Showing posts with label സ്കൂള്‍. Show all posts
Showing posts with label സ്കൂള്‍. Show all posts

Thursday, June 3, 2010

ജീവന്റെ കൈയൊപ്പ്



നാം ആഹരിക്കുന്നവയാണ് നമ്മുടെ ശരീരമായി രൂപപ്പെടുന്നതെന്നും ആഹാരത്തിന്റെ നന്മയും സത്വികതയും ആണ് നമ്മുടെ ശരീരത്തെയും അതിനകത്തെ പ്രാണനെയും രൂപപ്പെടുത്തുന്നതെന്നും പ്രശസ്ത പ്രകൃതിചികിത്സകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഡോ. ജേക്കബ് വടക്കുംചേരി അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 -2011 വര്‍ഷത്തെ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം
പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ എത്രമാത്രം അകലുന്നുവോ അത്രമാത്രം മനുഷ്യര്‍ക്ക്‌ ബുദ്ധിമുട്ട് കൂടുകയാണ്. ഇന്ന് സുഖം സൗകര്യം രുചി എന്നൊക്കെ കരുതി നാം കൃത്രിമ ജീവിത രീതിക്ക് പുറകെ പായുകയാണ്. ഇത് മനുഷ്യരെ എത്തിച്ചിരിക്കുന്നത് ഭീകരമായ പതനത്തിലാണ്. പുതിയ പുതിയ പേരുകളോടെ പല രോഗങ്ങളും നമ്മളെ പിടികൂടിയതായി നമ്മള്‍ അറിയുന്നു. രോഗത്തിന് ചികിത്സിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. എന്നാല്‍ അവര്‍ ഒരിക്കിലും രോഗ കാരണങ്ങളെക്കുറിച്ച് പറയുകയില്ല. ഈ കാരണങ്ങളെ അറിയുകയും അതില്‍ മാറ്റം വരുത്തുകയും ചെയ്യുക എന്നതാണ് പ്രകൃതി ചികിത്സയുടെ മാര്‍ഗം. അനുദിനം രോഗികളുടെ എണ്ണം പെരുകിയില്ലെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഇന്ന് നമ്മളുടെ ആരോഗ്യ രംഗത്തെ അടിമുടി നിയന്ത്രിക്കുന്നത്‌ വന്‍ കുത്തക മരുന്ന്കമ്പനികളാണ്. ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോള്‍ നാം മറ്റ് ഒരുപാട് രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങിക്കുകയാണ്.
ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ എത്രമാത്രം വിഷമയവും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതും ആണ് എന്ന് അദ്ദേഹം സോദാഹരണം വിശദീകരിച്ചു. ബേബി ഒയിലുകള്‍, ടൂത്ത് പേസ്റ്റുകള്‍, ബ്രഡ്ഡുകള്‍ എന്നിവ നമ്മുടെ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന്, അത്തരം ഉല്‍പ്പന്നങ്ങളുടെ കണ്ടന്റുകള്‍ വായിച്ചു കൊണ്ട് തന്നെ അദ്ദേഹം വിശദീകരിച്ചു.
പ്രകൃതി ജീവനത്തിന്റെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടി നടത്തിയ പ്രഭാഷണത്തിനു ശേഷം അദ്ദേഹം വിദ്യാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പ്രിന്‍സിപ്പാള്‍ രാജേഷ്‌ കുമാര്‍, ഹെഡ്മിസ്‌സ്ട്രസ് ജയശ്രി ടീച്ചര്‍, പ്രകൃതി ചികിത്സകന്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ ആരോഗ്യ നികേതനം ഡയരക്ടര്‍ പി. എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.




Tuesday, January 26, 2010

മാധ്യമ സെമിനാര്‍

പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജനുവരി 26 നു നടന്ന മാധ്യമ സെമിനാര്‍ ശ്രദ്ദേയമായി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് മലയാള പാഠപുസ്തകത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്തു.
മാധ്യമങ്ങള്‍ വെച്ച് പുലര്‍ത്തുന്ന പക്ഷപാതപരമായ സമീപനങ്ങളെ ഉദാഹരണ സഹിതം അദ്ദേഹം തുറന്നുകാട്ടി. യഥാര്‍ഥ മാധ്യമ ധര്‍മത്തിന്റെ അഭാവം കേരളത്തിലെ പൊതു ജീവിതത്തില്‍ വരുത്തുന്ന അപകടകരമായ പ്രവണതകളെ തിരിച്ചറിയാനും മാധ്യമങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താനും സെമിനാര്‍ സഹായകമായി. വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജിനേഷ് കുമാര്‍ മറുപടി നല്‍കി. സെമിനാര്‍ വിലയിരുത്തിയും അതിഥിക്ക് നന്ദി രേഖപ്പെടുത്തിയും അമ്പിളി സംസാരിച്ചു.

