Thursday, September 15, 2011

യാഥാര്‍ത്ഥ്യത്തിലെ സ്വപ്‌നങ്ങള്‍

സ്നേഹ. എം.പി.
രണ്ടാം വര്‍ഷ സയന്‍സ് എ ബാച്ച്.






 സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്രമായി പ്രകൃതിയുടെ മടിത്തട്ടില്‍ അലിഞ്ഞു ചേര്‍ന്നിരിക്കാന്‍ കഴിഞ്ഞ ആ അനുഭവം ആവേശകരമായിരുന്നു. സസ്യശാസ്ത്രപഠനം പ്രകൃതിയിലൂടെ എന്നാണു ഞാന്‍ ഗമയില്‍ ആ യാത്രയെക്കുറിച്ച് എല്ലാവരോടും പറഞ്ഞിരുന്നത്. ഓ.. അതിനിടയില്‍ യാത്ര എവിടെക്കായിരുന്നു എന്ന് പറഞ്ഞില്ല അല്ലെ..മാടായിപ്പാറ.. പ്രകൃതി നമുക്കായി കരുതിവെച്ച വിസ്മയങ്ങള്‍ നേരിട്ട് കാണാനും അനുഭവിക്കാനും ഇതിലും പറ്റിയ ഒരിടം ഞങ്ങളുടെ അടുത്തൊന്നും ഇല്ല, കേട്ടോ. വെയിലുകൊള്ളാനാണെങ്കില്‍ നല്ല വെയില് ഇവിടെത്തന്നെയുണ്ടല്ലോ.. വെറുതെ എന്തിനാ അവിടം വരെ പോകുന്നത് എന്ന് കളിപറഞ്ഞ കൂട്ടുകാരികളും ഉണ്ടായിരുന്നു കൂടെ.

അളവില്ലാത്ത ജൈവസമ്പത്താണ്‌ മാടായിപ്പാറയുടെ ആത്മാവ് എന്ന് എനിക്ക് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. ഇതിനു മുന്പ് എത്ര പ്രാവശ്യം ഞാന്‍ ഇവിടെ വന്നതാണ്. ഞാന്‍ നിസ്സാരമായി കണ്ട ഈ പാറക്കൂട്ടങ്ങള്‍ക്കും പുല്ചെടികള്‍ക്കും എന്തെന്തു പ്രാധാന്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുന്‍പൊരിക്കലും കാണാത്ത, കേള്‍ക്കാത്ത അനുഭവിക്കാത്ത പ്രകൃതിയുടെ തമാശകള്‍ .. രുചികള്‍ .. ഇവയൊന്നും അന്ന് ഉണ്ടായിരുന്നില്ലേ.. ഉണ്ടായിട്ടും ഞാന്‍ കാണാത്തതാണോ? പ്രകൃതിയോടു ഏറെ കൂട്ടുകൂടുന്ന ഒരാള്‍ എന്ന അഭിമാനം വൈകുന്നേരമായപ്പോഴേക്കും ഒലിച്ചുപോവുകയും എന്റെ പ്രകൃതിപഠനത്തിന്റെ  അവസ്ഥയോര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും ചെയ്തു. എങ്കിലും പ്രകൃതിയിലേക്ക് ഇറങ്ങാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഒരാളാണല്ലോ എന്ന് ഞാന്‍ ആശ്വസിക്കുകയും ചെയ്തു. അത്രയെങ്കിലുമില്ലേ....

യാത്രയുടെ തുടക്കത്തില്‍ തന്നെ ഉള്ളില്‍ ഭീതി വിതച്ച ഒരു സംഭവമുണ്ടായി. മാടായിക്കാവിനടുത്തെത്തിയപ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ വലിയ ജ്ഞാനനാട്യത്തോടെ പറഞ്ഞു, ഈ വള്ളിക്കെട്ടില്‍ മരത്തിനു മുകളില്‍ പ്പോലും നാഗങ്ങള്‍ വിഹാരിക്കാറുണ്ട്. ഉള്ളില്‍ കരുതിയ ധൈര്യമെല്ലാം ചോര്‍ന്നുപോയെങ്കിലും പിന്നീട് മനസ്സിലായി നുണക്കഥയില്‍ തീര്‍ത്ത ഒരുനാടകം മാത്രമായിരുന്നു അതെന്ന്.

