Sunday, August 21, 2011

ഞാന്‍ ഒരു കവിയെ കാണുകയായിരുന്നു.

മിഥുന ബാലകൃഷ്ണന്‍. പ്ലസ് ടു സയന്‍സ് എ


ഏതോ കാല്‍പ്പനിക  വസന്തത്തിന്റെ  കുളിരുകോരുന്ന വേദനപോലെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇത് പതിവാണ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അടുത്തു വരുമ്പോള്‍ . ഇന്നാണ് എന്റെ പ്രിയ കവിയെ ഞാന്‍ കാണാന്‍ പോകുന്നത്.
ഇന്നലെ ഇന്റെര്‍വെല്ലിനു പുറത്തിറങ്ങിയപ്പോഴാണ് ഓഫീസിനു മുന്നിലെ ബോര്‍ഡ് കണ്ടത്. കാവ്യ സദസ്സ് - പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ കവിതകള്‍ ചൊല്ലുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരുന്മാദം എന്റെ മസ്തിഷ്കത്തിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. കാലുകള്‍ മുന്നോട്ടു തന്നെ ചലിച്ചു. പക്ഷെ മനസ്സ് അതെന്നെ പിന്നെയും പിറകിലോട്ടു വലിച്ചു. ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ - അമ്മ മലയാളത്തിന്റെ കവിതാകാരന്‍ - എന്റെ സ്കൂളില്‍ .. ഞങ്ങളുടെ മുന്നില്‍ കവിത ചൊല്ലാന്‍ .. എങ്ങിനെയാണ് ക്ലാസിലേക്ക് ഓടിയെത്തിയതെന്നും കൂട്ടുകാരോട് കാര്യം പറഞ്ഞതെന്നും എനിക്ക് ഇപ്പൊഴുമറിയില്ല. ആത്മാവ് സന്തോഷത്താല്‍ വലിഞ്ഞു മുറുകുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കവി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. സംസാരിക്കാന്‍ പോകുന്നു. അമ്മ മലയാളത്തിന്റെ പഞ്ചാരക്കയ്പ് തികട്ടി വന്നു.പാഠം ആവര്‍ത്തിച്ചു വായിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ മനസ്സില്‍ കൊത്തിവച്ച വരികള്‍
രക്ഷിച്ചിടെണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
പിന്നീടെപ്പോഴോ പത്താംതരത്തിലെ ചോദ്യപ്പേപ്പറില്‍ തെളിഞ്ഞതും ആ വരികള്‍ തന്നെയായിരുന്നു.
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ..
എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നര. സ്മാര്‍ട്ട് റൂമില്‍ മുന്‍ വരിയില്‍ തന്നെയിരിക്കാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍ . ഒടുവില്‍ ഒന്നാം വരിയില്‍ ഒന്നാമതായി ഞാന്‍ ഇരുന്നു. മൈക്കിനു നേരെ മുന്നില്‍ .ദൈവഹിതം.
ഒരു നിമിഷം. മനസ്സ് അപ്പോള്‍ ശൂന്യമായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. കവി കടന്നു വന്നു. പ്രേമചന്ദ്രന്‍ മാഷുടെ സ്വാഗത ഭാഷണവും ശ്യാമള ടീച്ചറുടെയും ഭാസ്കരന്‍ മാഷുടെയും ആശംസകളും കഴിഞ്ഞു കവി എഴുന്നേറ്റു.
പിന്നീടുള്ള നിമിഷങ്ങള്‍ ഞങ്ങളുടേത് മാത്രമായിരുന്നു. കവിയും കുട്ടികളും. പ്രശസ്തനായ കവി ഗൌരവക്കാരനായിരിക്കുമെന്നു പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് തെറ്റി. സാധാരണക്കാരില്‍ സാധാരണക്കാരനായി കവി അനാര്‍ഭാടമായും അനൌപചാരികമായും ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
വളരെ പതുക്കെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു. കവിത വിരിയുന്നത് എവിടെയാണ്? അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് ജനതയുടെ നോവുകളിലാണ്, ദുരിതങ്ങളിലാണ്, സഹാനങ്ങളിലാണ്. രാജസദസ്സില്‍ നില്‍ക്കുന്ന അടിമപ്പെന്കുട്ടിയും അവള്‍ കൈയിടാനൊരുങ്ങുന്ന കുടത്തിലെ തേളും  - തൊഴിലാളികള്‍ അധസ്ഥിതര്‍ എന്നും ഒരുമയുള്ളവരാണ്  - കവി ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ആ കവിത..
