രമേ ഇന്ന് വഴിയുള്ളൂ..
അദ്ദേഹം പതുക്കെ വിടവാങ്ങി. ഞാന്‍ ഒരു കവിയെ കാണുകയല്ലായിരുന്നു, അറിയുകയായിരുന്നു.





Wednesday, July 6, 2011

മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്


വായനാവാരത്തോടനുബന്ധിച്ചു  നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി.

രണ്ടു ഘട്ടമാണ് ക്വിസ്സിനു ഉണ്ടായിരുന്നത്. സ്കൂളിലെ സാഹിത്യതത്പരരായ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചു നടത്തിയ ആദ്യ ഘട്ടത്തില്‍ , എഴുത്തുകാരികളെ തിരിച്ചറിയാം, കഥാപാത്രങ്ങള്‍ കൃതികള്‍ , വായനശാല എന്നീ മൂന്നു റൌണ്ടുകളിലായി ഇരുപത്തഞ്ചു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. മികച്ച സ്കൂര്‍ നേടിയ പന്ത്രണ്ടു പേരെ ഇതിലൂടെ തെരഞ്ഞെടുത്തു. ഹൈസ്കൂളില്‍ നിന്ന് നാലുപേരും ഹയര്‍ സെക്കന്ററിയില്‍ നിന്ന് എട്ടുപേരും.
ഇവരെ ആറ് ടീമുകളായി തിരിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ട മത്സരം.
രണ്ടാം ഘട്ടത്തില്‍ അഞ്ചു റൌണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ റൌണ്ട്‌ കള്ളികളില്‍ ഒതുങ്ങാത്തവര്‍ .


ടീം ഒന്നിനാണ് ആദ്യത്തെ സെലെക്ഷന്‍ . അവര്‍ തെരഞ്ഞെടുത്ത നമ്പരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ ചിത്രം ഒന്‍പതു കളങ്ങളാല്‍  മറച്ചിരിക്കുന്നതായി  കാണാം. ടീം പറയുന്ന കളങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ കളങ്ങളായി മാറിപ്പോയ്ക്കൊണ്ടിരിക്കും.


നാലു കളങ്ങള്‍ നീക്കാനുള്ള അവസരമാണ് അവര്‍ക്കുണ്ടാവുക. ഇതിനിടയില്‍ ശരിയായ ഉത്തരം പറഞ്ഞിരിക്കണം. എപ്പോള്‍ തെറ്റായ ഉത്തരം പറയുന്നുവോ അതോടെ അവരുടെ ചാന്‍സ് ഇല്ലാതാവുന്നു.
20 /15 /10 / 5 എന്നിങ്ങനെയാണ് കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ . ഇത്രയുമായിട്ടും ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ചോദ്യം അടുത്ത ടീമിന് നല്‍കും. അവര്‍ക്ക് അഞ്ചു സ്കോര്‍ മാത്രമേ ലഭിക്കൂ. ശരിയായ ഉത്തരം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രധാന സാഹിത്യ സംഭാവനകള്‍ ചുരുക്കി ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കും.


രണ്ടാം റൌണ്ട് തെളിഞ്ഞ് തെളിഞ്ഞ്. ഇവിടെയും മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരെ പരിചയപ്പെടുക തന്നെയാണ്. ആദ്യ ക്ലിക്കില്‍ മങ്ങിയ രൂപം, രണ്ടാം ക്ലിക്കില്‍ കുറച്ചുകൂടെ തെളിയുന്നു, മൂന്നാമത് ശരിയായ ചിത്രം. സ്കോര്‍ 15 /10 / 5 എന്നിങ്ങനെ.





രചനകളില്‍ നിന്ന് രചയിതാക്കളിലേക്ക് എന്നാ മൂന്നാമത്തെ റൌണ്ടില്‍ ഒരെഴുത്തുകാരന്റെ മൂന്നു കൃതികളുടെ പേരും ചിത്രവും ആണ് നല്‍കുക. മൂന്നു ബോക്സുകളാല്‍ പുസ്തകങ്ങളുടെ പേര് മറച്ചുവെച്ചിരിക്കും. ടീം ആവശ്യപ്പെടുന്ന ബോക്സ് മാറ്റും. പുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ചിത്രം കാണിക്കും. പാസ് ചെയ്യുന്നത് നേരത്തെ പറഞ്ഞത് പോലെത്തന്നെ. 20 /15 /10 / 5 എന്നിങ്ങനെയാണ് ഇവിടെയും കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ .





ദൃശ്യലോകമെന്ന നാലാം റൌണ്ടില്‍ പന്ത്രണ്ടു വീഡിയോകളാണ് നല്‍കിയത്. വീഡിയോ കാണിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കും. ടീമുകള്‍ തെരഞ്ഞെടുത്ത നമ്പരുകള്‍ സ്ലൈഡില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോര്‍ . അടുത്തു ടീമിനു കൈമാറിയാല്‍ അവര്‍ക്കും 5 സ്കോര്‍ .


