 |
| ചലച്ചിത്രോത്സവം മധു കൈതപ്രം ഉദ്ഘാടനം ചെയ്യുന്നു. |
ചലച്ചിത്രത്തിന്റെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ തിരിച്ചറിവുണ്ടാക്കുന്നതിനായി പയ്യന്നൂര്‍ ഗവ. ഗേള്സ്് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തിയ ചലച്ചിത്രോത്സവം ശ്രദ്ധേയമായി. സിനിമയെന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ കേവലം ഒരു കച്ചവട ഉത്പന്നമായി മാത്രം കാണുന്ന ശീലത്തില്‍ നിന്നും മാറിനടക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന ചലച്ചിത്രോത്സവത്തിലെ ക്ലാസുകളും പ്രദര്‍ശിപ്പിച്ച സിനിമകളും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ ഉത്ഘാടനം പ്രശസ്ത സംവിധായകന് മധു കൈതപ്രം നിര്‍വഹിച്ചു. സ്കൂളുകളില്‍ വച്ചേ സിനിമയെ സൂക്ഷ്മമായി പഠിക്കുന്നതിന്റെ മെച്ചങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. മനുഷ്യന്റെ ഉള്ളിലെ നന്മയും കരുണയും വളര്‍ത്തകയും മറ്റേതൊരു കലാരൂപത്തെയും പോലെ നാളെയുടെ നന്മയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുക തന്നെയാണ് സിനിമയുടെയും ലക്ഷ്യം. നല്ല സിനിമകളെ പിന്തുണയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അങ്ങിനെ മാത്രമേ ദുഷിച്ചുനാറിയ ഒരു ചലച്ചിത്രസംസ്കാരത്തില്‍ നിന്നും പുറത്തുകടക്കാന്‍ നമുക്ക് കഴിയൂ എന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഉത്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി. ശ്യാമള അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ഭാസ്കരന് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു.
 |
| പി. ശ്യാമള (പ്രിന്‍സിപ്പാള്‍ ) |
 |
| ഭാസ്കരന് മാസ്റ്റര്‍ (ഹെഡ്മാസ്റ്റര് ) |
 |
| അഞ്ജലി എസ് ആര് |
ചൈനീസ് സിനിമയായ ഗെറ്റിംഗ് ഹോം, ചാര്‍ളി ചാപ്ലിന്റെ കിഡ്, സ്പാനിഷ് സിനിമയായ പാന്‍സ് ലാബരിന്ത്, കൊറിയന്‍ സിനിമ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്, പഥേര്‍ പാഞ്ചാലി, ബഷീര്‍ ദ മാന്‍, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നില്ലേ, സിനിമാ ടിക്കറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം ചലച്ചിത്രങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ എടുത്തുകാട്ടി എം. കെ. അജയകുമാര്‍ പരിചയപ്പെടുത്തി. ലൂമിയര്‍ സിനിമകള്‍, ഗ്രേറ്റ് ട്രെയിന്‍ റോബറി, ബര്‍ത്ത് ഓഫ് എ നാഷന്, ഫ്ളവേര്‍സ് ആന്‍ഡ് ട്രീസ് എന്നിവ ക്ലാസിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. കച്ചവട സിനിമകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകളെ സംബന്ധിച്ചും നല്ല സിനിമകള്‍ എങ്ങിനെ തിരിച്ചറിയാം എന്നതിനെ സംബന്ധിച്ചും ജിനേഷ് കുമാര്‍ എരമം ക്ലാസെടുത്തു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന പ്രവണത എന്നിവയ്ക്ക് കച്ചവടം മാത്രം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന സിനികള്‍ എങ്ങിനെ കാരണമാകുന്നു എന്ന് സോദാഹരണം അദ്ദേഹം വ്യക്തമാക്കി. കുട്ടികളുമായുള്ള സംവാദവും ഈ വിഷയത്തില്‍ കൂടുതല്‍ തെളിച്ചം നല്കി.
 |
| ജിനേഷ് കുമാര്‍ എരമം |
 |
| എം. കെ അജയകുമാര്‍ |
സിനിമയെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും ക്ലാസുകളും ഉപകാരപ്രദമായി എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. സ്കൂളിലെ മലയാളം അധ്യാപകന് പ്രേമചന്ദ്രന് മാസ്റ്ററുടെ നേതൃത്വത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.