കാട്ടുമുന്തിരിക്കുലകളും വള്ളികളും ഞങ്ങളില്‍ അത്ഭുതമുണര്‍ത്തി. മോതിരവള്ളികള്‍ പ്രകൃതിക്ക് അഭിമാനമേകി. ചൂതിനെക്കാളും കാക്കാപ്പൂ അഹങ്കരിച്ചുവെങ്കിലും എന്നെ ആകര്‍ഷിച്ചത് ചൂതായിരുന്നു. ഇടയില്‍ വ്രതം നിര്‍ത്തി മാംസാഹാരത്തെ പുല്‍കിയ 'ഡ്റൊസീറ'യെക്കണ്ടുമുട്ടി. (ഇവിടെ എന്നെ വ്യക്തിപരമായി വിഷമിപ്പിച്ച ഒരു സംഗതി കൂടി കുറിക്കട്ടെ. എന്താണ് ഡ്റൊസീറ എന്ന് കൂട്ടത്തിലൊരാള്‍ ആരാഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തോടെ പറഞ്ഞുപോയി, ഇരപിടിയന്‍ സസ്യം! അപ്പോള്‍ പരിഷ്കാരിയായ അവള്‍ "വാട്ട്‌, ഇരപിടിയന്‍ സസ്യം? "എന്ന് മൊഴിയുകയണുണ്ടായത്. ഇത്രമാത്രം അധഃപ്പതിച്ചുവോ നമ്മുടെ മലയാള ഭാഷാപരിജ്ഞാനം? മലയാളത്തിന്റെ നാളത്തെ പ്രതീക്ഷയാവേണ്ടവിദ്യാര്‍ത്ഥിനികളാണ് പറയുന്നത്. മലയാളത്തില്‍ പറയാവുന്ന എന്ത് പറയുമ്പോഴും എല്ലാത്തിനും നേരെ നാം നിരന്തരം തൊടുക്കുന്ന ഒരു ചോദ്യമായിത്തീര്‍ന്നിട്ടുണ്ട് ഇപ്പോള്‍ 'വാട്ട്‌ '. നമ്മുടെ സംസ്കാരത്തെ നാം തന്നെ കീറിമുറിച്ചു വില്‍പ്പന നടത്തുന്നതിന് സമമല്ലേ ഇത്. ഞാന്‍ കുറെ നേരം ഇത് തന്നെ ആലോചിച്ചു നിന്ന് പോയി.

മാടായിപ്പാറയുടെ ഹരിതഭംഗി ആസ്വദിച്ചു നടക്കുമ്പോള്‍ തോണി, വ്യത്യസ്തമായ ഭൂവിഭാഗങ്ങളെയും സസ്യലതാതികളെയും പ്രതിനിധാനം ചെയ്യുന്ന മറ്റൊരു പ്രദേശം ഭൂമിയില്‍ വേറെ ഉണ്ടാവില്ലെന്ന്. എല്ലാം കണ്ടും അധ്യാപകരുടെ വിശദീകരണങ്ങള്‍ കെട്ടും നടക്കുമ്പോള്‍ പെട്ടെന്ന് പരിസരമാകെ മാറുന്നത് പോലെ. ചെളിയുടെ, കുന്നോളം ഉയര്‍ന്നു കിടക്കുന്ന ചെളിമലയുടെ മുന്നിലാണോ ഞങ്ങള്‍ ഇപ്പോള്‍ . മാഷ്‌ വിശദീകരിച്ചു തന്നു അതാണ്‌ ചൈനാ ക്ലേ. അവിടെക്കുള്ള യാത്രയില്‍ , ജീവിതത്തില്‍ ഇനി ഒരിക്കലും ഈ യാത്ര മറക്കാന്‍ കഴിയാത്തവണ്ണം കൂട്ടുകാരികളില്‍ ഒരാള്‍ പേസ്റ്റ് രൂപത്തിലുള്ള ഈ ചായക്കൂട്ടില്‍ മുങ്ങിനിവരുകയുണ്ടായി. ആദ്യം എല്ലാവര്‍ക്കും ചിരിയാണ് വന്നത്. ക്ഷേത്രത്തിനടുത്ത് തന്നെയുള്ള കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ച് അവളെ ശുദ്ധീകരിച്ചെടുത്തത് ഞങ്ങള്‍കും മറക്കാത്ത ഒരനുഭവമായി മാറി.

