
കഥയുടെ പുതിയ കാലത്തെ കുലപതികളുമായി സംസാരിച്ചിരിക്കാന്‍ നേരം കിട്ടിയ ത്തിന്റെ ആഹ്ലാദത്തിലാണ് പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ സാഹിത്യ തത്പരരായ വിദ്യാര്‍ഥനികള്‍. മലയാളത്തിലെ പേരെടുത്ത മൂന്ന് കഥാകൃത്തുകളാണ് ആഗസ്ത് ആറാം തീയ്യതി സ്കൂള്‍ സന്ദര്‍ശിച്ചത്. അധ്യാപകകഥകളിലൂടെ അവരുടെ പ്രിയപ്പെട്ട കഥാകൃത്തായ ശ്രീ അക്ബര്‍ കക്കട്ടില്‍, മലയാളത്തിലെ ഒട്ടനവധി മികച്ച കഥ കളുടെ സൃഷ്ടാവായ യു. കെ. കുമാരന്‍, കഥാകൃത്തും മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുമായ ശത്രുഘ്നന്‍ എന്നിവരാണ് ആഗസ്ത് ആറ് വെള്ളിയാഴ്ച സ്കൂളിലെത്തിയത്.
സ്കൂളിലെത്തിയ തനിക്കു മുറ്റത്ത് നിരനിരയായി നിര്‍ത്തിയിട്ട കുട്ടികളുടെ സൈക്കിള്‍ കണ്ട് പുതിയ ഒരു തിരക്കഥയ്ക്കുള്ള പ്ലോട്ട് മനസ്സിലേക്ക് ഓടിയെത്തുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശത്രുഘ്നന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എഴുത്ത് അനുഭവങ്ങളില്‍ നിന്ന് രൂപമെടുക്കുമ്പോള്‍ തന്നെ അത് ഭാവനയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും എന്തെന്തു രൂപമാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഒന്‍പതാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള മടുത്ത കളി എന്ന കഥയുടെ അനുഭവ പശ്ചാത്തലം വിവരിച്ചു കൊണ്ട് അനുഭവങ്ങളുടെ കരുത്ത് എങ്ങിനെ സാഹിത്യത്തിനു ചൂരും ചൂടും നല്‍കുന്നു എന്ന് യു. കെ. കുമാരന്‍ വിശദമാക്കി. തന്റെ രസകരമായ ശൈലിയിലൂടെ കുട്ടികളെ രസിപ്പിച്ചു മുന്നേറിയ അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും വ്യത്യസ്തതയിലാണ് ഊന്നിയത്. ഒരേ വിഷയം തന്നെ കഥയ്ക്കായി സ്വീകരിക്കുമ്പോഴും വരുന്ന ശൈലീപരമായ വ്യത്യസ്തതയുടെ തലങ്ങള്‍ അദ്ദേഹം കഥകള്‍ ഉദാഹരണമാക്കി ത്തന്നെ വിശദീകരിച്ചു.
മൂന്നു എഴുത്തുകാരുടെയും ആമുഖ ഭാഷണത്തിന് ശേഷം കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായിരുന്നു. എഴുത്ത് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. വളരെ രസകരമായി അതിനു മറുപടി പറഞ്ഞ ശത്രുഘ്നന്‍ തന്റെ വ്യക്തിപരമായ ഒരനുഭവം പങ്കുവെച്ചു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ കുശുകുശുക്കുന്ന ഒരു കാര്യം താന്‍ കഥയാക്കി അഭിമാനത്തോടെ തന്റെ ചെറിയമ്മയെ കാണിച്ചു. അതു വായിച്ച ചെറിയമ്മ പൊട്ടിക്കരയുകയാണുണ്ടായത്. ചെറിയമ്മയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്ന ഒരു മോശം സംഭവമാണ് താന്‍ കഥയാക്കി കൊണ്ട് വന്നത്. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും താന്‍ കഥ എഴുതുകയില്ലെന്ന്. പിന്നീട് നന്തനാരാണ് ഗോവിന്ദന്‍കുട്ടി എന്ന പേരില്‍ താന്‍ കഥ എഴുതേണ്ട, 'ശത്രുഘ്നന്‍' എന്നപേര് സ്വീകരിച്ച് എഴുതിക്കോളൂ എന്ന് വിദ്യ പറഞ്ഞു തന്നത്. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള തന്റെ 'മടുത്ത കളി' എന്ന കഥയുടെ പിന്നിലെ അനുഭവത്തെ വിശകലനം ചെയ്തുകൊണ്ടാണ് യു. കെ. കുമാരന്‍ എഴുത്തും അനുഭവവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ശ്രമിച്ചത്. വളരെ കാല്പനികമായി മാത്രം കാര്യങ്ങളെ കാണുന്നതില്‍ നിന്ന് പുതിയ എഴുത്തുകാര്‍ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട്? ഇന്നത്തെ എഴുത്തുകാരന്‍ സമൂഹത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? ഈ ചോദ്യത്തിന് അക്ബര്‍ കക്കട്ടില്‍ ഓരോ എഴുത്തുകാരന്റെയും രചനാപരമായ പ്രത്യേകതകളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. അധ്യാപക കഥകളില്‍ എത്രമാത്രം സത്യമുണ്ട് എന്നായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് അറിയാനുണ്ടായിരുന്നത്. താന്‍ നിത്യം ഇടപെട്ടു കൊണ്ടിരിക്കുന്ന അദ്ധ്യാപഹയന്‍മാരും പഹച്ചികളും കുട്ടികളും കഥകളുടെ ഭണ്ഡാരമാണ് എന്ന് പറഞ്ഞു കൊണ്ട് അക്ബര്‍ മാഷ് തന്റെ ചില അനുഭവ കഥകള്‍ കൂടി അയവിറക്കുകയുണ്ടായി.
ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന സ്വപ്നസമാനമായ അനുഭവമാണ് തങ്ങള്‍ക്ക് ഇതെന്നാണ് പരിപാടിക്ക് നന്ദി പറഞ്ഞ അമ്പിളി ഈ 'സാഹിത്യ സംവാദത്തെ' വിലയിരുത്തിയത്.
1 comment:
ഭാഗ്യവാന്മാരായ വിധ്യാര്‍തിനികള്‍ അവര്‍ .......... ജയശ്രീ
Post a Comment