മണലാരണ്യത്തില്‍ സ്വപ്നങ്ങളുടെ വരള്‍ച്ചയിലും പച്ചപ്പിനെയും പ്രണയത്തെയും താലോലിക്കുന്ന ഗള്‍ഫ് മലയാളി- അറേബ്യന്‍ രാത്രികള്‍
ഇനിയൊരിക്കല്‍ വിദേശ രാജ്യത്തേക്ക് കടലുകാണുവാന്‍ പോകുന്നു കുട്ടികള്‍ - പഠനയാത്ര
സ്കൂളുകള്‍ കച്ചവടസ്ഥാപനങ്ങളാകുന്ന പുതിയ കാലത്തെ കശക്കിയെറിയുന്ന കവിത - സ്കൂള്‍ ബാര്‍
കവി ചൊല്ലിക്കൊണ്ടേയിരുന്നു. പിന്നെടൊഴുകിയത് നഗ്നകവിതകളുടെ ചിരിയും ചിന്തയുമാണ്.
സാരിക്കായുള്ള സ്റ്റാഫ് റൂമിലെ യുദ്ധത്തില്‍ ഫിസിക്സും ബയോളജിയും ചത്തുവീഴുന്ന 'അങ്ക'വും, കുഞ്ഞാമിനയുടെ 'പുയ്യാപ്ല'യും 'യുറീക്ക'യും സദസ്സില്‍ ചിരിപടര്‍ത്തി. രാഹുകാലം, ട്യൂഷന്‍ , പശു, സ്കൂള്‍ ഡേ, പെണ്ണെഴുത്ത് ചപ്പാത്തി തുടങ്ങിയ കവിതകള്‍ ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നവയായിരുന്നു. കവി പറഞ്ഞു. ഈ കവിതകള്‍ കേട്ട് നിങ്ങളെല്ലാം ചിരിച്ചു. നിങ്ങളോടൊപ്പം ഇപ്പോള്‍ ഞാനും. പക്ഷെ ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇവയെല്ലാം എഴുതിയത്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയോ? ഞാന്‍ ആ ഭാവപകര്‍ച്ച കണ്ട് അതിശയിച്ചിരുന്നുപോയി. ഒരു കവിയുടെ ആത്മാര്‍ത്ഥത ഞാന്‍ അറിയുകയായിരുന്നു. ചുറ്റുപാടുകളുടെ കപടതകണ്ട് മനസ്സില്‍ നിന്ന് കവിത ഉറന്നൊഴുകുന്നതു തീര്‍ച്ചയായും സന്തോഷത്തോടു  കൂടിയല്ലായിരിക്കുമെന്നു ഉറപ്പാണല്ലോ.
 ഒടുവില്‍ ഞങ്ങള്‍ക്ക് പഠിയ്ക്കാനുള്ള മനുഷ്യപ്രദര്‍ശനവും അദ്ദേഹം പാടി. ഒരു ശംഖുപുഷ്പം കാണാന്‍ നാളെ നാം എവിടെ പോകേണ്ടിവരും എന്നുചോദിച്ചപ്പോള്‍ പുഷ്പങ്ങള്‍ക്കായി മ്യൂസിയമൊരുങ്ങുന്നത് അറിയാന്‍ ഇടവന്നതിനെക്കുറിച്ച് കവി പറഞ്ഞു. നാളെ മനുഷ്യനെ കാണാനും നാം മ്യൂസിയത്തില്‍ പോകേണ്ടി വരുമോ? ഈ ആലോചനയില്‍ നിന്നാണ് 'മനുഷ്യപ്രദര്‍ശനം' എന്ന കവിത പിറവിയെടുത്തതെന്നു ആമുഖമായി അദ്ദേഹം പറഞ്ഞു.
ഞങ്ങളെയെല്ലാം ഉണര്‍ത്താന്‍ രണ്ടു മനോഹരമായ നാടന്‍ പാട്ടുകളും അദ്ദേഹം ആലപിച്ചു. ഞങ്ങളുടെ നാവിന്‍ തുമ്പില്‍ ദ്രുതതാളത്തിലുള്ള വരികള്‍ തെറ്റിപ്പിരിയുന്നത്‌ കണ്ട് ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം ചിരിച്ചു.
തുടര്‍ന്ന്, താന്‍ ഒരു ജനാധിപത്യവിശ്വാസിയായത്‌ കൊണ്ട് നിങ്ങള്ക്ക് പറയാനുള്ള അവസരമാണെന്ന് പറഞ്ഞ് ഞങ്ങളെ സംവാദത്തിനായി ക്ഷണിച്ചു. അമ്മമലയാളമെന്ന കവിത എനിക്ക് കേള്‍ക്കണമായിരുന്നു. അമ്മമലയാളത്തിന്റെ കുറച്ചു  വരികള്‍ പാടാമോ? ഞാന്‍ മടിച്ചാണ് ചോദിച്ചത്. എനിക്കായി ആ വലിയ കവിത മുഴുവനായും അദ്ദേഹം പാടി, കവിത ചൊല്ലി ക്ഷീണിച്ച ആ അവസരത്തിലും.
മലയാളഭാഷയെക്കുറിച്ച്, കവിയുടെ സാമൂഹികമായ  അംഗീകാരത്തെക്കുറിച്ച്, പുതിയ കാലത്തിന്റെ ആസുരതയെക്കുറിച്ച് കിട്ടിയ സമയം എന്റെ കൂട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഓരോന്നിനും അദ്ദേഹത്തിനു തന്റേതു മാത്രമായ ഉത്തരമുണ്ടായിരുന്നു. കലാകാരന് സമൂഹത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അവര്‍ തനിയെ വിചാരിച്ചാല്‍ ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ല. കലാകാരന് സ്ഥാനമുള്ളത് നിങ്ങളുടെയൊക്കെ മനസ്സുകളില്‍ മാത്രം. പ്രശ്ന പരിഹരണം രാഷ്ട്രീയമായി മാത്രമേ ഉണ്ടാകൂ. മലയാളം വീണ്ടെടുക്കാനും സമരം മാത്രമേ ഇന്ന് വഴിയുള്ളൂ..
അദ്ദേഹം പതുക്കെ വിടവാങ്ങി. ഞാന്‍ ഒരു കവിയെ കാണുകയല്ലായിരുന്നു, അറിയുകയായിരുന്നു.