ഞങ്ങള്‍ക്ക് മടങ്ങാറായി. ഈ വിശാലമായ പുല്‍ത്തകിടികളും പൂക്കളും അതിനിടയിലൂടെയുള്ള ചെറുപാതകളും വിസ്തൃതമായ ആകാശത്തിനു കീഴില്‍ നാളെ ഉണ്ടാകണമെന്നില്ല എന്നത് ഞങ്ങളെ സത്യത്തില്‍ അപ്പോഴാണ്‌ അസ്വസ്ഥരാക്കിയത്. തടാകങ്ങളില്‍ തുള്ളിച്ചാടുന്ന ചെറു മത്സ്യങ്ങള്‍ , വെള്ളത്തിനു മുകളില്‍ നിശ്ചലനായി മത്സ്യങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍പ്പക്കഴുത്തോട് കൂടിയ ഒറ്റക്കാലന്‍ യോഗിക്കൊക്ക് .. ഇതെല്ലാം നാളെയൊരുനാള്‍ വരുമ്പോഴും ഇവിടെയുണ്ടാകുമോ?

വിശാലമായ പാറയുടെ തുറസ്സിലൂടെ നീണ്ടുകിടക്കുന്ന താറിട്ട റോഡിനു സമീപത്തായി ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മൊബൈല്‍ ടവര്‍ . പ്രശാന്ത സുന്ദരമായ ഈ പ്രദേശത്തു നാളെ പെറ്റുപെരുകുക ഇവയായിരിക്കുമോ? 'വിലയില്ലാത്ത' നീലനിറക്കാരി കാക്കപ്പൂക്കളെ, സംഹാരം സംസ്കാരമാക്കിയ ആധുനിക മനുഷ്യര്‍ അത്യന്താധുനിക സൌകര്യങ്ങല്‍ക്കുവേണ്ടി ഇനി എത്രകാലം വെച്ചുകൊണ്ടിരിക്കും? അവരോടുള്ള ഈ യാത്ര പറച്ചില്‍ അവസാനത്തേതാകുമോ?



8 comments:

A. C. Sreehari said...

മാഷ്‌ മാടായി ഇപ്പോള്‍ ?

സ്മിത വല്ല്യാത്ത് said...

അനുഭവക്കുറിപ്പു വളരെ ജൈവത്തായി. എന്തെ കുട്ടികളുമായി ഞാൻ അടുത്ത ആഴ്ച വയനാടിൽ പോകുന്നു. അവർക്കു യാത്രാനുഭവം കുറിക്കൻ ഈ രചന തികച്ചും പ്രയോജനപ്പെടും മഷെ തീർച്ച. പ്രകൃതിയുടെ മടിത്തട്ടിൽ കഴിയാൻ അവസരം കളയാത്ത രചയിതാവിനും അതിന്റെ നിർവൃതി പങ്കുവെയ്ക്കാൻ കാണിച്ച സുമനസ്സിനും നന്ദി പരയുന്നു ആശംസകളോടെ......
സ്മിത അരവിന്ദ്

paranhu paranhu said...

പഠന യാത്രകള്‍ യാത്രയ്ക്ക് മാത്രം വേണ്ടിയുള്ളതല്ല എന്ന തിരിച്ചറിവിനു ഉചിതമായ ഉദാഹരണം....

Unknown said...

പൂക്കള്‍ വസന്തത്തിനുള്ളതാണ്
വസന്തം നമുക്കുള്ളതും ..
എല്ലാ യാത്രകളും പഠനത്തിനു വേണ്ടിയാണ് , എല്ലാ പഠനങ്ങളും ജീവിതത്തിനു വേണ്ടിയും .
ഈ ഓസോണ്‍ ദിനത്തില്‍ സ്നേഹക്കും കൂട്ടുകാര്‍ക്കും അഭിനന്ദങ്ങള്‍ ..

Unknown said...

പൂക്കള്‍ വസന്തത്തിനുള്ളതാണ്
വസന്തം നമുക്കുള്ളതും ..
എല്ലാ യാത്രകളും പഠനത്തിനു വേണ്ടിയാണ് , എല്ലാ പഠനങ്ങളും ജീവിതത്തിനു വേണ്ടിയും .
ഈ ഓസോണ്‍ ദിനത്തില്‍ സ്നേഹക്കും കൂട്ടുകാര്‍ക്കും അഭിനന്ദങ്ങള്‍ ..
t.c.v.satheesan

Dr.Bashir, Scert said...

അനുഭവക്കുറിപ്പു വളരെ നന്നയി. നന്ദി.
Dr. Bashir, Scert

satheesan narakkode said...

very nice. continue writing

SidharthanPV said...

really a nice blog...

( Sorry, Im sharing dis on fb without your permission )

pls chk d link:

http://www.facebook.com/madayipara