നഗരത്തിന്റെ നരച്ച കാഴ്ചകളില്‍ നിന്നും പച്ചപ്പിന്റെ അനുപമസൌന്ദര്യത്തിലേക്കുള്ള ഒരു രക്ഷപ്പെടലിനും പ്രകൃതിയിലെ അറിവിന്റെ ഖനികളില്‍ നിന്നും തിരിച്ചറിവ് സ്വായത്തമാക്കുന്നതിനും വേണ്ടിയാണു പയ്യന്നൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മാടായിപ്പാറയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചത്.സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ജൈവ വൈവിധ്യക്കലവറയായ മാടയിപ്പാറയിലേക്കുള്ള യാത്ര.
രാവിലെ പതിനൊന്നരയോടെ മാടായിപ്പാറയിലെത്തിയ സംഘത്തെ വരവേറ്റത് പച്ചപുതച്ച പാറപ്പുറങ്ങളും കാക്കപ്പൂക്കളുടെ പുഞ്ചിരിയുമാണ്. വാലിസ് നേരിയ എന്ന ചെറുജല സസ്യത്തില്‍ തുടങ്ങി
ഡ്റൊസീറ, ചൂതപ്പൂ, കൃഷ്ണപ്പൂ, ഡെസ്മോഡിയ, പാറമുള്ള് മുതലായ വൈവിദ്യ പൂര്‍ണമായ സസ്യങ്ങള്‍ വഴിയിലുടനീളം കാഴ്ചവിരുന്നൊരുക്കി നിന്നു. മാടായിപ്പാറയില്‍ മാത്രമായി കാണപ്പെടുന്ന ഒരപൂര്‍വ സസ്യവിഭാഗമാണ് പാറമുള്ള്. മാടായിപ്പാറയുടെ ഹൃദയത്തോട് പറ്റിച്ചേര്‍ന്നു ഈ സവിശേഷ സസ്യം പരന്നു കിടക്കുകയാണ്.
മാടായിക്കാവിന്റെ കുളിര്‍മയിലെക്കാണ് തുടര്‍ന്ന് സംഗം ഊളിയിട്ടത്. നിറകുലകളുമായി കാവില്‍ പടര്‍ന്നു നിന്നിരുന്ന മുന്തിരിവള്ളി ഏറെ അത്ഭുതമുണര്‍ത്തി. മുന്തിരിയുടെ നാടന്‍ തരമായിരുന്നു അത്. അതില്‍ നിന്നും ആണ് ഇന്ന് വിപണി യിലെത്തിനില്‍ക്കുന്ന മുന്തിരി വികസിപ്പിച്ചെടുത്തത്. ഹുഗോനിയ, കായാമ്പൂ, ചിറ്റമൃത് ..... കാവിന്റെ ഹരിത സസ്യ സമ്പത്ത് അങ്ങിനെ നീളുന്നു. കാവിന്റെ ഹരിത
ഛായയില്‍ നിന്നും പാറയുടെ പച്ചപ്പട്ടിലേക്ക് ഞങ്ങള്‍ വീണ്ടും കടന്നു.
പാറകളില്‍ സമൃദ്ധമായി കാണുന്ന ഒരു പ്രത്യേക ചെടിയാണ് ലൈക്കന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ സസ്യങ്ങളല്ല. പൂപ്പല്‍ പോലെ പാറപ്പുറത്ത് പറ്റിപ്പിടിച്ചു കൊണ്ട് ഇവ പുതിയ വാസസ്ഥലങ്ങള്‍ തേടുന്നു. പൂക്കളുടെ സമൃദ്ധിയാണ് മാടായിപ്പാറയെ ഏറെ ആകര്‍ഷകമാക്കുന്നത്. നാട്ടില്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാക്കപ്പൂവും കൃഷ്ണപ്പൂവുമൊക്കെ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
അക്കേഷ്യാ മരങ്ങളുടെ തണലിലെ ഊണിനു ശേഷം, മാടായിപ്പാറയുടെ വിസ്മയങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന ചൈനക്ലേ കമ്പനി ഖനം നടത്തുന്ന പ്രദേശങ്ങള്‍ കാണാനാണ് പിന്നീട് ഞങ്ങള്‍ പോയത്. മനുഷ്യമനസ്സിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ സാക്ഷ്യപത്രമായി മാടായിപ്പാറയുടെ മാറിലെ വിള്ളലുകള്‍ കുട്ടികളുടെ മനസ്സില്‍ ചോരവാര്‍ന്നു നിന്നു. പച്ചപ്പിന്റെ താഴ്വാരത്തില്‍ ചുമപ്പും മഞ്ഞയും നിറങ്ങള്‍ നിറച്ച് ചൈനക്ലേ സ്ഥലം അനൌചിത്യം പോലെ മുന്നില്‍ വൃത്തികേടുകള്‍ കാട്ടി നിന്നു. ചിലപ്പോള്‍ ഈ ജൈവ വൈവിധ്യക്കലവറയെ നാളെ നാമാവശേഷമാക്കുക ഈ കമ്പനിയായിരിക്കും.
ഈ യാത്രയില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സവിശേഷമായ ഒരു 'ഉപഹാരവും' ലഭിച്ചു. നായയുടെതെന്നു തോന്നിക്കുന്ന ഒരസ്ഥികൂടം. ശാസ്ത്ര കൌതുകം തുടിക്കുന്ന കണ്ണുകളുമായി ഞങ്ങള്‍ അതിനു ചുറ്റും കൂടി. ഒടുവില്‍ കൂടുതല്‍ പഠനത്തിനായി അത് സ്കൂളിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചു. മാടായിപ്പാറയുടെ അപൂര്‍വ്വ സമ്മാനമായി ആ അസ്ഥികൂടം സ്കൂള്‍ ലാബില്‍ ഇടംപിടിച്ചു.
വേനല്‍ ക്കാലത്തും ജല സമൃദ്ധിയോടെ നില്‍ക്കുന്ന വടുകുന്ദ തടാകത്തിലേക്കായിരുന്നു അടുത്ത യാത്ര. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ എന്നത് മറന്നു എല്ലാവരും വടുകുന്ദതടാകത്തിന്റെ ഓളങ്ങളില്‍ കാലിട്ടടിച്ച് രസിച്ചു. അപ്പോഴേക്കും സൂര്യന്‍ ദൂരെ എഴിമലക്ക് താഴേക്കു മറയാന്‍ തുടങ്ങിയിരുന്നു. മാടായിപ്പാറ പകര്‍ന്നു നല്‍കിയ പുത്തനറിവുകളുമായി കുട്ടികള്‍ മലമുകളിലെ ആ 'സൌന്ദര്യ തീരത്തോട് ' വിടപറഞ്ഞു.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് :അമ്പിളി. കെ.