രസകരമായതും അവസാനത്തേതുമായ അഞ്ചാം റൌണ്ടില്‍ ഉള്‍പ്പെടുത്തിയത് ആറ് മേഖലകളിലായി പത്തു ചോദ്യങ്ങള്‍ വീതമുള്ള ഓരോ കൊട്ടയാണ്. കല, സംസ്കാരം, കവിത, നോവല്‍ , സിനിമ, ഗ്രന്ഥശാല എന്നിവയാണ് ആറ് മേഖലകള്‍ . ഓരോന്നിലും ആദ്യത്തെ അഞ്ചു ചോദ്യത്തിന് ഉത്തരം ശരിയായാലും തെറ്റായാലും പ്രശ്നമില്ല. ശരിക്ക് അഞ്ചു സ്കോര്‍ . ഇവിടെ ഉത്തരം പാസ് ചെയ്യില്ല. 'വേഗം കൃത്യം' എന്ന പേരില്‍ തന്നെ ഉത്തരങ്ങള്‍ വേഗത്തില്‍ പറയണമെന്ന സൂചനയുണ്ട്. അഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ ധൈര്യപൂര്‍വ്വം മുന്നോട്ട്? എന്ന ചോദ്യം വരും. ഇനിയുള്ള അഞ്ചു ചോദ്യങ്ങള്‍ക്ക് പത്തു സ്കോര്‍ വീതമാണ്. തെറ്റിയാല്‍ പത്തു സ്കോര്‍ ആകെയുള്ള സ്കോറില്‍ നിന്ന് കുറയും. ധൈര്യശാലികള്‍ക്ക് വലിയ സ്കോര്‍ നേടാവുന്ന റൌണ്ടാണിത്.




കേവലമായ ഒരു ചോദ്യോത്തര പരിപാടി എന്നതിനപ്പുറം രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്ത് മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരെയും കൃതികളെയും കൂടുതല്‍ മള്‍ട്ടി മീഡിയ സഹായത്തോടെ പരിചയപ്പെടുത്താന്‍ ഈ സന്ദര്‍ഭം സഹായകമാകും.
ഒന്ന് രണ്ടു മൂന്ന് സമ്മാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പയ്യന്നൂരിലെ ഡി സി ബുക്സ്‌ ഏജന്‍സിയായ ബുക്ക്‌ ലൈന്‍ അറുനൂറ്റമ്പതോളം രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ഹയര്‍  സെക്കന്ററിയിലെ മലയാളം അദ്ധ്യാപകന്‍ പി. പ്രേമചന്ദ്രനാണ് പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌ തയ്യാറാക്കിയതും അവതരിപ്പിച്ചതും. ഫോണ്‍ 9446168067

Thursday, June 3, 2010

ജീവന്റെ കൈയൊപ്പ്



നാം ആഹരിക്കുന്നവയാണ് നമ്മുടെ ശരീരമായി രൂപപ്പെടുന്നതെന്നും ആഹാരത്തിന്റെ നന്മയും സത്വികതയും ആണ് നമ്മുടെ ശരീരത്തെയും അതിനകത്തെ പ്രാണനെയും രൂപപ്പെടുത്തുന്നതെന്നും പ്രശസ്ത പ്രകൃതിചികിത്സകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡോ. ജേക്കബ് വടക്കുംചേരി അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 -2011 വര്‍ഷത്തെ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം
പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ എത്രമാത്രം അകലുന്നുവോ അത്രമാത്രം മനുഷ്യര്‍ക്ക്‌ ബുദ്ധിമുട്ട് കൂടുകയാണ്. ഇന്ന് സുഖം സൗകര്യം രുചി എന്നൊക്കെ കരുതി നാം കൃത്രിമ ജീവിത രീതിക്ക് പുറകെ പായുകയാണ്. ഇത് മനുഷ്യരെ എത്തിച്ചിരിക്കുന്നത് ഭീകരമായ പതനത്തിലാണ്. പുതിയ പുതിയ പേരുകളോടെ പല രോഗങ്ങളും നമ്മളെ പിടികൂടിയതായി നമ്മള്‍ അറിയുന്നു. രോഗത്തിന് ചികിത്സിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. എന്നാല്‍ അവര്‍ ഒരിക്കിലും രോഗ കാരണങ്ങളെക്കുറിച്ച് പറയുകയില്ല. ഈ കാരണങ്ങളെ അറിയുകയും അതില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി ചികിത്സയുടെ മാര്‍ഗം. അനുദിനം രോഗികളുടെ എണ്ണം പെരുകിയില്ലെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്ന് നമ്മളുടെ ആരോഗ്യ രംഗത്തെ അടിമുടി നിയന്ത്രിക്കുന്നത്‌ വന്‍ കുത്തക മരുന്ന്കമ്പനികളാണ്. ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോള്‍ നാം മറ്റ് ഒരുപാട് രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങിക്കുകയാണ്.
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ എത്രമാത്രം വിഷമയവും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും ആണ് എന്ന് അദ്ദേഹം സോദാഹരണം വിശദീകരിച്ചു. ബേബി ഒയിലുകള്‍, ടൂത്ത് പേസ്റ്റുകള്‍, ബ്രഡ്ഡുകള്‍ എന്നിവ നമ്മുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന്, അത്തരം ഉല്‍പ്പന്നങ്ങളുടെ കണ്ടന്റുകള്‍ വായിച്ചു കൊണ്ട് തന്നെ അദ്ദേഹം വിശദീകരിച്ചു.
പ്രകൃതി ജീവനത്തിന്റെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടി നടത്തിയ പ്രഭാഷണത്തിനു ശേഷം അദ്ദേഹം വിദ്യാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍, ഹെഡ്മിസ്‌സ്ട്രസ് ജയശ്രി ടീച്ചര്‍, പ്രകൃതി ചികിത്സകന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ ആരോഗ്യ നികേതനം ഡയരക്ടര്‍ പി. എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.