10 comments:

cm.vinayachandran said...

midhuna...kaviyanubhavam hrudyamayi..vakkukalile athmarthathaykku abhinandanamgal..ezhupathukalkku seshamulla malayala kavithayile ettavum valiya janakeeya mughamanu kureeppuzha.eniyum ezhuthhooo...kaviye kooduthalariyoo kavithakaliloode.

Anonymous said...

congrats midhuna for having followed kureepuzha so intimately and poetically / e p rajagopalan

sujithkumar. c.m. said...

വളരെ നന്നായിട്ടുണ്ട്കുറിപ്പ്.ആശംസകള്‍

joshytk said...

നന്നായിട്ടുണ്ട്.റിപ്പോര്‍ട്ടും പിപാടിയും

drkaladharantp said...

സ്കൂളില്‍ കവികള്‍ എത്തുക
അതു എല്ലാ സ്കൂളുകളുടെയും ഭാഗ്യമല്ല
അപൂര്‍വ്വം സ്കൂളുകളില്‍ മാത്രമാണ് ഇങ്ങനെ കുട്ടികള്‍ക്ക് നല്ല പാഠങ്ങള്‍ ലഭിക്കുക
കുട്ടികള്‍ കാവ്യാനുഭവം കവിതയാക്കി എഴുതി
നന്നായി
അമ്മ മലയാളം കുട്ടികളെ എങ്ങനെ സ്വാധീനിച്ചു എന്നു വ്യക്തം
ഈ കുറിപ്പ് എഴുതിയകുട്ടിയ്ക്ക് മലയാളത്തിനു ഓണപ്പരീക്ഷ നടത്തരുത്
എന്ന അഭ്യര്‍ത്ഥന
ഇപ്പോഴാണ് ഈ ബ്ലോഗ്‌ കുട്ടികളുടെതായത്
ആശംസ

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് said...

വളരെ നന്നായിട്ടുണ്ട്,, അഭിനന്ദനങ്ങള്‍...

Anonymous said...

an intense appreciation on kureepuzha. well done.

Anonymous said...

വളരെ നല്ലവനും ,മനുഷിയ സ്നേഹിയും ,യുക്തി വാദിയും ,ആദര്ശ വാദിയും ഒക്കെയയിട്ടാണ് കുരീപ്പുഴെയേ പറ്റി കേട്ടിരിന്നത്, അങ്ങിനെ പയ്യന്നൂരിലെ തന്നെ ഒരു സാംസ്‌കാരിക പരിപാടിക്കായി അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാമെന്നെല്‍ക്കുകയും അത് പ്രകാരമുള്ള നോട്ടീസും മറ്റും തയ്യാറാക്കുകയും ചെയ്തു . കുറെ ദിവസങ്ങള്‍ കഴിഞ്ഞു അദ്ദേഹം പ്രസ്തുത പരിപാടിക്ക് ചില ആരോഗിയപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ആയതിനാല്‍ ഒഴിവാക്കണം എന്നും സംഘാടകരെ അറിയിച്ചു .പിന്നീടാണ്‌ അറിയുന്നത് ഇതിന്റെ തൊട്ടു പിറ്റേദിവസം പയ്യനൂരില്‍ തന്നെ മറ്റൊരു പരിപാടിയില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗിയവനായി കവിത ചൊല്ലിയും സംസാരിച്ചും സദസ്സിനെ ആവേശം കൊള്ളിച്ചു എന്ന വാര്‍ത്ത‍ !!

സ്മിത അരവിന്ദ് said...

മലയാളത്തിന്റെ മാസ്മരികഭംഗിയും നഷ്ടപ്പെടലിന്റെ വേദനയും ആർദ്രമായും തീവ്രമായും മനസ്സിൽ അവാഹിച്ച കവിയെ ആഴത്തിൽ സ്വാംശീകരിക്കാൻ ശ്രമിച്ച മിഥുനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു

sujeev said...

You along with your students have done a good job.
Ask your students to read English corner in Aksharamuttam, Deshabhimani every Wednesday