Friday, January 22, 2010

പ്രതിഭകള്‍ക്ക് അനുമോദനം

സര്‍ഗാത്മകതയുടെ മാമ്പഴക്കാലം



സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ദിവ്യ, സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ത്രെഡ് പാറ്റേണില്‍ എ ഗ്രേഡ് ലഭിച്ച സൂര്യ എന്നീ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, അവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം, മുഖ്യാഥിതിയായെത്തിയ പ്രശസ്ത എഴുത്തുകാരന്‍ സി. വി ബാലകൃഷ്ണന്‍ തന്റെ സ്കൂള്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഓര്‍മ്മകളെ അതിന്റെ സൂക്ഷ്മാംശത്തില്‍ നുള്ളിപ്പെറുക്കാന്‍ കഴിവുള്ള ഈ എഴുത്തുകാരന്‍ പക്ഷെ പഴയകാല സ്കൂള്‍ അനുഭവങ്ങളെ ഒട്ടും ആഹ്ലദത്തോടുകൂടിയല്ല അവവിറക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ഇങ്ങനെയായിരുന്നു.


"ഇന്നത്തെ കുട്ടികള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് ഞാന്‍ പഠിച്ച സ്കൂളാണ്.(പയ്യന്നൂര്‍ ഗവ. ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്, പിന്നീടത് ബോയ്സ്, ഗേള്‍സ്‌ എന്ന് രണ്ടായി വിഭജിക്കുകയുണ്ടായി.) ഇവിടെ നിന്നും നോക്കിയാല്‍ ഞാന്‍ അന്ന് പത്താം തരത്തില്‍ ഇരുന്ന ക്ലാസ് റൂം കാണാം. ഇത്രയും വൃത്തിയോ സൌകര്യങ്ങളോ അന്ന് ഞങ്ങളുടെ ക്ലാസ് മുറികള്‍ക്ക് ഇല്ലായിരുന്നു. പൊതുവേ സാമ്പത്തികമായി ദരിദ്രരായ, ആധുനികമായ ഒന്നിനെക്കുറിച്ചും, ധാരണയില്ലാത്ത, വിനോദങ്ങല്‍ക്കായി യാതൊരു സൌകര്യങ്ങളും ഇല്ലാത്ത ഒരു കാലമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം. മാത്രമല്ല സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തങ്ങള്‍ക്കും യാതൊരു പ്രോത്സാഹനവും അന്നത്തെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. ആരും അത് പ്രധാനമാണെന്ന് അന്ന് കരുതിയിരുന്നില്ല. ഞാന്‍ ആലോചിച്ചത് ആ കാലത്ത് ആരെങ്കിലും അന്ന് ഒരു നല്ല വാക്കുമായി എന്റെ തോളില്‍ തട്ടിയിരുന്നോ എന്നാണ്. സത്യത്തില്‍ അന്ന് അങ്ങിനെയൊരു സ്നേഹസ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ അത് എത്രമാത്രം എന്നെ സന്തോഷിപ്പിച്ചേനെ.

അന്ന് കോളേജുകളായിരുന്നു, സര്‍ഗാത്മകമായി ഉള്ളില്‍ എന്തെങ്കിലും കൊണ്ട് നടന്നിരുന്നവര്‍ക്ക് അത് പുറത്തെടുക്കുന്നതില്‍ കാര്യമായ അന്തരീക്ഷം ഒരുക്കിയത്. സഗാത്മകതയുടെ വസന്തകാലമായിരുന്നു അന്ന് കാമ്പസ്സുകളില്‍. എന്നാല്‍ എന്ന് ഈ അവസ്ഥ നേരെ തിരിച്ചിടപ്പെട്ടിരിക്കയാണ്. നമ്മുടെ കോളേജുകള്‍ സഗാത്മകതയുടെ എല്ലാ കണികകളും വറ്റിപ്പോയി ഊഷരമായി ത്തീര്‍ന്നിരിക്കുന്നു എന്ന്, അന്നത്തെ വിദ്യാര്‍ത്ഥികളും പിന്നീട് അവിടുത്തെ അധ്യാപകരുമായ ആളുകള്‍ തന്നെ പറയുന്നു. മറിച്ച് നമ്മുടെ സ്കൂളുകള്‍ സര്‍ഗാത്മകതയുടെ പുതിയ കുളമ്പടിയൊച്ചകള്‍ കേള്‍പ്പിച്ചുകൊണ്ടിക്കുന്നു എന്ന് കുട്ടികള്‍ എഴുതുന്ന രചനകളും അവര്‍ ഇറക്കുന്ന പുസ്തകങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ പഠനാന്തരീക്ഷത്തിനു ഇതില്‍ പ്രധാനമായ ഒരു പങ്കുണ്ട്. അവര്‍ എത്രയോ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ക്ക് പുതിയ അവബോധമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എഴുത്തിനെ ഗൌരവമായി എടുക്കുന്നവര്‍ക്ക് (അത് വളരെ നിസ്സാരമായ ഒന്നല്ല; കഠിനമായി പ്രയത്നം ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ആ വഴിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ ) അതിനു രക്ഷകര്‍ത്താക്കള്‍, പഠനഭാരം തുടങ്ങിയ മറ്റെന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, സ്കൂള്‍ അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."